മംഗളുരു: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലില്‍ നിര്‍ണായക തെളിവ് ലഭിച്ചെന്ന് രക്ഷാ ദൗത്യം ഏകോപിക്കുന്ന ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ വ്യക്തമാക്കി. ഇന്നത്തെ തെരച്ചിലില്‍ കയറടക്കം കണ്ടെത്തിയതിനാല്‍ അര്‍ജുന്റെ ലോറി പുഴക്കടിയില്‍ തന്നെ ഉണ്ടെന്ന് ഉറപ്പായെന്നും അവര്‍ വിവരിച്ചു. ലോറി പുഴക്ക് അടിയില്‍ ഉണ്ടെന്നതിന്റെ തെളിവാണ് ലഭിച്ചതെന്നും കളക്ടര്‍ പറഞ്ഞു.
ഈ കയര്‍ ലഭിച്ച സ്ഥലം അടിസ്ഥാനമാക്കിയായിരിക്കും ഇനിയുള്ള പരിശോധന. ഡ്രഡ്ജര്‍ എത്തുന്നത് വരെ ഡൈവര്‍മാര്‍ തെരച്ചില്‍ നടത്തുമെന്നും ഡ്രഡ്ജര്‍ എത്തിയശേഷം തെരച്ചില്‍ ഏതുതരത്തില്‍ വേണമെന്ന് തീരുമാനമെടുക്കുമെന്നും കളക്ടര്‍ വിവരിച്ചു. ഡ്രഡ്ജിംങ്ങും മുങ്ങിയുള്ള പരിശോധനയും ഒരുമിച്ച് നടത്താനാവില്ലെന്നും ഇത് പരിശോധിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം അര്‍ജുന് വേണ്ടിയുള്ള ഇന്നത്തെ തെരച്ചിലില്‍ പ്രതീക്ഷയുണ്ടെന്ന് സഹോദരി അഞ്ജു പ്രതികരിച്ചു. ഇനി കാര്യക്ഷമമായ തെരച്ചില്‍ നടത്തണമെന്നും ജില്ലാ ഭരണകൂടം പറയുന്ന കാര്യങ്ങളല്ല പലപ്പോഴും നടക്കുന്നതെന്നും അതില്‍ വിഷമമുണ്ടെന്നും അഞ്ജു പറഞ്ഞു.
അതേസമയം നാവിക സേന ഇന്നത്തെ തെരച്ചില്‍ നിര്‍ത്തി. സാധനങ്ങള്‍ കണ്ടെത്തിയ സ്ഥലം അടയാളപ്പെടുത്തി തെരച്ചിലിനിറങ്ങിയ മല്‍പെ സംഘം തിരിച്ചുകയറി. നാളെ അവധിയായിരിക്കുമെന്നും വെള്ളിയാഴ്ച തെരച്ചില്‍ വീണ്ടും തുടങ്ങുമെന്നും ദൗത്യസംഘം വ്യക്തമാക്കി. മഴ ഇല്ലാത്തത് അനുകൂലമാണെന്ന് സതീഷ് സൈല്‍ എംഎല്‍എ അറിയിച്ചു. കയര്‍ അര്‍ജുന്റെ ലോറിയുടെതെന്ന് സ്ഥിരീകരിക്കാനായത് ഗുണമാണെന്നും എം എല്‍ എ വിവരിച്ചു.
അതിനിടെ ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചിലിനായി ഡ്രഡ്ജര്‍ എത്തിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഗോവയില്‍ നിന്ന് തിങ്കളാഴ്ചയോടെ ഡ്രഡ്ജര്‍ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഡ്രഡ്ജര്‍ എത്തിക്കുന്നതിനായി 50 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. 22 ലക്ഷം രൂപയാണ് ട്രാന്‍സ്‌പോര്‍ട്ടേഷന് മാത്രമായി ചെലവ് വരുന്നത്. ജലമാര്‍ഗത്തിലായിരിക്കും ഡ്രഡ്ജര്‍ എത്തിക്കുകയെന്നും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചു.
48 1 minute read