സിംഹക്കുഞ്ഞുങ്ങളെ താലോലിക്കുന്ന യുവതിയുടെ വീഡിയോയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത് freyaaspinall എന്ന യൂസറാണ്. ഒരു ബ്രിട്ടീഷ് കണ്‍സര്‍വേഷനിസ്റ്റാണ് ഫ്രേയ അസ്പിനാല്‍. അവര്‍ രക്ഷപ്പെടുത്തിയ നാല് സിംഹക്കുഞ്ഞുങ്ങളാണ് അവര്‍ക്കൊപ്പം വീഡിയോയില്‍ ഉള്ളത്. അതിനെ കുറിച്ച് വിശദമായി അവര്‍ കാപ്ഷനില്‍ കുറിച്ചിട്ടുമുണ്ട്.
വീഡിയോയില്‍ വീട്ടില്‍ വളര്‍ത്തുന്ന പട്ടിക്കുഞ്ഞുങ്ങളെയോ പൂച്ചക്കുഞ്ഞുങ്ങളെയോ ഒക്കെപ്പോലെ ഫ്രേയയ്‌ക്കൊപ്പം കിടക്കയില്‍ നാല് സിംഹക്കുഞ്ഞുങ്ങളെയും കാണാം. അവയെ അവള്‍ ലാളിക്കുന്നുണ്ട്. അവയും അവളെ നക്കിയും കെട്ടിപ്പിടിച്ചും ഒക്കെ സ്‌നേഹം പ്രകടിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.
‘ഏതാനും മാസങ്ങള്‍ക്കു മുമ്പ് ദയാവധത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഈ 4 സിംഹക്കുഞ്ഞുങ്ങളെ ഞങ്ങള്‍ രക്ഷിച്ചത്. ലാഭത്തിനായി മൃഗങ്ങളെ ചൂഷണം ചെയ്യുന്ന ഒരാളുടെ അടുത്താണ് അവ ജനിച്ചത്, ഞങ്ങള്‍ക്ക് സഹായിക്കാന്‍ കഴിയുമോ എന്നറിയാന്‍ വേണ്ടി ഒരാള്‍ ഞങ്ങളെ സമീപിച്ചു. മണിക്കൂറുകള്‍ക്കകം തന്നെ ഇടപെട്ട് അവരെ രക്ഷപ്പെടുത്താന്‍ സാധിച്ചു.’
‘പിന്നീട് ഞാന്‍ അവയെ വളര്‍ത്താനുള്ള യാത്ര ആരംഭിച്ചു, അവയോടൊപ്പം ഉറങ്ങുകയും ഒരു അമ്മയെപ്പോലെ അവരെ വളര്‍ത്തുകയും ചെയ്തു. മുമ്പ് ഞങ്ങള്‍ രക്ഷപ്പെടുത്തി വളര്‍ത്തിക്കൊണ്ടുവന്ന മറ്റ് സിംഹങ്ങളെ അയച്ചതുപോലെ അവയെ ആഫ്രിക്കയിലേക്ക് അയയ്ക്കാനാണ് ഞങ്ങളുടെ പദ്ധതി’ എന്നാണ് ഫ്രേയ പറയുന്നത്.
നിരവധിപ്പേരാണ് ഫ്രേയയുടെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ‘വിശ്വസിക്കാനാവുന്നില്ല’ എന്നായിരുന്നു മിക്കവരും കുറിച്ചത്. ‘സ്വപ്നം പോലെ ഒരു അനുഭവം’ എന്നായിരുന്നു മറ്റ് ചിലരുടെ കമന്റ്. എന്നാല്‍, അതേസമയം തന്നെ ‘അവ വന്യമൃ?ഗങ്ങളാണ് മറക്കരുത്’ എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്. എന്തായാലും, അവ വളരുന്നതോടെ അവയെ ആഫ്രിക്കയിലേക്ക് അയക്കും എന്നാണ് കരുതുന്നത്.
***