തിരുവനന്തപുരം: ലോകായുക്ത ഭേദഗതി വിഷയത്തില്‍ ബിജെപിയും യുഡിഎഫും അഴിമതി വിരുദ്ധ വാചകമടി മത്സരം നടത്തുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഭരണമെന്നാല്‍ അഴിമതിയുടെ ചക്കരക്കുടമെന്നാണ് രണ്ട് കൂട്ടരും കരുതുന്നത്. അത്തരക്കാരാണ് ഇപ്പോള്‍ ലോകായുക്ത ഭേദഗതിക്കെതിരേ രംഗത്ത് വരുന്നതെന്നും കോടിയേരി പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു.
ലോകായുക്ത ഓര്‍ഡിനന്‍സ് ബില്ലായി നിയമസഭയില്‍ എത്തുമ്പോള്‍ ചര്‍ച്ചയാകാം. പ്രതിപക്ഷത്തിനും കാനം രാജേന്ദ്രനും മറുപടിയായാണ് കോടിയേരിയുടെ ലേഖനം. നായനാരുടെ കാലത്തെ ഇന്ത്യയല്ല ഇപ്പോള്‍. സംസ്ഥാനഭരണം കേന്ദ്രം അസ്ഥിരപ്പെടുത്താം.
ഈ ഭരണത്തിന്റെ മുഖമുദ്ര അഴിമതി വിരുദ്ധതയാണ്. ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് തോന്നുമ്പോള്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളര്‍ക്കെതിരെ നടപടി എടുക്കാന്‍ പിണറായി സര്‍ക്കാര്‍ ധീരത കാട്ടുന്നുണ്ട്. അതെല്ലാം ചെയ്യുന്നത് അര്‍ധ ജുഡീഷ്യല്‍ സംവിധാനങ്ങളുടെയോ കോടതികളുടെയോ ശുപാര്‍ശകളില്ലാതെ തന്നെയാണെന്നും കോടിയേരി പറഞ്ഞു.
ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് യുഡിഎഫ് ആവശ്യപ്പെടുമ്പോള്‍ ബിജെപിയും ഇക്കാര്യത്തില്‍ ഗവര്‍ണറുടെമേല്‍ സമ്മര്‍ദം ചെലുത്തുകയാണ്. നിലവിലുള്ള നിയമം മാതൃകാപരമാണെങ്കില്‍ എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഭരണമുള്ള സംസ്ഥാനങ്ങളില്‍ ഇത് നടപ്പാക്കാന്‍ രാഹുല്‍ ഗാന്ധിയോടും കോണ്‍ഗ്രസ് നേതൃത്വത്തോടും ഇവിടത്തെ കോണ്‍ഗ്രസും യുഡിഎഫും ആവശ്യപ്പെടാത്തതെന്ന് കോടിയേരി ചോദിച്ചു. അതുപോലെ ഈ നിയമം ബിജെപി ഭരണമുള്ള ഇടങ്ങളില്‍ നടപ്പിലാക്കാന്‍ നേതൃത്വത്തോട് ഇവിടത്തെ ബിജെപി നേതാക്കള്‍ ആവശ്യപ്പെടുന്നില്ല. കേരളത്തിന് സമാനമായി ലോകായുക്ത നിയമഭേദഗതി കോണ്‍ഗ്രസ് ഭരണമുള്ള പഞ്ചാബില്‍ നടത്തിയത് വി ഡി സതീശനും കൂട്ടരും മറക്കുകയാണോ എന്നും കോടിയേരി ചോദിച്ചു.
അഴിമതിക്കെതിരേ നടപടി സ്വീകരിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് അര്‍ധ ജുഡീഷ്യല്‍ സംവിധാനത്തിന്റെ ആവശ്യമില്ല. അതിനുള്ള ധീരത പിണറായി സര്‍ക്കാരിനുണ്ട്. എല്‍.ഡി.എഫ് ജനപ്രതിനിധികള്‍ക്കെതിരേ ഉയരുന്ന ആക്ഷേപങ്ങളില്‍ പ്രത്യക്ഷത്തില്‍ കഴമ്പുണ്ടെന്ന് തോന്നിയാല്‍ അതിന്മേല് ഇടപെടാനുള്ള സംവിധാനം മുന്‍പേയുണ്ട്. നടപടിയെടുത്തിട്ടുമുണ്ട്. ഇതൊന്നും അര്‍ധ ജുഡീഷ്യല്‍ സംവിധാനത്തിന്റേയും കോടതിയുടേയോ നിര്‍ദേശത്തിന്റെ ഭാഗമായിട്ടല്ലെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
ലോകായുക്തയുടെ പരിഗണനയ്ക്ക് വരുന്ന വിഷയങ്ങള്‍ വിപുലമാണ്. അതിന് കുറവ് വരുത്തുന്ന ഒന്നും ചെയ്യുന്നില്ല. നീതിന്യായ സംവിധാനത്തിന്റെ വിലയിടിക്കുന്ന നടപടികളാണ് ബി.ജെ.പിയുടേയും കോണ്‍ഗ്രസിന്റേയും ഭരണങ്ങള്‍ സ്വീകരിക്കുന്നത്. അത്തരം നീതികേടൊന്നും എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്യില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.