BREAKING NEWSLATESTNATIONAL

അരിവിഹിതത്തെക്കുറിച്ച് ചോദിച്ച കര്‍ഷകനോട് മരിക്കുന്നതാണ് നല്ലതെന്ന് മന്ത്രി; പരാമര്‍ശം വിവാദത്തില്‍

ബെംഗളൂരു: പൊതുവിതരണ സംവിധാനത്തിലൂടെ നല്‍കുന്ന അരി വിഹിതം വെട്ടിക്കുറച്ചതിനെപ്പറ്റി ആരാഞ്ഞ കര്‍ഷകനോട് കര്‍ണാടക ഭക്ഷ്യമന്ത്രി ഉമേഷ് കാട്ടി കടുത്ത ഭാഷയില്‍ സംസാരിച്ചത് വിവാദമായി. സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നത് സംസ്ഥാനത്തെങ്ങും വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോവിഡ് കാലത്ത് രണ്ട് കിലോ അരി പൊതുവിതരണ സംവിധാനത്തിലൂടെ നല്‍കിയാല്‍ അത് എങ്ങനെ തികയും എന്ന് ചോദിച്ച കര്‍ഷകനോടാണ് മന്ത്രി കോപിച്ചത്. മൂന്ന് കിലോ റാഗിയും സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്ന് മന്ത്രി ആദ്യം പറഞ്ഞു. എന്നാല്‍ അത് ഉത്തര കര്‍ണാടകയില്‍ ലഭിക്കുന്നില്ലെന്ന് കര്‍ഷകന്‍ മറുപടി നല്‍കി. തുടര്‍ന്നാണ് മന്ത്രി അദ്ദേഹത്തോട് കയര്‍ത്തത്.
സംഭാഷണം ഇങ്ങനെ
കര്‍ഷകന്‍: സര്‍ ലോക്ക്ഡൗണ്‍ ആയതിനാല്‍ വരുമാനം ഒന്നുമില്ല. നിലവിലെ അരി വിഹിതം മതിയാകുമോ ?
മന്ത്രി: ലോക്ഡൗണ്‍ കാലത്ത് കേന്ദ്രം അഞ്ച് കിലോ വീതം അരിയോ ഗോതമ്പോ നല്‍കാറുണ്ട്. മെയ്, ജൂണ്‍ മാസങ്ങളില്‍ അത് ലഭിക്കും
കര്‍ഷകന്‍: ഞങ്ങള്‍ക്ക് എന്ന് കിട്ടും ?
മന്ത്രി: അടുത്തമാസം
കര്‍ഷകന്‍: അതുവരെ ഞങ്ങള്‍ പട്ടിണി കിടന്ന് മരിക്കണോ ?
മന്ത്രി: മരിക്കുന്നതാണ് നല്ലത്. വിതരണം നിര്‍ത്തിയത് അതിനുവേണ്ടിയാണ്. ദയവായി ഇനി വിളിക്കരുത്
മന്ത്രിയുടെ മറുപടി വിവാദമായതോടെ രൂക്ഷ വിമര്‍ശവുമായി പ്രതിപക്ഷം രംഗത്തെത്തി. മന്ത്രി ഉമേഷ് കാട്ടിയെ മന്ത്രിസഭയില്‍നിന്ന് മുഖ്യമന്ത്രി ഉടന്‍ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ പരാമര്‍ശത്തെ ന്യായീകരിച്ച് മന്ത്രി പിന്നീട് രംഗത്തെത്തി. തനിക്ക് മരിക്കണമെന്ന് ഒരാള്‍ പറയുമ്പോള്‍ താന്‍ എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു.

Related Articles

Back to top button