KERALABREAKING NEWSLATEST

അര്‍ജുന്‍ ആയങ്കിയുടേതെന്ന് സംശയിക്കുന്ന കാര്‍ കണ്ടെത്തി

രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടേത് എന്ന് സംശയിക്കുന്ന കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പരിയാരം ആയുര്‍വേദ കോളജിന് സമീപമാണ് കാര്‍ കണ്ടെത്തിയത്. നമ്പര്‍ പ്ലേറ്റ് ഇളക്കിമാറ്റിയ നിലയില്‍ കണ്ടെത്തിയ സ്വിഫ്റ്റ് കാര്‍ പരിയാരം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം അഴീക്കലില്‍ നിന്നും അര്‍ജുന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ചുവന്ന സ്വിഫ്റ്റ് കാര്‍ കണ്ടെത്തിയെങ്കിലും പൊലീസ് എത്തുന്നതിന് മുന്‍പ് കാര്‍ മാറ്റുകയായിരുന്നു. ഇതേ വാഹനമാണ് ഇപ്പോള്‍ കണ്ടെത്തിയത് എന്നാണ് സംശയിക്കുന്നത്. അതേസമയം കാര്‍ അര്‍ജുന്റേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

അര്‍ജുന്‍ ഉപയോഗിച്ച കാറിന്റെ ഉടമസ്ഥാവകാശം തന്റേതെന്ന് കാട്ടി ഡിവൈഎഫ്‌ഐ ചെമ്പിലോട് മുന്‍ മേഖലാ സെക്രട്ടറി സി.സജേഷ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അര്‍ജുന് കാര്‍ ഉപയോഗിക്കാന്‍ നല്‍കിയെന്നും ഒരാഴ്ചയായിട്ടും തിരികെ കിട്ടിയില്ലെന്നുമായിരുന്നു പരാതി. ഇതോടെയാണ് സജേഷിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോ എന്ന നിലയിലേക്ക് അന്വേഷണം എത്തുന്നത്. ഇതോടെ സജേഷിനെ ഡിവൈഎഫ്‌ഐ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ 24ാം തിയതിയാണ് ചുവന്ന സ്വിഫ്റ്റ് കാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കവര്‍ച്ചാ ശ്രമവുമായി ബന്ധപ്പെട്ട് കെഎല്‍ 13 എആര്‍ 7789 ചുവന്ന സ്വിഫ്റ്റ് കാര്‍ എത്തിയിരുന്നെന്ന് വിവരമുണ്ടായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker