ന്യൂഡല്‍ഹി: കോവിഡ് വാക്സിന് ലഭ്യതക്കുറവില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്കെതിരേ ആരോഗ്യ മന്ത്രി ഹര്ഷവര്ധന്. വാക്സിന് വിതരണം സംബന്ധിച്ച് നല്കിയ വിശദീകരണം കാണാതെ രാഹുല്‍ ഗാന്ധി നടത്തുന്ന വിമര്‍ശനങ്ങള്‍ അഹങ്കാരമാണെന്ന് അദ്ദേഹം ആരോപിച്ചു.
‘ജൂലായ് മാസത്തെ വാക്സിന് ലഭ്യത സംബന്ധിച്ച വസ്തുതകള്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നതാണ്. എന്താണ് രാഹുല്‍ ഗാന്ധിയുടെ പ്രശ്നം? അതദ്ദേഹം വായിച്ചില്ലേ? അഹങ്കാരത്തിനും വിവരമില്ലായ്മയ്ക്കും വാക്സിന് ലഭ്യമല്ല. ഒരു നേതൃമാറ്റത്തെക്കുറിച്ച് കോണ്‍ഗ്രസ് ചിന്തിക്കണം.’ഹര്ഷവര്ധന് ട്വീറ്റില്‍ പറഞ്ഞു.
വാക്സിന് വിതരണത്തിലെ അനിശ്ചിതത്വത്തെക്കുറിച്ച് രാഹുല്‍ ഗാന്ധി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ജൂലായ് എത്തി, എന്നാല്‍ വാക്സിന് ഇതുവരെ എത്തിയില്ല, എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.
വാക്സിനേഷനെതിരേ പ്രതിപക്ഷം ഉത്തരവാദിത്തരഹിതമായ പ്രസ്താവനകള്‍ നടത്തുകയാണെന്ന് ഹര്‍ഷ വര്ധന് ഇന്നലെ ആരോപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ 75 ശതമാനം വാക്സിനും സൗജന്യമാക്കിയതോടെ ജൂണ്‍ മാസത്തില്‍ 11.5 കോടി ഡോസ് വാക്സിന് നല്കാന് സാധിച്ചിട്ടുണ്ടെന്നും ഹര്ഷവര്ധന് ട്വീറ്റില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സംസ്ഥാനങ്ങളുടെ കൈവശം ഇപ്പോഴും 1.24 കോടി ഡോസ് വാക്സിന് ഉപയോഗിക്കാന്‍ ബാക്കിയുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 94.6 ലക്ഷം വാക്സിന് വിവിധ സംസ്ഥാനങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ ലഭ്യമാകും. ഇതുവരെ കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ വാക്സിന് പദ്ധതി പ്രകാരം 32.92 കോടി ഡോസ് വാക്സിന് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.