കണ്ണൂര്‍: ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍. ഇതുവരെയുള്ള അധ്യായം ഡിസംബറില്‍ പൂര്‍ത്തിയാവും. ഡിസംബറിന് ശേഷമുള്ളത് പിന്നീട് എഴുതും. പാര്‍ട്ടിയുടെ അനുവാദം കിട്ടിയതിനുശേഷം പ്രസിദ്ധീകരിക്കുമെന്നും ഇ പി പറഞ്ഞു. ആത്മകഥയ്ക്ക് രണ്ടോ മൂന്നോ ഭാഗങ്ങള്‍ ഉണ്ടാകും. പരിപ്പുവടയും കട്ടന്‍ചായയും എന്ന പേരായിരിക്കില്ല. എന്നെ പരിഹസിക്കാനായി മാധ്യമ രംഗത്തുള്ളവര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതാണിത്. ആത്മകഥാ വിവാദം പുസ്തകത്തില്‍ ഉണ്ടാവില്ലെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
ഉപതെരഞ്ഞെടുപ്പ് ദിനത്തില്‍ പുറത്തുവന്ന ആത്മകഥാ വിവാദം സിപിഎമ്മിനെയും സര്‍ക്കാറിനെയും വെട്ടിലാക്കിയിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിലെ പ്രയാസം പാര്‍ട്ടി മനസ്സിലാക്കിയില്ലെന്നാണ് പുറത്ത് വന്ന ആത്മകഥയുടെ ഭാഗങ്ങളിലെ വിമര്‍ശനം. രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബ്ബലമാണെന്നാണ് അടുത്ത വിമര്‍ശനം. പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി പി സരിന്‍ വയ്യാവേലിയാകുമെന്നും പരാമര്‍ശമുണ്ടായിരുന്നു. പുറത്ത് വന്ന ആത്മകഥയിലെ ഭാഗങ്ങള്‍ തന്റേതല്ലെന്നായിരുന്നു ജയരാജന്റെ പ്രതികരണം. ആത്മകഥാ ഭാഗം പോളിംഗ് ദിനത്തില്‍ തന്നെ പുറത്ത് വന്നത് തന്നെ കുടുക്കാനാണോ എന്നും ഇ പി ജയരാജന്‍ സംശയമുന്നയിച്ചിരുന്നു. കരാര്‍ ഇല്ലാത്തതിനാലാണ് ഡിസിയെയും പ്രചരിപ്പ ഭാഗങ്ങളെയും പൂര്‍ണ്ണമായും ഇപി തള്ളുന്നത്.
പോളിംഗ് ദിനത്തില്‍ പ്രചരിച്ച ആത്മകഥയുടെ പിഡിഎഫിന് പിന്നിലാരാണെന്നതില്‍ അടിമുടി ദുരൂഹത തുടരുകയാണ്. ഇപി തിരുത്താന്‍ ഏല്‍പ്പിച്ച മാധ്യമപ്രവര്‍ത്തകനും ഡിസി നടപടി എടുത്തയാളും തമ്മിലായിരുന്നു ആത്മകഥാ പ്രസിദ്ധീകരണത്തിലെ ആശയവിനിമയം എന്നായിരുന്നു പുറത്ത് വന്ന സൂചന. ആരില്‍ നിന്ന് ചോര്‍ന്നു, സരിനെ കുറിച്ചുള്ള വിമര്‍ശനമടക്കം പിന്നീട് ചേര്‍ത്തതാണോ എങ്കില്‍ അതാരാണ് ആരാണ് പ്രസിദ്ധീകരണത്തിന് പോളിംഗ് ദിനം തെരഞ്ഞെടുത്തത് തുടങ്ങിയ ആദ്യം ദിനം മുതല്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
46 1 minute read