BREAKING NEWSLATESTNATIONAL

ആഗോള വിശപ്പ് സൂചികയില്‍ ഇന്ത്യ 101ാം സ്ഥാനത്ത്; പാകിസ്ഥാനും ബംഗ്ലാദേശും ഇന്ത്യയ്ക്കു മുന്നില്‍

ന്യൂഡല്‍ഹി: ആഗോള വിശപ്പു സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 101ാം റാങ്കിലേയ്ക്ക് കൂപ്പുകുപ്പി. 2021ലെ പട്ടികയിലാണ് 116 രാജ്യങ്ങളില്‍ ഇന്ത്യ ബഹുദൂരം പിന്നിലേയ്ക്ക പോയത്. കഴിഞ്ഞ വര്‍ഷം 94 ആയിരുന്നു ഇന്ത്യയുടെ സ്ഥാനം. അയല്‍രാജ്യങ്ങളായ പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ചൈന എന്നിവരെല്ലാം ഇന്ത്യയെക്കാള്‍ മുന്നിലാണ്.
ചൈന, ബ്രസീല്‍, കുവൈറ്റ് എന്നിവയടക്കം അഞ്ചില്‍ താഴെ പോയിന്റ് നേടിയ 18 രാജ്യങ്ങളാണ് സൂചികയില്‍ ഏറ്റവും മുന്നില്‍. രാജ്യത്തെ പൗരന്മാര്‍ക്ക് ലഭിക്കുന്ന ഭക്ഷണത്തിന്റെ നിലവാരവും പോഷകാഹാരത്തിന്റെ ലഭ്യതയുമാണ് ആഗോള വിശപ്പ് സൂചിക തയ്യാറാക്കുമ്പോള്‍ പരിഗണിക്കുന്നത്. വ്യാഴാഴ്ചടയാണ് ഐറിഷ് സന്നദ്ധസംഘടനയായ കണ്‍സേണ്‍ വേള്‍ഡ് വൈഡും ജര്‍മന്‍ സ്ഥാപനമായ വെല്‍റ്റ് ഹങ്കര്‍ ഹില്‍ഫും ചേര്‍ന്ന് പുതിയ റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ഇന്ത്യയിലെ സാഹചര്യം ഭീതിജനകമാണെന്നാണ് റിപ്പോര്‍ട്ടിലെ സൂചന.
2020ല്‍ 107 രാജ്യങ്ങളില്‍ 94ാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാല്‍ ഇക്കൊല്ലം ഏഴു റാങ്കുകളോളം ഇന്ത്യ പിന്നോട്ടു പോകുകയായിരുന്നു. 20 വര്‍ഷത്തിനിടെ ഇന്ത്യയുടെ വിശപ്പു സൂചികയിലെ പോയിന്റും ബഹുദൂരം പിന്നിലേയ്ക്ക് പോയിട്ടുണ്ട്. 2000ത്തില്‍ 38.8 ആയിരുന്നു പോയിന്റ് എങ്കില്‍ 2012നും 2021നും ഇടയില്‍ 28.8നും 27.5നും ഇടയിലാണ് ഇന്ത്യയുടെ പോയിന്റുനില.
പ്രധാനമായും നാലു കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ആഗോള വിശപ്പു സൂചിക തയ്യാറാക്കുന്നത്. പോഷകാഹാരക്കുറവ്, ഭാരക്കുറവുള്ള കുട്ടികളുടെ എണ്ണം, പ്രായത്തിനൊത്ത ഉയരമില്ലാത്ത കുട്ടികളുടെ എണ്ണം, കുട്ടികളിലെ മരണനിരക്ക് എന്നിവയാണ് പട്ടിക തയ്യാറാക്കുമ്പോള്‍ പരിഗണിക്കുന്ന ഘടകങ്ങള്‍. 19982000 കാലത്ത് ഇന്ത്യയില്‍ ഭാരക്കുറവുള്ള കുട്ടികളുടെ എണ്ണം 17.1 ശതമാനം മാത്രമായിരുന്നെങ്കില്‍ 2016-2020 കാലത്ത് ഇത് 17.3 ആയി ഉയര്‍ന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് 19 മഹാമാരിയുടെ ഭാഗമായി നിയന്ത്രണങ്ങള്‍ കൂടി ഏര്‍പ്പെടുത്തിയതോടെ കുട്ടികളുടെ ഭാരക്കുറവില്‍ ലോകത്തു തന്നെ ഏറ്റവും മുന്നിലാണ് ഇന്ത്യയുടെ സ്ഥാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അയല്‍രാജ്യങ്ങളായ നേപ്പാളിനു ബംഗ്ലാദേശിനും 76ാം സ്ഥാനമാണുള്ളത്. ഇവിടങ്ങളിലെ സ്ഥിതിയും രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നതെങ്കിലും റാങ്ക് പ്രകാരം അയല്‍രാജ്യങ്ങള്‍ ഇന്ത്യയെക്കാള്‍ ഏറെ മുന്നിലാണ്. മ്യാന്‍മറിന് 71ാം സ്ഥാനവും പാകിസ്ഥാന് 92ാം സ്ഥാനവുമുണ്ട്.
അതേസമയം, അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്ക്, കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ്, പോഷകാഹാരക്കുറവ് തുടങ്ങിയവയുടെ കാര്യത്തില്‍ ഇന്ത്യ നില മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിശപ്പിനെതിരായ പോരാട്ടത്തില്‍ ലോകം തെറ്റായ പാതയിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2030ഓടു കൂടി രൂക്ഷമായ പട്ടിണിയില്‍ നിന്ന്ു കരകയറാന്‍ 47 ലോകരാജ്യങ്ങള്‍ക്ക് കഴിയില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
യുദ്ധം, കാലാവസ്ഥാ മാറ്റത്തോട് അനുബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍, കൊവിഡ് 19 മഹാമാരി തുടങ്ങിയവ മൂലം ഭക്ഷ്യസുരക്ഷ പ്രതിസന്ധിയിലാണെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കൊവിഡ് 19 മൂലമുള്ള സാമ്പത്തിക പ്രശ്‌നങ്ങളും ആരോഗ്യരംഗത്തെ അനിശ്ചിതാവസ്ഥയും പട്ടിണിയുടെ രൂക്ഷത വര്‍ധിപ്പിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker