BREAKING NEWSWORLD

അശാന്തിയുടെ നെരിപ്പോടായി ഇസ്രയേലും പലസ്തീനും

അന്തരീക്ഷത്തിലൂടെ പറന്നു വരുന്ന മിസൈലുകള്‍. നേരില്‍ക്കണ്ട് ഓടിമറയുന്ന ജനങ്ങള്‍. സുരക്ഷാ മുറികളില്‍ അഭയം തേടും മുന്‍പേ പൊലിഞ്ഞു വീഴുന്ന ജീവനുകള്‍. എങ്ങും തീഗോളങ്ങള്‍. തീ അണയ്ക്കാനും രക്ഷാപ്രവര്‍ത്തനത്തിനുമായി ഒടിവരുന്ന പൊലീസും ഫയര്‍ ആന്റ് റെസ്‌ക്യൂ ടീം അംഗങ്ങളും. ഇതാണ് ഇപ്പോള്‍ ഇസ്രയേലിന്റെ കാഴ്ചകള്‍. എന്താണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
പലസ്തീനും ഇസ്രായേലും വീണ്ടും ഏറ്റുമുട്ടുകയാണ്. വര്‍ഷങ്ങളായി തുടരുന്ന ഏറ്റുമുട്ടല്‍ ലോകത്തിന് പുതിയ കാര്യമല്ല. പക്ഷേ ഈ റംസാനിലെ പോരാട്ടം കൂടുതല്‍ രക്തരൂക്ഷിതമാവുകയാണ്. ചൊവ്വാഴ്ച നടന്ന ആക്രമണങ്ങളില്‍ 40 പേര്‍ കൊല്ലപ്പെട്ടു. പലസ്തീന്‍ തീവ്രവാദികളും ഇസ്രായേല്‍ സൈന്യവും തമ്മില്‍ ഈ മേഖലയില്‍ കനത്ത വെടിവയ്പ്പ് തുടരുകയാണ്. ദുരന്തവാര്‍ത്തകളാണ് ഇവിടെ നിന്നും കഴിഞ്ഞ രണ്ടാഴ്ചക്കാലമായി കേട്ടുകൊണ്ടിരിക്കുന്നത്.
ഹമാസിന്റെ പിന്തുണയില്‍ പലസ്തീന്‍ നടത്തിയ ആക്രണത്തില്‍ മലയാളി ഉള്‍പ്പടെ രണ്ടു പേര്‍ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. ഇസ്രയേലില്‍ നിന്ന് ചില മലയാളികളും സോഷ്യല്‍ മീഡിയ ഉപയോഗിച്ച് ഇക്കാര്യം അറിയിച്ചിരുന്നു. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ജറുസലേമില്‍ ദിവസങ്ങള്‍ നീണ്ട അശാന്തി അവസാനിപ്പിക്കമെന്ന് അന്താരാഷ്ട്ര സമൂഹം ഇരുവിഭാഗത്തോടും അഭ്യര്‍ത്ഥിച്ചിരുന്നു. മറുപടി ഉണ്ടാകുന്നില്ല. അക്രമം തടയുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. മുമ്പ് ഇസ്രായേലും ഹമാസും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് മധ്യസ്ഥത വഹിച്ച ഈജിപ്തും ഖത്തറും ഐക്യരാഷ്ട്രസഭയും ഹമാസ് നേതാവ് ഇസ്മായില്‍ ഹാനിയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് പലസ്തീന്‍ വെളിപ്പെടുത്തുന്നു.
ഇസ്ലാമിലെ മൂന്നാമത്തെ വിശുദ്ധ സ്ഥലമായി കണക്കാക്കപ്പെടുന്ന അല്‍അക്‌സയിലെ പുരാതന പള്ളിയിലാണ് അടുത്തിടെ അക്രമം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്.
ജറുസലേമിലെ പഴയ നഗരത്തില്‍ അല്‍അക്‌സ പള്ളിയ്ക്കടുത്ത് ഇസ്രായേലികളും പലസ്തീനികളും പരസ്പരം വെടിയുതിര്‍ക്കുകയാണിപ്പോള്‍. ഒരു മാസം മുമ്പ് ഇസ്രയേല്‍ സുരക്ഷാ സേനയും പലസ്തീനികളും തമ്മിലുള്ള ഏറ്റുമുട്ടലായി ആരംഭിച്ച അക്രമം ഇപ്പോള്‍ ഗാസയിലേയ്ക്കും പടര്‍ന്ന് ഇരുവശത്തുനിന്നും റോക്കറ്റുകളും മിസൈലുകളും ഉള്‍പ്പെടെയുള്ള വ്യോമാക്രമണമായി മാറിയിരിക്കുന്നു.
