BREAKING NEWSKERALA

അഴിമതി കൂടുന്നു; സഹകരണ സംഘങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ നിയമഭേദഗതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിനെ ഏറെ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് കൃത്യമായ ഇടവേളകളില്‍ ഉയര്‍ന്നു വരുന്ന സഹകരണ സ്ഥാപനങ്ങളിലെ അഴിമതികള്‍. കോടികളുടെ അഴിമതി നടന്ന സഹകരണ സംഘങ്ങളില്‍ ബഹുഭൂരിപക്ഷവും വര്‍ഷങ്ങളായി കൈയാളുന്നത് സിപിഎം തന്നെയാണ്. കേരളത്തിലെ സിപിഎമ്മിന്റെ വളര്‍ച്ചയുടേയും നിലനില്‍പ്പിന്റെയും ജീവനാഡിയാണ് സഹകരണ സംഘങ്ങള്‍ എന്നുള്ളത് തര്‍ക്കമറ്റ വിഷയമാണ്. കേന്ദ്രസര്‍ക്കാരും കേരള ബിജെപിയും സഹകരണ സ്ഥാപനങ്ങള്‍ക്കെതിരെ വാളോന്നുന്നുവെന്ന് ആശങ്കപ്പെട്ട് പ്രതിരോധം തീര്‍ക്കാന്‍ സിപിഎം നിര്‍ബന്ധിതമായതും ഇതിനാലാണ്. എന്നാല്‍, കേരളത്തിലെ ഇടതു ഭരണത്തിന്‍കീഴിലുള്ള സഹകരണ സംഘങ്ങളിലെ അഴിമതികള്‍ സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും പ്രതിച്ഛായ നഷ്ടത്തിന് കാരണമായെന്ന വിലയിരുത്തലിലേക്ക് പാര്‍ട്ടി ഒടുവില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.
നിയമഭേദഗതിയിലൂടെ സഹകരണ സ്ഥാപനങ്ങളിലെ അഴിമതി തടയാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് പുറത്തു വരുന്ന സൂചനകള്‍. ഭൂരിപക്ഷം സഹകരണ സംഘങ്ങളിലും വര്‍ഷങ്ങളോളം ഏതാനും ചില വ്യക്തികള്‍ മാത്രമാണ് അധികാരം കൈയാളുന്നത്. കുത്തക ഭരണം പോലുള്ള ഇത്തരം രീതിക്ക് വിലങ്ങുതടി ഇടാനാണ് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടേയും തീരുമാനം. സഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതി അംഗത്വം ഒരാള്‍ക്ക് തുടര്‍ച്ചയായി 2 തവണയായി പരിമിതപ്പെടുത്തുന്നതാണ് തീരുമാനങ്ങളില്‍ പ്രധാനപ്പെട്ടത്. സ്ത്രീകള്‍ക്കായി പ്രത്യേകം സംവരണം കൊണ്ടുവരാനും ആലോചിക്കുന്നുണ്ട്.
സഹകരണ സ്ഥാപനങ്ങളിലേക്കുള്ള ജീവനക്കാരുടെ നിയമനത്തിന് പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധിതമാക്കുന്നതും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. പാര്‍ട്ട് ടൈം സ്വീപ്പര്‍ ഒഴികെയുള്ള തസ്തികകളിലേക്കുള്ള പരീക്ഷാ നടത്തിപ്പു ചുമതല സഹകരണ പരീക്ഷാ ബോര്‍ഡിനു നല്‍കാനും ആലോചിക്കുന്നുണ്ട്. അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരെക്കുറിച്ച് ഓഡിറ്റര്‍മാര്‍ക്കും സ്ഥാപന മേധാവികള്‍ക്കും പോലീസിനും വിജിലന്‍സിനും പരാതിപ്പെടാനുള്ള വ്യവസ്ഥ പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തും. ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ കാരണക്കാരനായ ജീവനക്കാരനില്‍ നിന്ന് തുക തിരിച്ചു പിടിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker