BREAKINGINTERNATIONAL

ആത്മഹത്യചെയ്ത മകന്റെ മൃതദേഹം വീട്ടിലെ മുറിയില്‍ സൂക്ഷിച്ചത് രണ്ടുമാസം; ഓര്‍മക്കുറിപ്പുമായി ഗായിക

ഇരുപത്തിയേഴുകാരനായ മകന്‍ ആത്മഹത്യ ചെയ്തപ്പോള്‍ രണ്ടുമാസം മൃതശരീരം സംസ്‌കരിക്കാതെ അവന്റെ മരണം ഉള്‍ക്കൊള്ളുന്നതുവരെ കാത്തിരുന്നതിനെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് അമേരിക്കന്‍ ഗായിക ലിസ മാരീ പ്രിസ്ലി. ലിസയുടെ മരണാനാന്തരം പ്രസിദ്ധീകരിച്ച ‘From Here to The Great Unknown’ എന്ന പുസ്തകത്തിലാണ് മകന്‍ ബെഞ്ചമിന്‍ ക്യൂവിന്റെ വിയോഗവും തുടര്‍ന്നുണ്ടായ തന്റെ മാനസികാവസ്ഥയെക്കുറിച്ചും തുറന്നെഴുതിയിരിക്കുന്നത്. 2020- ലാണ് ബെഞ്ചമിന്‍ ആത്മഹത്യചെയ്യുന്നത്. ലോസ് ആഞ്ചലിസിലൈ തന്റെ വസതിയില്‍ നന്നായി തണുത്തുറഞ്ഞ ഐസിനുമുകളിലാണ് മകന്റെ മൃതശരീരം അറുപത് ദിവസത്തോളം അവര്‍ സൂക്ഷിച്ചത്. ഉദരരോ?ഗം കാരണം 2023-ല്‍ മരണപ്പെട്ട ലിസയുടെ ഓര്‍മക്കുറിപ്പുകള്‍ പൂര്‍ത്തിയാക്കി പ്രസിദ്ധീകരിച്ചത് മകളും നടിയും അവതാരകയുമായ റൈലി ക്യൂ ആണ്.
‘എന്റെ വീടിനോടുചേര്‍ന്ന് മറ്റൊരു മുറിയുണ്ടായിരുന്നു. അവിടെ ഞാന്‍ ബെന്നിനെ രണ്ടുമാസത്തോളം സൂക്ഷിച്ചു. കാല്‍ഫോര്‍ണിയയില്‍ മരണപ്പെട്ടയാളെ പെട്ടെന്നു തന്നെ അടക്കം ചെയ്യണമെന്ന നിയമമില്ല. വളരെ ദയാലുവായ ഒരു ശ്മശാനത്തിന്റെ ഉടമയെ ഞാന്‍ കണ്ടെത്തി. ബെന്നിനെ ഞാന്‍ നിങ്ങളുടെയടുക്കലെത്തിക്കാം, നിങ്ങള്‍ക്കവനോടൊപ്പമിരിക്കാം’ -അവര്‍ എന്നോട് പറഞ്ഞു. സ്ഫോടനാത്മകമായ തന്റെ ഓര്‍മക്കുറിപ്പില്‍ ലിസ എഴുതി.
സ്വന്തം പിതാവിനോട് അന്ത്യയാത്ര പറഞ്ഞതുപോലെ തന്നെ മകനെയും യാത്രയാക്കാന്‍ അമ്മയ്ക്ക് മതിയായ സമയം വേണമായിരുന്നു എന്ന് റൈലി ക്യൂ എഴുതുന്നു. ലിസയുടെ പിതാവ് എല്‍വിസ് പ്രസ്ലി ലിസയ്ക്ക് ഒമ്പതുവയസ്സുള്ളപ്പോളാണ് അന്തരിക്കുന്നത്. അമേരിക്കന്‍ ഗായകനും നടനുമായിരുന്ന എല്‍വിസ് അറിയപ്പെട്ടിരുന്നത് റോക്ക് ആന്‍ഡ് റോള്‍ രാജാവ് എന്നായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കന്‍ സാംസ്‌കാരിക മുഖങ്ങളില്‍ പ്രധാനപ്പെട്ടയാളായിരുന്നു എല്‍വിസ്. എല്‍വിസിന്റെയും അമേരിക്കന്‍ ബിസിനസ് വനിത പ്രിസില്ല ആന്‍ പ്രിസ്ലിയുടെയും ഏകമകളാണ് ലിസി. മാതാപിതാക്കളുടെ ഭാരിച്ച സ്വത്തുക്കളുടെയും എസ്റ്റേറ്റുകളുടെയും ഏക അവകാശിയായിരുന്നു ലിസി. ‘മരണാനന്തരം എന്റെ പിതാവ് വീട്ടില്‍ത്തന്നെ ഉണ്ടായിരുന്നത് ഇടയ്ക്കിടെ അദ്ദേഹത്തിന്റെയടുക്കല്‍പോയി നില്‍ക്കാനും സംസാരിക്കാനും സമയം ചെലവഴിക്കാനും സഹായിച്ചിരുന്നു’- ലിസി എഴുതി.
മകന്റെ അപ്രതീക്ഷിതമായ വിയോഗത്താല്‍ മാനസികമായി തകര്‍ന്നുപോയ തനിക്ക് അവന്റെ ഭൗതിക ശരീര സാന്നിധ്യം തന്ന സമാധാനവും യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ ലഭിച്ച സാവകാശവും അവനെ സൂക്ഷിച്ച മുറി തന്നതായി ലിസി എഴുതുന്നു. ബെഞ്ചമിന്‍ ക്യൂവിന്റെ ശരീരം കേടുകൂടാതെ സൂക്ഷിക്കാനായി മുറിയുടെ താപം ക്രമീകരിച്ചു. മകന്റെ അന്ത്യനിദ്രയ്ക്കായി ഹവായ്ക്കും ഗ്രേസ് ലാന്റിനും ഇടയില്‍ പറ്റിയ ഒരു സ്ഥലം തീരുമാനിക്കാനും ഏറെ ബുദ്ധിമുട്ടിയതായി ലിസ എഴുതുന്നു. അവന് അടക്കം ചെയ്യാന്‍ വൈകിയതില്‍ ഇതും ഒരു കാരണമായി.
‘അവനുമായി ഞാന്‍ അത്രയേറെ താദാത്മ്യത്തിലെത്തിയിരുന്നു. അവനെ അവിടത്തന്നെ നന്നായി സൂക്ഷിച്ചുവെക്കണം….’ലിസിയുടെ വാക്കുകള്‍ വികാരാധീനമാവുന്നു. ‘അവനെ അങ്ങനെ പരിപാലിക്കുക വഴി ഞാനെന്റെ മാതൃത്വത്തില്‍ കൂടുതല്‍ ഭാഗ്യവതിയായി തോന്നി. കുറച്ച് വൈകിയെങ്കിലും അവന്റെ നിത്യനിദ്രയുമായി ഞാന്‍ പൊരുത്തപ്പെട്ടു.’
ബെഞ്ചമിന്റെ മുത്തച്ഛന്‍ എല്‍വിസിന്റെ ശവകുടീരത്തിനരികിലായിട്ടാണ് ബെഞ്ചമിനും അന്ത്യനിദ്രയൊരുക്കിയത്. ഗ്രേസ്ലാന്റിലെ മാലിബുവിലാണ് ശവകുടീരങ്ങള്‍ സ്ഥിതി ചെയ്യുന്നത്. മകന്റെ വിയോഗം തന്നെ തകര്‍ത്തുകളഞ്ഞെങ്കിലും പെണ്‍മക്കള്‍ക്കുവേണ്ടി ജീവിതം തുടരുകയായിരുന്നെന്നുും കുഞ്ഞുസഹോദരിമാരുടെ സന്തോഷങ്ങളും അവരുടെ ജീവിതവുമാണ് തന്റെ മനസ്സിലെ ആകുലതകളെന്ന് മകന്‍ അവസാനനാളുകളില്‍ തന്നോട് പറഞ്ഞിരുന്നതായും ലിസ എഴുതിയിരിക്കുന്നു.

Related Articles

Back to top button