അല്‍അക്‌സ എന്നറിയപ്പെടുന്ന പള്ളി ഇസ്ലാമിലെ മൂന്നാമത്തെ വിശുദ്ധ സ്ഥലമായി മുസഌങ്ങള്‍ കണക്കാക്കുന്നു. ഒരു ചെറിയ കുന്നിന്‍ മുകളിലാണ് ഇവിടെ പള്ളി നിര്‍മ്മിച്ചിരിക്കുന്നത് . മുസ്ലിംകള്‍ ഹറം അല്‍ഷെരീഫ് എന്ന് വിളിക്കുന്ന ഈ സ്ഥലം യഹൂദന്മാര്‍ക്കും ഒരുപോലെ വിശുദ്ധമാണ്. അവര്‍ ഈ സ്ഥലത്തെ അതിനെ ടെംപിള്‍ മൗണ്ട് എന്ന് വിളിക്കുന്നു.
അല്‍അക്‌സ എന്ന അറബ് വാക്കിന് ഏറ്റവും ദൂരെയുള്ള പള്ളി എന്നാണര്‍ത്ഥം. മുഹമ്മദ് നബി മക്കയില്‍ നിന്ന് ജറുസലേമിലെ അല്‍അക്‌സയിലേക്ക് യാത്ര ചെയ്തതായി ഇസഌം മത വിശ്വാസികള്‍ കരുതുന്നു. പ്രവാചകന്‍ രാത്രികാലത്തു നടത്തിയ ഈ ദീര്‍ഘയാത്ര അല്‍ഇസ്രാ എന്നാണറിയപ്പെടുന്നത്.
യഹൂദരുടെ പുണ്യസ്ഥലങ്ങളിലൊന്നായ ടെമ്പിള്‍ മൗണ്ടും ഇവിടെത്തന്നെയാണ്. വേദപുസ്തക കാലഘട്ടത്തിലാണ് ഇത് നിര്‍മ്മിച്ചതെന്ന് അവര്‍ വിശ്വസിക്കുന്നു. എ.ഡി 70ല്‍ റോമാക്കാര്‍ അതിനെ നശിപ്പിച്ചു. ബാക്കി നില്‍ക്കുന്ന മതിലിനെ യഹൂദന്മാര്‍ ആരാധിക്കുന്നു. അവര്‍ക്ക് അത് വളരെ വിശുദ്ധമാണ്.
ഇസ്രായേലികളും പലസ്തീനിലെ മുസ്ലീങ്ങളും മറ്റ് അറബ് രാജ്യങ്ങളും ഈ വിശുദ്ധ ഭൂമിയില്‍ അവകാശവാദം ഉന്നയിക്കുന്നു. ഇസ്രായേലും പലസ്തീനും തമ്മിലുള്ള തര്‍ക്കവിഷയങ്ങളില്‍ ഏറ്റവും മുഖ്യമാണിത്. ജറുസലേമിലെ ഷെയ്ഖ് ജാറയിലെ ഭൂവുടമസ്ഥത സംബന്ധിച്ച തര്‍ക്കമാണ് മറ്റൊന്ന്. ഇപ്പോള്‍ പൊട്ടിപ്പുറപ്പെട്ട ഇസ്രായേല്‍പലസ്തീന്‍ അക്രമത്തിന്റെ പ്രധാന കാരണവും ഇതൊക്കെ തന്നെ .
1948 ല്‍ ഇസ്രായേല്‍ രൂപവത്കരിച്ചപ്പോള്‍ മുതലുള്ള തര്‍ക്കമാണിത്. 1956 ന് ശേഷം ആദ്യ അറബ് യുദ്ധം ഇസ്രയേല്‍ ജയിച്ചപ്പോള്‍ ഈ തര്‍ക്കം കൂടുതല്‍ ശക്തി പ്രാപിച്ചു. യുദ്ധത്തില്‍ അനാഥരാക്കപ്പെട്ട പലസ്തീന്‍ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ജോര്‍ദാന്റെ നിയന്ത്രണത്തിലായിരുന്നു 1956 വരെ പള്ളി സ്ഥിതിചെയ്യുന്ന ജറുസലേം പ്രദേശം.
1967 ല്‍ മറ്റൊരു യുദ്ധത്തിലൂടെ ഇസ്രായേല്‍ ഈ പ്രദേശത്തും ആധിപത്യം സ്ഥാപിച്ചു. ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറ് ഭാഗം വരെ ഇസ്രായേല്‍ അധിനിവേശം വ്യാപിപ്പിച്ചു. ജോര്‍ദ്ദാന്‍ നദിയുടെ പടിഞ്ഞാറന്‍ തീരം എന്ന അര്‍ത്ഥത്തിലാണ് വെസ്റ്റ് ബാങ്ക് എന്ന പേര് ഇതിന് ലഭിച്ചത്. ഇസ്രായേല്‍ പിടിച്ചെടുത്തതില്‍ ബൈബിളില്‍ പരാമര്‍ശിക്കപ്പെടുന്ന പഴയ നഗരമായ കിഴക്കന്‍ ജറുസലേമും ഉള്‍പ്പെടുന്നു.
