BREAKINGKERALA
Trending

അര്‍ജുന്റെ ലോറി പുറത്തെടുക്കാന്‍ നാവികസേനയിറങ്ങി; കനത്ത മഴയും കാറ്റും, തെരച്ചില്‍ നടത്താനാകാതെ മടങ്ങി

ബെംഗ്‌ളൂരു : കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലി നദിയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ നാവിക സേനയുടെ സംഘം സ്ഥലത്തേക്ക് തിരിച്ചെങ്കിലും കനത്ത മഴയെ തുടര്‍ന്ന് പിന്‍വാങ്ങി. അതിശക്തമായ മഴയെ അവഗണിച്ച് സംഘം നദിയിലേക്ക് പോയെങ്കിലും തെരച്ചില്‍ നടത്താന്‍ കഴിയാതെ വന്നതോടെ മടങ്ങുകയായിരുന്നു. 3 ബോട്ടുകളിലായി 18 പേരാണ് നാവിക സേനയുടെ സ്‌പെഷ്യല്‍ സംഘത്തിലുളളത്. കരയില്‍ നിന്നും 40 മീറ്റര്‍ അകലെയാണ് 15 മീറ്റര്‍ താഴ്ചയിലാണ് ട്രക്ക് കണ്ടെത്തിയത്. ഈ ഭാഗത്തുളള മണ്ണ് മാറ്റല്‍ മറ്റൊരു സംഘം നടത്തുന്നുണ്ടായിരുന്നു. എന്നാല്‍ മഴ ശക്തമായതിനാല്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായേക്കുമോ എന്ന ഭീതിയില്‍ ഇന്നത്തെ തെരച്ചില്‍ നിര്‍ത്തിവെച്ചു.
ശാസ്ത്രീയമായ പരിശോധനയിലൂടെ ട്രക്ക് കണ്ടെത്തിയതിന് ശേഷമാണ് നാവിക സേനയുടെ സ്‌കൂബാ ഡൈവേഴ്‌സ് അടങ്ങുന്ന വലിയ സംഘം നദിയിലേക്ക് പോയത്. എത്ര മണിക്കൂറെടുത്താകും ട്രക്ക് പുറത്തേക്ക് എത്തിക്കുകയെന്നതിലൊന്നും ഇപ്പോള്‍ വ്യക്തതയില്ല. കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ രക്ഷാ പ്രവര്‍ത്തനം വളരെ ദുഷ്‌കക്കരമാണ്. എത്രത്തോളം മണ്ണ് നദിയില്‍ ട്രക്കിന് മുകളിലുണ്ടെന്നതിലും വ്യക്തതയില്ല. ഈ ഭാഗത്തെ മണ്ണ് മുഴുവന്‍ മാറ്റിയാല്‍ മാത്രമേ ലോറി പുറത്തെടുക്കാന്‍ കഴിയുകയുളളു. ശാസ്ത്രീയമായ തിരച്ചിനൊടുവിലാണ് ട്രക്കിന്റെ സാന്നിധ്യം നദിയില്‍ കണ്ടെത്തിയത്. കര-നാവിക സേനകളും എന്‍ഡിആര്‍എഫ്, അഗ്‌നിരക്ഷാസേന, പൊലീസ് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.
എപ്പേള്‍ വേണമെങ്കിലും ഇടിഞ്ഞ് വീഴാകുന്ന രീതിയിലുളള മണ്ണുളള വലിയ മലകളുളള പ്രദേശത്താണ് ഷിരൂരില്‍ അപകടം നടന്നത്. മലകളുടെ സമീപത്ത് കൂടിയാണ് ഈ നാല് വരി ദേശീയ പാത കടന്നുപോകുന്നത്. റോഡിന് സമീപത്ത് കൂടിയാണ് ഗം?ഗാവലി നദി ഒഴുകുന്നത്. ഈ നദിയിലേക്കാണ് മലയിടിഞ്ഞ് റോഡും വാഹനങ്ങളുമടക്കം പതിച്ചത്. ഇതിനുളളിലാണ് അര്‍ജുനും ട്രക്കും പെട്ടുപോയതെന്നാണ് സ്ഥിരീകരണം. കരയില്‍ റോഡില്‍ വീണ മണ്ണിനടിയിലാകും ട്രക്ക് ഉണ്ടാകുകയെന്ന സംശയത്തെ തുടര്‍ന്ന് ആദ്യ ദിവസങ്ങളില്‍ കരയില്‍ വലിയ തോതില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇല്ലെന്നുറപ്പിച്ച ശേഷമാണ് തിരച്ചില്‍ നദിയിലേക്ക് മാറ്റിയത്.

Related Articles

Back to top button