AGRICULTURE

അറിയുമോ മുയലുകള്‍ക്കെന്തിനാണ് വലിയ ചെവി?

ചെറിയ വാലും വലിയ ചെവിയുമുള്ള ഓമനത്തമുള്ള ജീവിയാണ് മുയല്‍. മണ്ണില്‍ കുഴിയുണ്ടാക്കി അവയില്‍ ജീവിക്കുന്ന മുയലുകള്‍ മനുഷ്യനുമായി പെട്ടെന്ന് ഇണങ്ങാത്തവയാണ്. എങ്കിലും ഇവയെ വളര്‍ത്തുന്നവര്‍ കുറവല്ല. ഒരു കൂട്ടില്‍ ഒരു കുടുംബം എന്ന നിലയ്ക്കാണ് മുയലുകള്‍ താമസിക്കുന്നത്.

നോര്‍ത്ത് അമേരിക്കയില്‍ നടത്തിയ ചില ഉല്‍ഖനനങ്ങളില്‍ നിന്ന് പൗരാണിക മുയലിന്റെ അസ്ഥിപജ്ഞരം കണ്ടെടുത്തിട്ടുണ്ട്. അതുപ്രകാരം ഭൂമിയില്‍ ആദ്യമായി മുയലുകള്‍ ഉണ്ടായത് നോര്‍ത്ത് അമേരിക്കയിലാണെന്ന് വിശ്വസിക്കുന്നുവെങ്കിലും, ഇന്ന് ഭൂമിയില്‍ മിക്കയിടത്തും മുയലുകളുണ്ട്. ശരീരത്തെ അപേക്ഷിച്ച് വലിപ്പമേറിയ ചെവികളാണ് ഒരു മുയലിന്റെ ഏറ്റവും വലിയ ആകര്‍ഷണത്വം.

പൊതുവെ, ദുര്‍ബലനായ മുയലിന് മനുഷ്യനടക്കം ധാരാളം ശത്രുക്കളുണ്ട്. അതുകൊണ്ടുതന്നെ പ്രകൃതി ഈ ജീവിക്ക് ചില പ്രത്യേകതകള്‍ കല്‍പിച്ചുനല്‍കിയതായി കാണാം. അതിലൊന്നാണ് ചെവികള്‍. ഏറ്റവും ചെറിയ ശബ്ദം പോലും പിടിച്ചെടുക്കാന്‍ കഴിയുന്ന പ്രത്യേകത ഈ ചെവിക്കുണ്ട്. അന്തരീക്ഷത്തിലുള്ള ശബ്ദത്തിന്റെ വലിയൊരു ശതമാനം ഈ ചെവികള്‍ പിടിച്ചെടുക്കുന്നു.

അങ്ങനെ പിടിച്ചെടുക്കുന്ന ശബ്ദവീചികള്‍ അകച്ചെവിയിലേക്ക് കൊടുക്കുകയാണ് ചെയ്യുന്നത്. ഇത് ശത്രുക്കളുടെ സാന്നിധ്യത്തെ മനസ്സിലാക്കാനും വേഗത്തില്‍തന്നെ സുരക്ഷിതമായ ഇടം കണ്ടെത്താനും മുയലുകളെ സഹായിക്കുന്നു.
വിശ്രമാവസ്ഥയിലുള്ള ഒരു മുയലിനെ ശ്രദ്ധിച്ചാല്‍ രസകരമായ ഒരു കാഴ്ച കാണാം. തന്റെ മുന്‍കാലുകള്‍ ഉപയോഗിച്ച് ചെവി വൃത്തിയാക്കുന്നതാണത്. ചെവിയുടെ ഉപരിതലത്തില്‍ തുടച്ച് സദാ ജാഗരൂകനാവുന്ന മുയലിനെ എത്ര നോക്കി നിന്നാലും കൗതുകം തീരില്ല. ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരു മുയല്‍ ചെവികള്‍ വൃത്തിയാക്കുക മാത്രമല്ല, മറിച്ച് വായയിലുള്ള ഒരുതരം പ്രത്യേക ഓയില്‍ ചെവിയില്‍ പുരട്ടുക കൂടിയാണ്.

ഈ ഓയില്‍ വിറ്റാമിന്‍ ഡി അടങ്ങിയിട്ടുള്ളതാണ്. ഒരു മുയലിന്റെ എല്ലുകളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായതാണ് വിറ്റാമിന്‍ ഡി. ഒരു മുയല്‍ ഇങ്ങനെ ചെയ്തില്ലെങ്കില്‍ അപക്വമായ എല്ലുകളാലെ അവ വികലാംഗനായി തീരുമെന്നാണ് പറയുന്നത്.

മുയലുകളില്‍ രണ്ടുതരത്തില്‍ പെട്ടവയുണ്ട്. അതിലൊന്ന് വളര്‍ത്തു മുയലുകളും മറ്റൊന്ന് കാട്ടുമുയലുകളുമാണ്. കാട്ടുമുയലുകള്‍ മിക്ക സമയവും മാളത്തിനുള്ളിലായിരിക്കും. സൂര്യോദയ സമയത്തോ, അസ്തമയ സമയത്തോ ആണ് ഇവ ഇര തേടാന്‍ ഇറങ്ങുക. മുയലുകള്‍ക്ക് ശ്രവണശേഷി മാത്രമല്ല, ഘ്രാണശേഷിയും കൂടുതലുണ്ട്. കാലുകളുടെ വലിപ്പമാണ് മുയലുകളുടെ വേഗതയ്ക്ക് നിദാനം.

ശത്രുക്കളുടെ മുന്നില്‍ പെട്ടെന്നു തോന്നിയാല്‍ പെട്ടെന്ന് രക്ഷപ്പെടാന്‍ മുയലുകളെ സഹായിക്കുന്നത് ഈ വേഗതയാണ്. ചാട്ടത്തിലും വൈദഗ്ധ്യമുള്ളവയാണല്ലോ മുയല്‍. ഒരു മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ ഒരു മുയലിന് ഓടാന്‍ കഴിയും. പുല്ലാണ് മുഖ്യ ഭക്ഷണമെങ്കിലും ഇവ പച്ചക്കറികളും തിന്നും.
സന്താനലബ്ധിയില്‍ മുന്‍പന്തിയിലാണ് മുയലുകള്‍. ഒരു പ്രസവത്തില്‍ കുട്ടികള്‍ ധാരാളമുണ്ടാവും.

ദിനേന ശത്രുക്കള്‍ എണ്ണം കുറയ്ക്കുന്നുണ്ടെങ്കിലും, അതിനെ മറികടക്കുന്നത് പ്രസവത്തിലൂടെയാണ്. ഒരു പ്രസവത്തില്‍ 10 മുതല്‍ 12 വരെ കുട്ടികള്‍ മുയലിനുണ്ടാവും. കുറുക്കന്‍, നായ, പൂച്ച, ചെന്നായ്ക്കള്‍ തുടങ്ങിയ ജീവികള്‍ മുയലുകളുടെ ശത്രുക്കളായി ഉണ്ടെങ്കിലും മനുഷ്യരാണ് മുയലുകളെ ഇറച്ചിക്കും, തോലിനും വേണ്ടി വേട്ടയാടുന്നത്. മിക്ക രാജ്യങ്ങളും മുയലുകളെ വേട്ടയാടുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button