തിരുവനന്തപുരം: അവധി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി എഡിജിപി അജിത്കുമാര്‍. മലപ്പുറത്തെ കൂട്ടസ്ഥലംമാറ്റത്തിന് പിന്നാലെയാണ് എഡിജിപിയുടെ നീക്കം. ഈ മാസം 14 മുതല്‍ നാല് ദിവസത്തേക്കാണ് അജിത് കുമാറിന് അവധി അനുവദിച്ചിരുന്നത്. പി.വി.അന്‍വര്‍ ആരോപണം ഉന്നയിച്ച മലപ്പുറം എസ്പി ഉള്‍പ്പെടെ മലപ്പുറത്തെ എല്ലാ ഉദ്യോഗസ്ഥരെ ഇന്നലെ രാത്രി സ്ഥലം മാറ്റിയിരുന്നു.
അതേ സമയം, പൊലീസില്‍ ഉന്നത തലത്തില്‍ വീണ്ടും മാറ്റം വരുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇന്നലെ പുറത്തിറങ്ങിയിരുന്നു. സിഎച്ച് നാഗരാജുവിനെ ഗതഗത കമ്മീഷണറായും ദക്ഷിണ മേഖലെ ഐജിയായി ശ്യാം സുന്ദറിനേയും നിയമിച്ചു. നിലവില്‍ കൊച്ചി കമ്മീഷണര്‍ ആണ് ശ്യാം സുന്ദര്‍. എ അക്ബര്‍ ക്രൈം ബ്രാഞ്ച് ഐജിയായി തുടരും. പിവി അന്‍വര്‍ എംഎല്‍എ ആരോപണം ഉന്നയിച്ച എല്ലാ ഉദ്യോഗസഥര്‍ക്കും മാറ്റം നല്‍കിയെങ്കിലും എഡിജിപി അജിത് കുമാറിന് മാത്രം മാറ്റമില്ല.
അതിനിടെ, മലപ്പുറം പൊലീസിലും അഴിച്ച് പണി നടത്തിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. മലപ്പുറം എസ്പി എസ് ശശിധരനെ സ്ഥലംമാറ്റി. മലപ്പുറത്തെ ഡിവൈഎസ്പിമാരെയും മാറ്റി. താനൂര്‍ ഡിവൈഎസ്പി ബെന്നിയെ കോഴിക്കോട് റൂറര്‍ ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ബെന്നി.
മലപ്പുറത്തെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെ എല്ലാം സബ് ഡിവിഷനിലെ ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്. മലപ്പുറം പൊലീസിനെ കുറിച്ച് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. പൊലീസ് ആസ്ഥാന എഐജി വിശ്വനാഥ് മലപ്പുറം എസ്പിയാകും. അതേസമയം, പാലക്കാട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എംവി മണികണ്ഠനെ സസ്‌പെന്റ് ചെയ്തു. ജില്ലാ പൊലീസ് മോധാവിക്ക് പരാതി നല്‍കാനെത്തിയ സ്ത്രീയുമായുള്ള വഴിവിട്ട ബന്ധത്തിലാണ് നടപടി.
71 1 minute read