ഷിരൂര്‍: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും. ഡ്രഡ്ജര്‍ ഉപയോഗിച്ച് ഗംഗാവലി പുഴയിലെ മണ്ണ് നീക്കുന്നതിനൊപ്പം പ്രാദേശിക മുങ്ങല്‍ വിദഗ്ദന്‍ ഈശ്വര്‍ മല്‍പെയും തിരച്ചിലിനിറങ്ങും.
നാവികസേന അടയാളപ്പെടുത്തിയ സ്ഥലം കേന്ദ്രീകരിച്ചായിരിക്കും ഇന്നത്തെ പരിശോധന. ഡ്രഡ്ജര്‍ ആ ഭാഗത്ത് നങ്കൂരമിട്ട് ക്യാമറ ഉപയോഗിച്ച് അടിയിലെ ദൃശ്യം പകര്‍ത്തും. ഡ്രഡ്ജര്‍ കമ്പനിയുടെ ഡൈവര്‍മാരാണ് ജലത്തിനടിയില്‍ ഉപയോഗിക്കാവുന്ന ക്യാമറയുമായി മുങ്ങുക.
ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ കൂടുതല്‍ വേഗത്തിലാക്കണമെന്ന് അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടു.
അര്‍ജുന്റെ സഹോദരി അഞ്ജു ഇന്നും തെരച്ചില്‍ നടക്കുന്ന ഇടത്തേക്കെത്തും. ഇന്നലെ പുഴയിലിറങ്ങിയ ഈശ്വര്‍ മാല്‍പെ രണ്ടിടത്ത് വാഹനങ്ങളുടെ അവശിഷ്ടങ്ങള്‍ ഉണ്ടെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് രണ്ടിടത്തും പരിശോധന നടത്തിയെങ്കിലും മണ്ണിടിച്ചിലില്‍പ്പെട്ട ടാങ്കര്‍ ലോറിയുടെ ക്യാബിനും മുന്‍വശത്തെ ടയറുമാണ് കിട്ടിയത്.
85 Less than a minute