BREAKINGKERALA
Trending

അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം, ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ടേക്കും; സംസ്ഥാനത്ത് മഴ ശക്തം

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ആറ് ജില്ലയില്‍ മഴ മുന്നറിയിപ്പുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട്,കണ്ണൂര്‍, ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. മധ്യ അറബികടലില്‍ തീവ്ര ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇതില്‍ നിന്നുള്ള ന്യൂനമര്‍ദപാത്തി തെക്കന്‍ കേരളത്തിന് കുറുകെയായി നിലനില്‍ക്കുന്നുണ്ട്. മധ്യ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദവും രൂപപ്പെട്ടേക്കും. ഇതിന്റെയെല്ലാം സ്വാധീനഫലമായി ഈ ദിവസങ്ങളില്‍ കേരളത്തില്‍ മഴ കനക്കാനാണ് സാധ്യത.
അടുത്ത 4 ദിവസത്തിനുള്ളില്‍ രാജ്യത്ത് നിന്ന് കാലവര്‍ഷം പൂര്‍ണ്ണമായും വിടവാങ്ങാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. അതേ ദിവസങ്ങളില്‍ തന്നെ തെക്കേ ഇന്ത്യയില്‍ തുലാവര്‍ഷം ആരംഭിക്കാനാണ് സാധ്യത.
മഴ ശക്തമാകുന്ന സാഹചര്യത്തില്‍ കേരളാ തീരത്ത് മല്‍സ്യബന്ധത്തിന് വിലക്ക് ഉണ്ട്. ഉയര്‍ന്ന തിരമാലകള്‍ക്കും, കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് മല്‍സ്യബന്ധത്തിന് വിലക്കേര്‍പ്പെടുത്തിയത്.

ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം

15 ന് രാവിലെ 5.30 മുതല്‍ 16 ന് രാത്രി 11.30 വരെ മാഹി തീരത്ത് 0.6 മുതല്‍ 1.0 മീറ്റര്‍ വരെയും തെക്കന്‍ തമിഴ് നാട് തീരത്ത് (കന്യാകുമാരി തീരം) 1.2 മുതല്‍ 1.5 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.
ജാഗ്രത നിര്‍ദേശങ്ങള്‍

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

Related Articles

Back to top button