WEB MAGAZINEARTICLES

ദി സോൾ

വീണാ ദേവി

ആത്മാവ് . പ്രണയം .ഈ രണ്ടു വിഷയങ്ങൾ മനുഷ്യമനസ്സിന്റെ നിലക്കാത്ത സ്പന്ദനങ്ങൾ ആണ് .ആത്മാവിനെ എപ്പോഴും ‘ഞാൻ, എന്റെ , നിന്റെ , അവരുടെ എന്നെല്ലാം ഏകവും അനേകവും ആയ വിരൽചൂണ്ടലുകൾ കൊണ്ട് ഹൃദയത്തിലേക്കും മറ്റുള്ളവരിലേക്കും അടയാളപ്പെടുത്തുമ്പോൾ പ്രണയം എന്ന വികാരം പലപ്പോഴും രൂപം എന്ന ചട്ടക്കൂടിൽ നിന്നും ആണ് ആരംഭിക്കുന്നത് . സിനിമകളിൽ ഏറിയ വിഭാഗവും ആദ്യ ദർശനത്തിൽ പ്രണയത്തിൽ വീഴുന്ന കാമുകീ കാമുകന്മാരാൽ നിറഞ്ഞ പ്രണയകഥകൾ ആണ് . യഥാർത്ഥത്തിൽ രൂപത്തിൽ ആകൃഷ്ടൻ/ ആകൃഷ്ട ആകുന്നതാണോ പ്രണയം എന്ന വികാരം ? അല്ലെങ്കിൽ ഒരാളോട് തോന്നുന്നഇഷ്ടം ? അതിന്റെ മാനസിക മാനദണ്ഡം എന്താണ് ? ഓരോ വ്യക്തികളിലും വ്യത്യസ്തങ്ങളായ അനുഭൂതികളും വികാരങ്ങളും ഉണർത്തുന്ന ഇഷ്ടങ്ങൾ രൂപത്തിൽ നിന്നാണോ തുടങ്ങുക , അതോ ആത്മാവിൽ നിന്നോ ?

ഒരു സയൻസ് ഫിക്ഷൻ ത്രില്ലെർ ഫിലിം ഇത്തരം ഒരു വിഷയത്തെ എങ്ങനെ
കൈകാര്യം ചെയ്യുന്നു എന്നതാണ് ദി സോൾ [ ആത്മാവ് ] എന്ന മാൻഡറിൻ
ചലച്ചിത്രം . തുടക്കത്തിൽ പറയാം , ഇതൊരു അടിമുടി കൊമേർഷ്യൽ ത്രില്ലർ
ആണ് . പക്ഷെ അതിന്റെ കഥയാണ് തികച്ചും പുതുമയുള്ളത് . 2021 ജനുവരിയിൽ റിലീസ് ചെയ്ത ഈ ചിത്രം വേയ് ഹോ ഷെങ് സംവിധാനം ചെയ്തിരിക്കുന്നു . ഈ പേരിൽ തന്നെയുള്ള ഒരു നോവൽ ആണ് കഥയുടെ അടിസ്ഥാനം . കഥ നടക്കുന്നതു ഭാവിയിൽ ആണ് . അതുകൊണ്ടുതന്നെ സാങ്കേതികമായ അറിവിൽ ലോകം ഏറെ
മുൻപോട്ടു കുതിച്ചതായാണ് സങ്കല്പിച്ചിരിക്കുന്നത് .

ദി സോൾ .(2021 )
സംവിധാനം : വേയ് ഷാവോ ഷെങ് .
ചൈനീസ്, മാൻഡറിൻ ( ഇംഗ്ലീഷ് സബ്‌ടൈറ്റിൽ )

അതിസമ്പന്നൻ ആയ വാങ് തന്റെ രോഗക്കിടക്കയിൽ വെച്ച് അതിദാരുണമായികൊല്ലപ്പെടുന്നു . മൃതശരീരത്തിനരുകിൽ മുറിവേറ്റു ബോധരഹിതയായ രണ്ടാം ഭാര്യയും ( ലി യെൻ )ഉണ്ട് . ദുരൂഹമായ ഏതോ മന്ത്രവാദം ശീലിക്കുന്ന ഒരേയൊരു മകൻ ( വാൻ തിയൻയു- അവന് പിതാവിനോട് പകയുണ്ട് . തന്റെ അമ്മയുടെ
മരണത്തിനു കാരണം അയാൾ ആണെന്ന് അവൻ കരുതുന്നു ), ആത്മഹത്യ ചെയ്ത ആദ്യഭാര്യ( സു ഷെൻ ) , വാങ്ങിന്റെ സന്തത സഹചാരിയും ബിസിനെസ്സ്
പങ്കാളിയുമായ സുഹൃത്തു ( ഡോക്ടർ വാൻ)ഇവരെല്ലാം തന്നെ
മരണപ്പെട്ടയാളുമായി വിചിത്രവും ദുരൂഹവുമായ ബന്ധമാണുള്ളത് . ഈ കേസ്
അന്വേഷിക്കുന്നത് പ്രോസിക്യൂട്ടർ ലിആങ്ങും അയാളുടെ ഭാര്യയായ ക്രിമിനൽ
പൊലീസുകാരി അബാവോയും ചേർന്നാണ് . സിനിമയിലെ നായകൻ ആയ
പ്രോസിക്യൂട്ടർ ലിആങ്ങിനെ അവതരിപ്പിക്കുന്നത് പ്രശസ്തനായ തായ്‌വാൻ
നടൻ ഷാങ് ഷെൻ ആണ്. അദ്ദേഹത്തെ ഇതിനു മുൻപ് മലയാളി പ്രേക്ഷകർ ഓസ്കാർ നേടിയ ക്രൗച്ചിങ് ടൈഗർ , ഹിഡൻ ഡ്രാഗൺ  എന്ന ചിത്രത്തിൽ കണ്ടിട്ടുണ്ട് .

പ്രോസിക്യൂട്ടർ ലിയാങ് മരണപ്പെട്ട വാങ്ങിനെപ്പോലെ തന്നെ കാൻസർ
ബാധിതൻ ആയ ഒരാൾ ആണ് . എന്നാൽ ആർ . എൻ എ ഉപയോഗിച്ചുള്ള
അതിനൂതനവും ചിലവേറിയതുമായ ചികിത്സ അയാളുടെ കഴിവിന് അപ്പുറമാണ് .രോഗം ശരീരം കീഴടക്കിക്കഴിഞ്ഞു എങ്കിലും തന്റെ അവസാന കേസ് എന്നനിലയിൽ ലിയാങ് അന്വേഷണം ഏറ്റെടുക്കുന്നു , ഒപ്പം ഗർഭിണിയായ ഭാര്യ അബാവോ അന്വേഷണത്തിൽ സഹായിക്കാനുണ്ട് . ഭാവികാലത്തിൽ നടക്കുന്ന കഥയിൽ ക്യാൻസർ ചികിത്സ എന്നത് ആരോഗ്യവാനായ ഒരാളിന്റെ ആർ എൻ എ ഘടകം
രോഗിയിൽ നിക്ഷേപിച്ചു കൊണ്ടുള്ളതാണ് . എന്നാൽ കഥയിൽ മരണാസന്നനായ രോഗിയുടെ വ്യക്തിപ്രഭാവവും അയാളിലുള്ള ഓർമ്മകളും ആരോഗ്യമുള്ള ഒരാളിലേക്ക് മാറ്റുന്ന കൂടു വിട്ടു കൂടു മാറുന്ന പ്രക്രിയയാണ് നടത്തുന്നത് . മരണപ്പെട്ട വാങ്ങും അയാളുടെ കൂട്ടുകാരനും കമിതാക്കളാണ് . അതുകൊണ്ടുതന്നെ കാൻസർ ബാധിച്ച വാങ് തന്റെ രണ്ടാം ഭാര്യയിലേക്കു കുടിയേറ്റം നടത്തി തന്റെ പങ്കാളിക്ക് പ്രിയപ്പെട്ട സ്ത്രീ തന്നെ ആയി മാറുന്നു . എന്നാൽ സ്ത്രീരൂപമുള്ള പുതിയ വാങ്ങിനെ അയാളുടെ കാമുകന് ഉൾകൊള്ളാൻ ആകുന്നില്ല എന്നതാണ് കൗതുകകരമായ സംഗതി . സ്ത്രീയായ വാങ്ങിനു പുരുഷൻ ആയ വാങ്ങിൽനിന്നും
ബിസിനെസ്സ് സാമ്രാജ്യം കയ്യടക്കണം എന്ന മോഹം ഉണ്ടാകുന്നുണ്ട് . അത്
യഥാർത്ഥ വാങ്ങിന്റെ കൊലയിൽ ആണ് കലാശിക്കുന്നത് .പറിച്ചുനടപ്പെട്ട
ആത്മാവിനെ പങ്കാളിയായ കൂട്ടുകാരൻ തന്നെ രണ്ടാം ഭാര്യയിൽ നിന്നും നീക്കം
ചെയ്ത് അവൾ ഓർമ്മകൾ ഒന്നും തന്നെ ഇല്ലാത്ത ഒരാൾ ആയി മാറുന്നു . ഇതേ
സമയത്തു തന്നെ കേസ് അന്വേഷിക്കുന്ന അബാവോ തന്റെ ഭർത്താവായ
പ്രോസിക്യൂട്ടർ ലിആങ്ങിനു ആർ എൻ എ ചികിത്സ നടത്താൻ വേണ്ടി കേസ്
അട്ടിമറിക്കാൻ തയ്യാറാകുന്നു . കൊലപാതകകുറ്റം വാങ്ങിന്റെ ആദ്യഭാര്യയിലെ
മകനിൽ ചുമത്തപ്പെടുന്നു . എന്നാൽ തുടർന്നുള്ള സംഭവപരമ്പരകൾ തികച്ചും
വ്യത്യസ്തമാണ് . പ്രോസിക്യൂട്ടർ ലിആങ്ങിന്റെ പ്രേരണയിൽ നിരപരാധിയായ
ചെറുപ്പക്കാരനെ രക്ഷിക്കാൻ രണ്ടാം ഭാര്യയായ ലി യെൻ തയ്യാറാകുന്നിടത്തു
കഥാഗതി മാറുന്നു .
ലി യെൻ കുറ്റസമ്മതം നടത്തി ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ് .
പ്രോസിക്യൂട്ടർ ലിയാങ് രോഗം മൂർച്ഛിച്ചു മരിച്ചു . അയാളുടെ ഭാര്യ
അബാവോ അവരുടെ കുഞ്ഞിനെ പ്രസവിച്ചു . സിനിമയുടെ അന്ത്യത്തിൽ
അബാവോ കുഞ്ഞുമായി ജയിലിൽ ലി എന്നിനെ കാണുവാൻ പോകുന്നു . അവളും
അബാവോയും തമ്മിൽ എന്തു ബന്ധം ? ആ കുറ്റവാളിയെ അബാവോ
ഇഷ്ടപ്പെടുന്നുവോ എന്ന് പ്രേക്ഷകർ സംശയിക്കുന്നേടത്തു വ്യത്യസ്തമായ
ഒരു കഥാന്ത്യം ഉണ്ട് . അന്തരിച്ച പ്രോസിക്യൂട്ടർ ലിആങ് കുറ്റവാളിയായ
സ്ത്രീയിൽ കുടിയേറിയിരിക്കുന്നു . അയാളുടെ മാത്രം ശൈലിയിൽ ഉള്ള ഒരു
അംഗവിക്ഷേപം തടവിൽ കഴിയുന്ന ലി യെൻ അബാവോയോട് കാണിക്കുമ്പോഴാണ് പ്രേക്ഷകർ അത് തിരിച്ചറിയുന്നത് .

