കോഴിക്കോട്: ആജീവനാന്ത കാലം ആരും മുഖ്യമന്ത്രിയായി ഇരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്. അത് കൊണ്ട് സൂക്ഷിച്ച് വേണം പൊലീസ് പെരുമാറാന്‍. പെണ്‍കുട്ടികളെ തൊട്ടാല്‍ ആങ്ങളമാര്‍ പെരുമാറുന്നത് പോലെ കോണ്‍ഗ്രസ് പെരുമാറും. ഇവിടെ കോണ്‍ഗ്രസും യുഡിഎഫും കാണും. ഏകാധിപതികള്‍ എന്നും ഭീരുക്കള്‍ ആയിരുന്നു. ഇവിടെ നടക്കുന്നതും അതാണ്. ഭയം മാറ്റാന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ കുതിര കയറരുത്. അശാസ്ത്രീയ നികുതി നിര്‍ദേശങ്ങള്‍ക്ക് എതിരായ പ്രതിഷേധം ജനങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി എന്തിനാണ് ഭയക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദിച്ചു. മുന്‍കരുതല്‍ നടപടിയായി മുഖ്യമന്ത്രി വരുന്ന വഴിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു. നികുതി വര്‍ധനക്കെതിരെ യുഡിഎഫ് സമരം ശക്തമാക്കുമെന്നും അദ്ദേഹം കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
നികുതി പരിഷ്‌കാരങ്ങള്‍ മുഴുവന്‍ സാമൂഹിക ആഘാതം മനസ്സിലാക്കാതെയാണെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി. ജനങ്ങളെ സഹായിക്കേണ്ട സര്‍ക്കാര്‍ അധികമായി ചുമത്തുന്നത് 4000 കോടിയുടെ നികുതിയാണ്. ഒരുകൈ കൊണ്ട് പെന്‍ഷനും കിറ്റും കൊടുക്കുന്നു, മറു കൈ കൊണ്ട് പോക്കറ്റ് അടിക്കുന്നു. ഇതാണ് സംസ്ഥാനത്ത് നടക്കുന്നത്.
സംസ്ഥാനത്തിന്റെ കടം നാല് ലക്ഷം കോടി രൂപയാണ്. ഇത് തുറന്നു പറയുന്ന തന്നെ ദുഷ്ട ശക്തി എന്ന് വിശേഷിപ്പിക്കുന്നു. ഏറ്റവും കൂടുതല്‍ കടബാധ്യത ഉള്ള ഒന്നാമത്തെ സംസ്ഥാനം ആയി കേരളം മാറി. സാക്ഷരത പ്രേരകിന്റെ ആത്മഹത്യക്ക് കാരണം കടക്കെണിയാണ്. ഇല്ലെങ്കില്‍ എന്തുകൊണ്ട് ശമ്പളം കൊടുക്കുന്നില്ല എന്നദ്ദേഹം ചോദിച്ചു.
ആശ്വാസ കിരണം ഉള്‍പ്പെടെ ഉള്ള എല്ലാ ആശ്വാസ പദ്ധതികളും നിലച്ചു. കടത്തിന്റെ നിലയില്ലാ കയത്തിലാണ് കേരളം. വെറുതെ ആളുകളെ മുഖ്യമന്ത്രി കബളിപ്പിക്കുകയാണ്. സംസ്ഥാനത്തിന്റെ വരവ് കുറയുന്നു. ചെലവ് കൂടുന്നു. സംസ്ഥാനം കൂട്ട ആത്മഹത്യയുടെ വക്കില്‍. കേരളത്തില്‍ നടക്കുന്ന സ്വര്‍ണ കള്ളക്കടത്തിനെതിരെ നികുതി വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നും സംസ്ഥാനത്ത് നികുതി വകുപ്പില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ നികുതി ഘടന പൊളിച്ച് എഴുതണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സര്‍ക്കാര്‍ നടത്തുന്ന ധൂര്‍ത്തിന് ഒരു കുറവും ഇല്ല. ഇതിന്റെ പാപഭാരം സാധാരണക്കാരന്‍ ചുമക്കുന്ന സ്ഥിതിയാണ്. മുഖ്യമന്ത്രിക്ക് ആളെ കാണുന്നത് പേടി. കരുതല്‍ തടങ്കലാണ് ഇപ്പോള്‍. പണ്ട് കറുപ്പ് നിറത്തോടാണ് പേടി. ഇപ്പോള്‍ വെള്ള കാണുന്നതാണ് ഭയമെന്നും അദ്ദേഹം വിമര്‍ശിച്ചു. മുഖ്യമന്ത്രി വരുന്നുണ്ടെങ്കില്‍ ആരും പുറത്ത് ഇറങ്ങി നടക്കരുത് എന്ന അവസ്ഥയാണ്. ഒരു കാരണവും ഇല്ലാതെ ആയിരക്കണക്കിന് പേരെ കേസുകളില്‍ പെടുത്തുന്നു. മുന്‍പ് ഒരു സര്‍ക്കാരിന്റെ കാലത്തും ഇല്ലാത്ത നടപടിയാണിത്.