അഞ്ച് പതിറ്റാണ്ടിലേറെയായി ഇസ്രായേല്‍ ഈ മേഖലയില്‍ ആധിപത്യം നിലനിര്‍ത്തുന്നു. ഇസ്രായേലും പലസ്തീനും തമ്മില്‍ ഇക്കാര്യത്തില്‍ സൗഹാര്‍ദ്ദപരമായ ഒത്തുതീര്‍പ്പ് കണ്ടെത്തുന്നതിന് ഒട്ടേറെ മധ്യസ്ഥ ശ്രമങ്ങള്‍ ഉണ്ടായെങ്കിലും പരാജയപ്പെട്ടു.
1967 ലെ യുദ്ധത്തിനുശേഷം അധീനതയിലാക്കിയ ജറുസലേമിന്റെ കിഴക്കന്‍ ഭാഗം ഉള്‍പ്പെടെയുള്ള ജറുസലേമിനെ തലസ്ഥാനമായി ഇസ്രായേല്‍ കാണുന്നു. ഇനിയും എവിടെയാണ് പലസ്തീന്‍ എന്ന രാജ്യം എന്നു വ്യക്തമല്ലെങ്കിലും കിഴക്കന്‍ ജറുസലേമിനെ തലസ്ഥാനമായി പലസ്തീനികള്‍ കാണുന്നത്.
റംസാന്‍ കാലത്ത് പതിനായിരക്കണക്കിനു പേരാണ് ആരാധനയ്ക്കായി അല്‍ അക്‌സ പള്ളിലെത്തുന്നത്. ഒരു പരിധിയ്ക്കപ്പുറം ഇസ്രായേല്‍ ഈ കൂട്ടായ്മയെ പ്രോത്സാഹിപ്പിക്കാറില്ല. പള്ളി കേന്ദ്രീകരിച്ച് പല ആലോചനായോഗങ്ങളും കൂട്ടായ്മകളും നടക്കുന്നതായി ഇസ്രായേല്‍ ആരോപിക്കുന്നു.
2000ലെ റംസാന്‍ മാസത്തില്‍ ഒരു പലസ്തീന്‍ പ്രക്ഷോഭകരെ അടിച്ചമര്‍ത്താന്‍ ഇസ്രായേല്‍ സൈന്യം അല്‍ അക്‌സയിലെ പള്ളി വളപ്പില്‍ അതിക്രമിച്ചു കയറിയിരുന്നു. വര്‍ഷങ്ങളായി റംസാന്‍ മാസത്തില്‍ ഇവിടെ ഏറ്റുമുട്ടലുകള്‍ പതിവായി ഉണ്ടാവാറുണ്ട്.
റംസാന്‍ മാസത്തില്‍ പലസ്തീന്‍ മുസ്ലിങ്ങള്‍ ഒത്തുചേരുന്ന സ്ഥലമാണ് ഡമാസ്‌കസ് ഗേറ്റ് പ്ലാസ. ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ജറുസലേമിന്റെ ഭാഗമായ ഡമാസ്‌കസ് ഗേറ്റ് പ്ലാസയില്‍ ആളുകള്‍ വന്‍തോതില്‍ കൂടുന്നത് തടയാന്‍ ഇസ്രായേല്‍ പോലീസ് ഉപരോധം ഏര്‍പ്പെടുത്തി. ഇതിനെത്തുടര്‍ന്ന് ഏപ്രില്‍ 12 ന് ഏറ്റുമുട്ടലുകളുണ്ടായി.
നാല് ദിവസത്തിന് ശേഷം ഏപ്രില്‍ 16 ന് അല്‍അക്‌സയില്‍ പ്രാര്‍ത്ഥന സമ്മേളനത്തിനായി ഇസ്രായേല്‍ 10,000 പേരുടെ പരിധി ഏര്‍പ്പെടുത്തി. പതിനായിരക്കണക്കിന് പലസ്തീനികള്‍ പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലേക്ക് എത്തിയെങ്കിലും എല്ലാവരെയും ഇസ്രയേല്‍ തിരിച്ചയച്ചു.