വിദൂരഭാവിയിൽ എപ്പോഴോ ശാസ്ത്രീയമായ ഒരു മുന്നേറ്റമുണ്ടാകാവുന്ന
വിഷയമാകാം മനുഷ്യരുടെ വ്യക്തിപ്രഭാവം , ഓർമ്മകൾ ഇവ കൈമാറ്റം
ചെയ്യപ്പെടാനുള്ള സാധ്യത എന്നത് . അത്തരം ഒരു വിചിത്ര കല്പനയാണ് ഈ
സയൻസ് ഫിക്ഷൻ സിനിമക്ക് ആധാരം . എന്നാൽ അതൊന്നുമല്ല ഈ സിനിമ

Inline

നമ്മളെ ചിന്തിപ്പിക്കുന്ന വസ്തുതകൾ . അതിലെ ചില സജീവമായ
ആശയങ്ങളാണ് പ്രസക്തമായത് . ഒരു വ്യക്തിയാണോ , മറിച്ചു അയാളുടെത് എന്ന്
നാം കരുതുന്ന ഓർമ്മകൾ ആണോ പ്രധാനം ആയത് ? ഓർമ്മകൾ തന്നെയാണ്
പ്രധാനം എന്നാണ് ഈ സിനിമ മുന്നിലേക്ക് വെക്കുന്ന തത്വചിന്ത . അത്
തികച്ചും സത്യമത്രെ , കാരണം ഒരു വ്യക്തിയെ നിർവചിക്കുന്നത് അയാളുടെ
ഓർമ്മകളിലൂടെ മാത്രമാണ് . ഓർമ്മയാണ് വ്യക്തി – വ്യക്തിയാണ് ഓർമ്മ .
ഓർമ്മകൾ ഇല്ലാതാകുമ്പോൾ അതുമായി ബന്ധപ്പെട്ടവർ തന്നെ ഇല്ലാതാകും .
മനുഷ്യർക്ക് ഏറെ ചിന്തിക്കാനും പറഞ്ഞുപോകാനുമുള്ള ഒരാശയത്തിന്റെ ബീജം
ആണിത് . ഒരു വ്യക്തിയിൽ രൂഢമായ ഓർമ്മയെ തന്നെയാണ് ആത്മാവ് എന്ന്
നിർവചിക്കുന്നത് . പകരം മറ്റൊന്നില്ലാത്ത തികച്ചും തനതായ ഒരു ആശയമാണ്
ഓർമ്മകളുടെ ജീവൽരൂപമായ ആത്മാവ്. ഇതൊരു സെൻ ബുദ്ധിസ്റ്റ് , അല്ലെങ്കിൽ
ടാവോയിസ്റ് തത്വചിന്തയാണെന്നു പറയാം . ഏതൊരു ഓറിയന്റൽ
ഫിലോസഫിയിലും ആത്മാക്കൾക്ക് പ്രാമുഖ്യം കൊടുക്കുന്ന ചിന്താധാരകളുണ്ട് .
സെമിറ്റിക് മതങ്ങളിൽ പോലും മരണശേഷം സ്വർഗം എന്നൊരു പാരലൽ ജീവിതം
സങ്കല്പിക്കുന്നുണ്ട് . അപ്പോൾ തുടർച്ച എന്ന ആശയം മാനവരാശിയുടെ
ബോധമനസ്സിൽ ഉറഞ്ഞുകിടക്കുന്ന ഒന്നത്രേ . അതുതന്നെയായിരിക്കാം
ആത്മാവിന്റെ ശാസ്ത്രീയമായ കൂടുമാറൽ എന്ന സ്വപ്നത്തിനും പിന്നിൽ .

ദി സോൾ ഒരു മാസ്സ് എന്റെർറ്റൈനെർ മാത്രമാണ് . ടൈം ട്രാവൽ പോലെയോ ,
ഇന്റർ ഗാലക്ടിക് അഡ്വെഞ്ചർ പോലെയോ ഉള്ള മറ്റൊരു ചലച്ചിത്രം . എന്നാൽ
അതിലൊരു രസകരമായ ചിന്തയുണ്ട് . അതുകൊണ്ടുമാത്രമാണിത് ഇവിടെ
പരാമർശിച്ചത് .ഈ സിനിമയിൽ എടുത്തുപറയേണ്ട ഒരു കാര്യമുണ്ട് . അത് ഷാങ് ഷെൻ എന്ന നടൻ അവതരിപ്പിക്കുന്ന നായകൻ ആണ് . ഗുരുതരമായി കാൻസർ ബാധിച്ചപ്രോസിക്യൂട്ടർ ലിആങ് . അതിഗംഭീരം എന്ന് ഉറക്കെപ്പറയാവുന്നകഥാപാത്രസന്നിവേശവും അഭിനയവും ആണ് ഷാങ് ഷെനിന്റേത് . ഏതൊരു കഥാപാത്രവും ആയിമാറാനുള്ള പ്രതിഭാശേഷി ഈ നടനെ പ്രശസ്തസംവിധായകരുടെ പ്രിയങ്കരൻ ആക്കിയിട്ടുണ്ട് . ദി സോളിലെ രോഗാതുരനായ മനുഷ്യന്റെ വേദനകൾ പ്രേക്ഷകരുടെ ഉള്ളിലേക്കും പടരും . ദേശീയവും അന്തര്‍ദേശീയവും ആയ അനേകം പുരസ്കാരങ്ങളും നോമിനേഷനുകളും ലഭിച്ചിട്ടുണ്ട് അദ്ദേഹത്തിന് .

പിൻ കുറിപ്പ് :

ആയിരത്തിത്തൊള്ളായിരത്തി ഇരുപതുകൾ മുതൽക്ക് നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിനിമകൾക്ക് വിഷയമായിട്ടുണ്ട് . പലതും അന്ന് അവിശ്വസനീയമായ ഒരു ഭാവന ആയിരുന്നു എങ്കിലും ചിലത് പിന്നീട്
ശാസ്ത്രലോകം യാഥാർഥ്യമാക്കിത്തീർത്തു . ഇന്ന് നമ്മുടെ
മാനസികവ്യാപാരങ്ങൾ പോലും ചെറു പദങ്ങളിൽനിന്നും അരിച്ചെടുക്കുകയും
വിശകലനം ചെയ്യുകയും ചെയ്യുന്നത് നിർമിത ബുദ്ധിയുടെ ഒരു വിനോദം പോലെആയിരിക്കുന്നു . ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു അല്ലെ !

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker