KERALABREAKINGNEWS

അര്‍ജുന്‍ ദൗത്യം ഇന്ന് വീണ്ടും തുടങ്ങും; ലോറി കണ്ടെത്താൻ സോണാർ പരിശോധന

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ ലോറി ഡ്രൈവർ അർജുൻ ഉൾപ്പെടെയുള്ളവർക്കായി ഗംഗാവലി പുഴയിൽ നാവികസേനയുടെ പരിശോധന ഇന്ന് തുടങ്ങും. ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താൻ സോണാർ പരിശോധന നടത്തും. നേരത്തെ മാർക്ക് ചെയ്ത രണ്ട് സ്ഥലങ്ങൾ കേന്ദ്രീകരിച്ചാകും പരിശോധന. രാവിലെ ഒൻപതോടെ കാർവാറിൽ നിന്നുള്ള നാവികസേന അംഗങ്ങൾ ഷിരൂരിൽ എത്തും.

ഗംഗാവലി പുഴയുടെ ഒഴുക്കിൻ്റെ വേഗത അറിയാനുള്ള പരിശോധനയും നടത്തും. ഇതിന് ശേഷമായിരിക്കും നാവിക സേനയുടെ മുങ്ങൽ വിദഗ്ധർ പുഴയിൽ മുങ്ങിയുള്ള പരിശോധന നടത്തണോ എന്നുള്ള കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

ദൗത്യം പുനരാരംഭിക്കാൻ വൈകുന്നതിൽ അര്‍ജുന്‍റെ കുടുംബം ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തെരച്ചില്‍ ആരംഭിച്ചില്ലെങ്കില്‍ ഷിരൂരില്‍ കുടുംബം ഒന്നടങ്കം പ്രതിഷേധിക്കുമെന്നാണ് അര്‍ജുന്‍റെ സഹോദരിയുടെ ഭര്‍ത്താവ് ജിതിൻ നേരത്തെ പ്രതികരിച്ചത്.

തെരച്ചില്‍ ആരംഭിക്കാൻ കേരള സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കിയതിനിടെയാണ് നാവിക സേനയുടെ പരിശോധന. നിലവില്‍ കര്‍ണാടക സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും കേരള സര്‍ക്കാര്‍ സമ്മര്‍ദം തുടരുന്നുണ്ടെന്നുമാണ് മന്ത്രി എകെ ശശീന്ദ്രൻ വൈകിട്ട് പ്രതികരിച്ചത്. തെരച്ചില്‍ തുടരുമെന്ന് കര്‍ണാടക ഉറപ്പ് നല്‍കിയിട്ടുണ്ട്. അർജുന്‍റെ കുടുംബത്തിന്‍റെ ആശങ്ക കർണാടക മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞിരുന്നു.

Related Articles

Back to top button