അതിനുശേഷം അക്രമം കൂടുതല്‍ രൂക്ഷമായി. മെയ് 7 ന് അല്‍ അക്‌സയില്‍ നടന്ന ഏറ്റുമുട്ടലില്‍ 200 ലധികം പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് പലസ്തീനികള്‍ ഷൈഖ് ജാറയില്‍ താമസിക്കുന്ന ജൂത കുടുംബങ്ങളെ പുറത്താക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നു. ജൂത കുടിയേറ്റം തുടരുന്ന ഈ മേഖലയില്‍ പലസ്തീന്‍ കുടുംബങ്ങള്‍ രൂക്ഷമായ കുടിയൊഴിപ്പിക്കല്‍ നേരിടുന്നുണ്ട്. ഇതില്‍ പലതും നിയമ നടപടികള്‍ നേരിടുന്നവയുമാണ്.
ഇതിന് പ്രതികാരമായി മെയ് 9 ന് ഷെയ്ഖ് ജാറയുടെ ഭൂമി ഉടമസ്ഥാവകാശ തര്‍ക്കത്തെക്കുറിച്ചുള്ള നിയമ നടപടികളില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചതായി ഇസ്രായേല്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ചു. ജാറം മേഖലയില്‍ യഹൂദര്‍ക്കായി നിര്‍മ്മിക്കുന്ന ക്വാര്‍ട്ടേഴ്‌സുകളുടെ നിര്‍മ്മാണം തുടരുമെന്നും പ്രഖ്യാപിച്ചു
ജറുസലേം നഗരം പിടിച്ചെടുത്തതിന്റെ ഓര്‍മ്മയ്ക്കായി മെയ് 10 ഇസ്രായേലില്‍ ദേശീയ അവധി ദിനമായിരുന്നു. ഏറ്റുമുട്ടല്‍ മുന്നറിയിപ്പു കണക്കിലെടുത്ത് പലസ്തീന്‍ മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ജറുസലേം പഴയ നഗരത്തിലൂടെ നടത്താനിരുന്ന മാര്‍ച്ച് ജാഫ ഗേറ്റിലേക്കു വഴി തിരിച്ചു വിട്ടു.
ഇതോടെ പ്രശ്‌നത്തില്‍ പലസ്തീന്‍ വിമോചന സംഘടനയായ ഹമാസ് ഇടപെട്ടു. അല്‍അക്‌സാ പള്ളിയെ ഇസ്രായേലി ആക്രമണത്തിലും ഭീകരതയിലും നിന്ന് പ്രതിരോധിക്കാന്‍ നടപടിയെടുക്കുകയാണെന്ന് ഗാസയെ നിയന്ത്രിക്കുന്ന തീവ്രവാദ ഗ്രൂപ്പായ ഹമാസ് അറിയിച്ചു. അല്‍ അക്‌സയില്‍ നിന്നും ഷെയ്ഖ് ജാറയില്‍ നിന്നും ഇസ്രായേല്‍ സുരക്ഷാ ഭടന്മാരെ പിന്‍വലിക്കാനുള്ള നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹമാസ് അന്ത്യശാസനവും നല്‍കി. എന്നാല്‍ ഇതു ഇസ്രായേല്‍ കണക്കിലെടുത്തില്ല. ഇതോടെ ഇസ്രയേലിയേക്ക് ഹമാസ് ഗ്രനേഡുകളും റോക്കറ്റുകളും വര്‍ഷിച്ചു. ഇവരെ പ്രതിരോധിക്കാനും പിന്തിരിപ്പിക്കാനും ഇസ്രായേല്‍ വ്യോമാക്രമണവും നടത്തി.
ഗാസയില്‍ നിന്നുള്ള ആക്രമണവും ഇസ്രായേലി വ്യോമാക്രമണവും രാത്രി വൈകിയും തുടര്‍ന്നു. ഇപ്പോഴും സ്ഥിതിയ്ക്ക് മാറ്റം ഉണ്ടായിട്ടില്ല. ഗാസ സിറ്റിക്കടുത്തും തീരപ്രദേശത്തും ഉടനീളം വലിയ സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക സമയം അര്‍ദ്ധരാത്രിക്ക് തൊട്ടുമുമ്പ് ഇസ്രായേലിലേക്ക് പലസ്തീന്‍ തീവ്രവാദികള്‍ 150ലേറെ റോക്കറ്റുകള്‍ അയച്ചതതായി ഇസ്രായേല്‍ സൈന്യം പറയുന്നു. എന്തായാലും ഇരുരാജ്യങ്ങളും നെരിപ്പോട് കണക്കെ പുകയുകയാണ്. ഇടയ്ക്ക് ഒരല്‍പം ശമനം ലഭിക്കുമ്പോള്‍ നെരിപ്പോട് ഊതി തീക്കനല്‍ തെളിക്കും പോലെ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ ഒരോ കാരണങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇതിനൊരു ശാശ്വത പരിഹാരം കാണേണ്ടത് അനിവാര്യമായിരിക്കുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker