LATESTOTHERSSPORTS

അവസാന സെറ്റിലെ ത്രില്ലറില്‍ അഹമ്മദാബാദ് കൊച്ചി സ്പൈക്കേഴ്സിനെ കീഴടക്കി സെമി ഉറപ്പാക്കി

കൊച്ചി: വിജയം തൊട്ടുമുന്നില്‍ വന്നു നിന്നിട്ടും കൊച്ചി സ്പൈക്കേഴ്സിനു ജയത്തില്‍ തൊടാനായില്ല. പ്രൈം വോളിബോള്‍ ലീഗിലെ കൊച്ചി ലെഗിലെ രണ്ടാം മത്സരത്തില്‍ കൊച്ചി സ്പൈക്കേഴ്സിനെ 3-2നു അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ് പരാജയപ്പെടുത്തി. സ്‌കോര്‍ സ്‌കോര്‍: 155, 11-15, 9-15, 15-12, 15-14.
ജയത്തോടെ അഹമ്മദാബാദ് സെമിഫൈനല്‍ ഉറപ്പാക്കി. ആറ് മത്സരങ്ങളില്‍ അഞ്ചും ജയിച്ച ഡിഫന്‍ഡേഴ്സ് 11 പോയിന്റുമായി ടേബിളിലും അപ്രമാദിത്യം തുടര്‍ന്നു. ആറ് മത്സരം പൂര്‍ത്തിയാക്കിയ കൊച്ചിയുടെ അഞ്ചാം തോല്‍വിയാണിത്. നന്ദഗോപാല്‍ കളിയിലെ താരമായി.
അവസാന സെറ്റില്‍ രണ്ടു ടീമുകളും ഒപ്പത്തിനൊപ്പം നിന്നു. 12-12ലും 11-13 ലും 14-14ലും നിന്ന മത്സരത്തില്‍ സസ്പെന്‍സ് അവസാനം വരെ നിലനിന്നു.
സ്പൈക്കിലൂടെ അഹമ്മദാബാദാണ് സ്‌കോര്‍ പട്ടിക തുറന്നത്. ശക്തമായ ബ്ലോക്കിങ് അവരുടെ ലീഡ് കൂട്ടി. സന്തോഷിന്റെ സൂപ്പര്‍ സെര്‍വില്‍ അവര്‍ കുതിച്ചു. സ്പൈക്കിന് തടയിട്ട് കൊച്ചി രണ്ട് പോയിന്റുകള്‍ തുടരേ നേടി. ഡിഫന്‍ഡേഴ്സ് തന്ത്രം മാറ്റി. കൊച്ചിയും പതിയെ താളം കണ്ടെത്തി. സ്‌കോര്‍ 63ല്‍ നില്‍ക്കെ നന്ദഗോപാല്‍ സുബ്രഹ്‌മണ്യന്‍ അറ്റാക്കിലൂടെയും സെര്‍വിലൂടെയും തുടരെ രണ്ട് പോയിന്റുകള്‍ നേടി. പത്താം പോയിന്റില്‍ ഡിഫന്‍ഡേഴ്സ് സൂപ്പര്‍ പോയിന്റ് വിളിച്ചു. നന്ദഗോപാലിന്റെ സെര്‍വില്‍ കൊച്ചിക്ക് മറുപടിയുണ്ടായില്ല. 312ന് പിന്നില്‍ നില്‍ക്കേ കൊച്ചി രണ്ട് പോയിന്റുകള്‍ കൂടി നേടി. ഡാനിയലും എല്‍.എം മനോജും തീര്‍ത്തൊരു ബ്ലോക്കില്‍ അഹമ്മദാബാദ് 15-5ന് ആദ്യ സെറ്റ് നേടി.
മനോജിലൂടെ രണ്ടാം സെറ്റിലും ഡിഫന്‍ഡേഴ്സ് ലീഡെടുത്തു. എന്നാല്‍ സ്‌കോര്‍ എട്ടില്‍ നില്‍ക്കേ കൊച്ചി ഒപ്പം പിടിച്ചു. എന്‍.കെ ഫായിസിന്റെ സൂപ്പര്‍ സെര്‍വിലൂടെ കൊച്ചി മുന്നിലെത്തി. സൂപ്പര്‍ പോയിന്റ് അവസരത്തില്‍ വാള്‍ട്ടര്‍ നെറ്റോയുടെ തന്ത്രപരമായ പ്ലേസിങ് കൊച്ചിക്ക് രണ്ട് പോയിന്റുകള്‍ കൂടി നേടിക്കൊടുത്തു. അംഗമുത്തുവിന്റെ സ്മാഷിന് ഒറ്റയ്ക്ക് തടയിട്ട് ജിബിന്‍ സെബാസ്റ്റിയന്‍ 15-11ന് ബ്ലൂ സ്പൈക്കേഴ്സിന് രണ്ടാം സെറ്റ് സമ്മാനിച്ചു.
അഹമ്മദാബാദ് ആദ്യം പോയിന്റ് നേടിയ മൂന്നാം സെറ്റില്‍ തുടക്കം മുതല്‍ കളി ഒപ്പത്തിനൊപ്പമായി. സ്മാഷുതിര്‍ത്തും തടയിട്ടും ടീമുകള്‍ മുന്നേറി. ഗാലറിയുടെ ആവേശത്തില്‍ കൊച്ചി കരുത്തരായതോടെ അഹമ്മദാബാദിന് സമ്മര്‍ദമേറി. അംഗമുത്തുവിന്റെ സ്പൈക്കുകള്‍ കൊച്ചിയുടെ പ്രതിരോധത്തില്‍ തട്ടി. അഭിനവും എറിനും കൂടുതല്‍ അപകടകാരികളായി. കൊച്ചി 86ന് മുന്നിലെത്തി. ജോര്‍ജ് ആന്റണിയുടെ ബുള്ളറ്റ് സ്പൈക്കില്‍ ടീം മുന്നേറി. എന്നാല്‍ തുടര്‍ച്ചയായ രണ്ടു പിഴവുകള്‍ ഡിഫന്‍ഡേഴ്സിന് അവസരം നല്‍കി. അവരും സെര്‍വില്‍ പിഴവ് വരുത്തി. ജിബിന്റെ സ്പൈക്കിന് അതേ മികവില്‍ മനോജിലൂടെ അഹമ്മദാബാദ് തിരിച്ചടിച്ചു. പിഴവുകള്‍ ആവര്‍ത്തിക്കപ്പെട്ടു. കൊച്ചി 159ന് അധികം വിയര്‍ക്കാതെ മൂന്നാം സെറ്റും നേടി.
തുല്യരുടെ പോരാട്ടമായിരുന്നു നാലാം സെറ്റ്. ആദ്യ എട്ടുപോയിന്റില്‍ ഒരുഘട്ടത്തിലും ഇരുടീമിനും അപ്രമാദിത്യം നേടാനായില്ല.
ആവേശം നിറഞ്ഞ അവസാന പോയിന്റ് അംഗമുത്തുവിന്റെ കിടിലന്‍ സ്മാഷില്‍ അഹമ്മദാബാദ് സ്വന്തമാക്കിയതോടെ കൊച്ചി വീണ്ടും പരാജയമറിഞ്ഞു.
ഇന്ന് നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ് ചെന്നൈ ബ്ലിറ്റ്സിനെ നേരിടും. 6 മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമുളള ചെന്നൈ നേരത്തേ സെമി കാണാതെ പുറത്തായിരുന്നു. എങ്കിലും നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്തക്കെതിരെ ജയത്തോടെ സീസണ്‍ അവസാനിപ്പിക്കാനാവുമെന്നാണ് റൂബന്‍ വൊലോചിന്‍ പരിശീലിപ്പിക്കുന്ന ടീമിന്റെ പ്രതീക്ഷ.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker