എറണാകുളം ചെങ്ങമനാട്ടെ പതിനാലുവയസുകാരന്റെ ആത്മഹത്യ ആലുവ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കും. കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ പരിശോധിക്കാനാണ് നിലവില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഓണ്‍ലൈന്‍ ഗെയിമാണ് 14 വയസുകാരന്റെ ജീവനെടുത്തതെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇലക്ട്രോണിക് ഡിവൈസുകള്‍ പരിശോധിക്കുന്നത്.
കുട്ടി ഓണ്‍ലൈന്‍ ഗെയിമിന് അടിപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ സംശയം. 14 വയസുകാരന്‍ ആഗ്നല്‍ ജെയിംസിന്റെ മരണത്തിലേക്ക് നയിച്ചത് ഓണ്‍ലൈന്‍ ഗെയിമായിരിക്കാമെന്ന് ബന്ധുക്കളും പൊലീസിനോട് പറഞ്ഞിരുന്നു. ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടില്‍ ജെയ്മിയുടെ മകന്‍ ആഗ്‌നല്‍ (14)ആണ് മരിച്ചത്.
വെള്ളിയാഴ്ച്ച വൈകിട്ട് സ്‌കൂളില്‍ നിന്ന് വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോയ ശേഷമായിരുന്നു സംഭവം. വാതില്‍ തുറക്കാതായതോടെ ചവിട്ടി തുറക്കുകയായിരുന്നു. മുറി തുറന്നപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.