23 -കാരിയും അവിവാഹിതയുമായ യുവതിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ബോംബെ ഹൈക്കോടതി. ഉഭയസമ്മതപ്രകാരമുള്ള ബന്ധത്തിലാണ് ഗര്‍ഭിണിയായത് എന്നും എന്നാല്‍ കുട്ടിയെ വളര്‍ത്താനുള്ള സാഹചര്യമില്ല എന്നും കാണിച്ചാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.
അവിവാഹിതരായ സ്ത്രീകള്‍ക്കും സുരക്ഷിതവും നിയമപരവുമായ ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം 24 ആഴ്ച വരെ നീട്ടിയ സുപ്രീം കോടതിയുടെ 2022 സെപ്റ്റംബറിലെ വിധിയിലെ നിരീക്ഷണങ്ങള്‍ ഈ കേസിലും ബാധകമാണെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. അല്ലെങ്കില്‍ അത് ഇത്തരം അവിവാഹിതരായ സ്ത്രീകളോടുള്ള നിയമ വ്യവസ്ഥയുടെ വിവേചനമാകുമെന്നും ഭരണഘടനയുടെ 14 -ാം അനുച്ഛേദത്തിന്റെ ലംഘനമാകുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ഉഭയസമ്മതത്തോടെയുള്ള ബന്ധത്തില്‍ നിന്നാണ് താന്‍ ഗര്‍ഭിണിയായത് എന്നും എന്നാല്‍ അയാളുമായി നിലവില്‍ ബന്ധമില്ല എന്നും യുവതി ഹര്‍ജിയില്‍ പറയുന്നുണ്ട്. കുട്ടിയെ വളര്‍ത്താനുള്ള സാമ്പത്തികശേഷി തനിക്കില്ല എന്നും യുവതി വ്യക്തമാക്കി. താന്‍ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ആ ഗ്രമത്തില്‍ തന്നെയുള്ള ആളായിരുന്നു യുവാവും. ഇപ്പോള്‍ അയാളുമായി ബന്ധമില്ല. താന്‍ അവിവാഹിതയാണ്. ഒരു കുട്ടിയെ വളര്‍ത്താനുള്ള ശാരീരികമോ മാനസികമോ വൈകാരികമോ ആയ ശേഷി തനിക്കില്ല എന്നും യുവതി പറഞ്ഞു.
2024 സെപ്റ്റംബറില്‍ യുവതി 21 ആഴ്ച ഗര്‍ഭിണിയായിരുന്നു. 20 ആഴ്ച കഴിഞ്ഞതിനാല്‍ തന്നെ ഗര്‍ഭഛിദ്രത്തിന് കോടതിയുടെ അനുമതി തേടണമെന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നാണ് യുവതിയോട് ആവശ്യപ്പെട്ടത്. പിന്നാലെയാണ് യുവതി കോടതിയെ സമീപിച്ചത്.
47 1 minute read