അങ്കോള ഷിരൂർ ദേശീയപാതയിൽ മണ്ണിടിഞ്ഞുവീണ് ലോറിയോടെ കാണാതായ ഡ്രൈവർ അർജുനെ കണ്ടെത്താൻ ഇന്ന് സൈന്യം ഇറങ്ങും. ബെലഗാവി ക്യാമ്പിൽ നിന്നുള്ള 40 അംഗ സംഘമാണ് ഇന്ന് രക്ഷാപ്രവർത്തനത്തിന് എത്തുന്നത്. അർജുനെ കണ്ടെത്താൻ സൈന്യത്തെ ഇറക്കണമെന്നാവശ്യപ്പെട്ട് കുടുംബം കഴിഞ്ഞദിവസം പ്രധാനമന്ത്രിക്ക് ഇ-മെയിൽ സന്ദേശം അയച്ചിരുന്നു. റഡാറിൽ ലോഹഭാഗം തെളിഞ്ഞ ഭാഗത്തെ മണ്ണ് നീക്കുന്ന ജോലി തുടരും. അതേസമയം, കനത്ത മഴ രക്ഷാപ്രവർത്തനം തുടങ്ങുന്നത് വൈകിപ്പിക്കുന്നുണ്ട്.
രാത്രിയിൽ ഷിലൂരിൽ അതിശക്തമായ മഴയാണ് പെയ്തത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് അപകടസ്ഥലം സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. കാണാതായ കോഴിക്കോട് കക്കോടി കണ്ണാടിക്കൽ മൂലാഴിക്കുഴിയിൽ അർജുനെ കണ്ടെത്താൻ ഇന്നലെ ഊർജിത ശ്രമം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. ഒൻപത് അടി താഴ്ചയിൽ അർജുൻ ഉണ്ടെന്ന് ഇന്നലെ രാത്രി എട്ടു മണിയോടെ സൂചന ലഭിച്ചിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്താൻ തുടങ്ങിയതോടെയാണ് രക്ഷാദൗത്യം സജീവമായത്. മണ്ണ് നീക്കുന്നതിനിടെ മഴ കനത്തത് ഇന്നലെ വൈകിട്ട് തിരച്ചിലിന് തിരിച്ചടിയായിരുന്നു. രാവിലെ തെളിഞ്ഞ കാലാവസ്ഥ ആയിരുന്നെങ്കിലും ഉച്ചക്ക് ശേഷം മഴ കനക്കുകയായിരുന്നു. മഴ പെയ്തതോടെ റഡാർ പരിശോധന മുടങ്ങി. മണ്ണിനടിയിലേക്ക് നാല് മീറ്റർ മുതൽ അഞ്ചുമീറ്റർ വരെ മാത്രമാണ് റഡാറിലൂടെ കാണാനാവുക. മഴ പെയ്ത് ചെളി നിറഞ്ഞതോടെ ദൃശ്യം റഡാറിൽ പതിയുന്നില്ലെന്ന് എൻ.ഐ.ടിയിലെ വിദഗ്ധ സംഘം പറഞ്ഞു. വാഹനത്തിന്റെ ഒരു ഭാഗം കണ്ടെത്തിയതായി നേരത്തെ സൂചന ഉണ്ടായെങ്കിലും അതല്ലെന്ന് പിന്നീട് ബോധ്യമായി. അർജുൻ ഓടിച്ചിരുന്ന ട്രക്ക് പുഴയിൽ വീണിട്ടില്ലെന്ന് തിരച്ചിൽ നടത്തിയ നാവിക സേന ഉറപ്പിച്ച് പറയുന്നു.