കൊച്ചി: ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നത് മനുഷ്യന്റെ അഹന്തയെന്ന് ഹൈക്കോടതി. മൃഗങ്ങള്‍ക്ക് എതിരായ അതിക്രമങ്ങളുടെ പേരില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.
കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ എഴുന്നള്ളത്തിന് ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്തയാണ്. തിമിംഗിലം കരയില്‍ ജീവിക്കുന്ന ജീവിയല്ലാത്തത് ഭാഗ്യം. ഇല്ലെങ്കില്‍ തിമിംഗലത്തെയും എഴുന്നള്ളത്തിന് ഉപയോഗിച്ചേനെയെന്നും കോടതി വിമര്‍ശിച്ചു.
ഭാരം മറ്റൊരു കാലിലേക്ക് മാറ്റാന്‍ പോലും കഴിയാത്ത വിധം മുറുക്കിയാണ് ആനകളുടെ ഇരുകാലുകളും തമ്മില്‍ ബന്ധിപ്പിക്കുന്നത്. കാലുകള്‍ ബന്ധിക്കപ്പെട്ട ഒരു മനുഷ്യന് അഞ്ച് മിനിറ്റെങ്കിലും നില്‍ക്കാന്‍ കഴിയുമോ. മുന്‍കാലുകള്‍ ബന്ധിപ്പിച്ച് മണിക്കൂറുകളോളം നില്‍ക്കുന്ന ആനയുടെ സ്ഥിതി മനുഷ്യന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു.
ആനകളെ എഴുന്നള്ളിക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചുള്ള ചില നിര്‍ദേശങ്ങളും കോടതി മുന്നോട്ടു വെച്ചു. ഉത്സവങ്ങള്‍ക്കിടയില്‍ ആനകള്‍ക്ക് മതിയായ വിശ്രമം നല്‍കണം. ആനകളെ അണിനിരത്തുന്ന ക്ഷേത്രങ്ങളിലോ മറ്റ് ഇടങ്ങളിലോ മതിയായ ഇടം ഉണ്ടായിരിക്കണം. ആനകള്‍ക്കിടയില്‍ അകലം പാലിക്കുകയും ആള്‍ത്തിരക്ക് നിയന്ത്രിക്കുകയും വേണം. ആനകള്‍ക്ക് ആവശ്യമായ ഭക്ഷണം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു
തിരുവനന്തപുരത്ത് വളര്‍ത്തുനായയെ അടിച്ചുകൊന്ന സംഭവത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. അരിക്കൊമ്പന്‍ വിഷയം ഉള്‍പ്പെടെ ഈ കേസില്‍ കോടതി പരിഗണിച്ചിരുന്നു
42 Less than a minute