BREAKINGKERALA
Trending

ആന എഴുന്നള്ളിപ്പില്‍ നാട്ടാന പരിപാലന ചട്ടം ഭേദഗതി ചെയ്യണമെന്ന് സിപിഐ; ആഘോഷ പരിപാടികള്‍ ചടങ്ങുകള്‍ മാത്രമാകുന്നതില്‍ ആശങ്ക

തിരുവനന്തപുരം: ആന എഴുന്നള്ളിപ്പില്‍ നാട്ടാന പരിപാലന ചട്ടം ഭേദഗതി ചെയ്യണമെന്ന് സിപിഐ. ഉത്സവാഘോഷങ്ങള്‍ക്ക് തടസ്സമില്ലാത്ത ഭേദഗതി വേണം. പരമ്പരാഗ ഉത്സവാഘോഷ പരിപാടികള്‍ നടത്താനാവാത്ത സ്ഥിതിയെന്ന് സിപിഐ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി വ്യക്തമാക്കി. ആഘോഷ പരിപാടികള്‍ ചടങ്ങുകള്‍ മാത്രമാകുന്നതില്‍ ആശങ്കയെന്നും കമ്മിറ്റി വ്യക്തമാക്കുന്നു.
ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് ആന എഴുന്നള്ളിപ്പിലടക്കം കര്‍ശന നിയന്ത്രണങ്ങള്‍ നിലവില്‍ വന്നിരിക്കുന്നത്. ഈ നിയന്ത്രണങ്ങള്‍ തൃശൂര്‍ പൂരമടക്കമുള്ള സംസ്ഥാനത്തെ ഉത്സവാഘോഷങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് സിപിഐ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് യോഗം വിലയിരുത്തുന്നത്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് പ്രശ്ന പരിഹാരം കാണണമെന്നാണ് സിപിഐ ജില്ലാ എക്സിക്യുട്ടീവിന്റെ ആവശ്യം. കുടമാറ്റമടക്കമുള്ള തൃശൂര്‍ പൂരത്തിലെ പ്രധാന ആകര്‍ഷണങ്ങളെല്ലാം നിലവിലെ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ചടങ്ങുകള്‍ മാത്രമായി മാറും എന്നുള്ള ആശങ്ക കൂടി സിപിഐ മുന്നോട്ട് വെക്കുന്നുണ്ട്.
വെടിക്കെട്ടുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കേന്ദ്രത്തിനെതിരെയും രൂക്ഷമായ വിമര്‍ശനം സിപിഐ ജില്ലാ എക്സിക്യുട്ടീവ് ഉന്നയിക്കുന്നുണ്ട്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉള്‍പ്പെടെ നിലവിലെ പ്രശ്നത്തില്‍ ഉത്തരവാദികളെന്നും സിപിഐ ആരോപിച്ചു.

Related Articles

Back to top button