തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യ പ്രശ്‌നത്തില്‍ ഗുരുതര കൃത്യവിലോപം നടത്തിയ തിരുവനന്തപുരം കോര്‍പറേഷനിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ മേയര്‍ സസ്‌പെന്റ് ചെയ്തു. തോടിന്റെ തമ്പാനൂര്‍ ഭാഗം ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ ചുമതലയുളള സെക്രട്ടറിയേറ്റ് സര്‍ക്കിള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ഗണേഷിനെയാണ് ആഭ്യന്തര അന്വേഷണ റിപ്പോര്ട്ടിനെ തുടര്‍ന്ന് സസ്‌പെന്റ് ചെയ്തത്. തോട് വൃത്തിയാക്കാത്തതില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ റെയില്‍വേയെ പഴിക്കുമ്പോഴാണ് കോര്‍പറേഷന്റെ വീഴ്ചയില്‍ ഉദ്യോഗസ്ഥനെതിരെയും നടപടിയെടുത്തത്.
ആമയിഴഞ്ചാന്‍ തോട് ശുചിയാക്കുന്നതിനിടെ തൊഴിലാളിയായ ജോയി മരിച്ച സംഭവം വന്‍ വിവാദമായിരുന്നു. തുടക്കം മുതല്‍ തന്നെ മേയറും സര്‍ക്കാരും റെയില്‍വേയെ കുറ്റപ്പെടുത്തിയിരുന്നു. തമ്പാനൂര്‍ സ്റ്റേഷനിലൂടെ കടന്നുപോകുന്ന തോടിന്റെ ഭാഗം വൃത്തിയാക്കുന്നതില്‍ റെയില്‍വേ വരുത്തിയ ഗുരുതര വീഴ്ചയാണ് എല്ലാത്തിനും കാരണം എന്നായിരുന്നു കുറ്റപ്പെടുത്തല്‍. ജോയിയുടെ മരണമുണ്ടായി ഒരാഴ്ച പിന്നിടുമ്പോഴാണ് കോര്‍പറേഷന്‍ സ്വന്തം ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്.
ആമയിഴഞ്ചാന്‍ തോട് കടന്നുപോകുന്ന രാജാജി നഗര്‍, പാളയം, തമ്പാനൂര്‍ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ മേല്‍നോട്ട ചുമതല സെക്രട്ടറിയേറ്റ് സര്‍ക്കിള്‍ ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍ കെ ഗണേഷിനാണ്. നിശ്ചിത ഇടവേളകളില്‍ തോട് വൃത്തിയാക്കുക,സ്വകാര്യ സ്ഥാപനങ്ങള ഉള്‍പ്പെടെ തോട്ടില്‍ മാലിന്യം ഇടുന്നത് തടയുക തുടങ്ങിയ ചുമതലകള്‍ ഗണേഷിനായിരുന്നു. കോര്‍പറേഷന്‍ ആരോഗ്യവിഭാഗം നടത്തിയ അന്വേഷണത്തില്‍ ഗണേഷന്‌റെ ഭാഗത്ത് ഗുരുതര വീഴ്ച വന്നതായാണ് കണ്ടെത്തല്‍.
ഗണേഷ് കൃത്യമായി തന്റെ ജോലി ചെയ്തിരുന്നുവെങ്കില്‍ ഇത്രയധികം മാലിന്യം അടിഞ്ഞുകൂടില്ലായിരുന്നുവന്നും മേയര്‍ ആര്യ രാജേന്ദ്രന് സമര്‍പ്പിച്ച ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ആമയിഴഞ്ചാന്‍ തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിയ സ്ഥാപനം അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ടിട്ടും ഗണേശ് തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒടുവില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തിയാണ് സ്ഥാപനം അടപ്പിച്ചത്.
92 1 minute read