ബെംഗ്ലൂരു: അര്‍ജുന്റെ മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്ക് അയക്കുമെന്ന് ജില്ലാ കളക്ടറുടെ സ്ഥിരീകരണം. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഡിഎന്‍ എ പരിശോധനയുടെ ഫലം വന്നതിന് ശേഷം അര്‍ജുന്റേതെങ്കില്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. 2 ദിവസത്തിനുളളില്‍ ഇതുണ്ടാകുമെന്നും കളക്ടര്‍ ലക്ഷ്മി പ്രിയ അറിയിച്ചു.
ലോറിയില്‍ നിന്നും കണ്ടെത്തിയ മൃതദേഹം അര്‍ജുന്റേതെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്നും ഉടന്‍ ഇതിനായി മൃതദേഹം അയക്കുമെന്നും കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്‌ലും വ്യക്തമാക്കി. പരിശോധനാ ഫലം ലഭിച്ച ശേഷമാകും ഔദ്യോഗിക സ്ഥിരീകരണമെന്നും എംഎല്‍എ അറിയിച്ചു.
ഷിരൂരില്‍ മണ്ണിടിച്ചില്‍ കാണാതായി ഇനിയും കണ്ടെത്തിയിട്ടില്ലാത്ത 2 പേര്‍ക്കായി തിരച്ചില്‍ തുടരുമെന്ന് കാര്‍വാര്‍ എംഎല്‍എയും സ്ഥിരീകരിച്ചു. കര്‍ണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥന്‍ എന്നിവര്‍ക്കായാണ് നാളെയും തിരിച്ചില്‍ തുടരുക. ദൌത്യത്തിന് ഒപ്പം നിന്ന മാധ്യമങ്ങള്‍ക്കും എംഎല്‍എ നന്ദി പറഞ്ഞു.
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ മൃതദേഹം ഗംഗാവലിപ്പുഴയില്‍ നിന്നാണ് കണ്ടെത്തിയത്. ലോറിയുടെ ക്യാബിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. പുഴയില്‍ നിന്ന് അര്‍ജ്ജുന്റെ ലോറിയും പുറത്തെടുത്തു. അര്‍ജ്ജുനെ കാണാതായി എഴുപത്തിരണ്ടാം ദിവസമാണ് മൃതദേഹവും ലോറിയും കണ്ടെത്തുന്നത്. പുഴയില്‍ 12 മീറ്റര്‍ ആഴത്തില്‍ കണ്ടെത്തിയ ലോറി ഉച്ചയ്ക്ക് മൂന്നു മണിയോടൊയാണ് പുഴയില്‍ നിന്ന് പുറത്തെടുത്തത്.
59 Less than a minute