കൊച്ചി: തിരുവനന്തപുഴം ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിറങ്ങിയ തൊഴിലാളി ജോയിയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ തോട്ടിലെ മാലിന്യനീക്കത്തെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. മാലിന്യനീക്കത്തില്‍ റെയില്‍വേയും കോര്‍പറേഷനും പരസ്പരം പഴിചാരുന്നത് കേള്‍ക്കാനല്ല തങ്ങളിരിക്കുന്നതെന്ന് കോടതി പറഞ്ഞു. മാലിന്യനീക്കം എങ്ങനെയെന്ന് കോര്‍പറേഷനും റെയില്‍വേയും കോടതിയെ അറിയിക്കണം. ദുരന്തത്തില്‍ അമിക്കസ്‌ക്യൂറിയെ നിയോഗിച്ച കോടതി സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു. ജോയിയുടെ മരണം നിര്‍ഭാഗ്യകരമാണെന്നും കോടതി പറഞ്ഞു.
റെയില്‍ വേ ഭൂമിയിലേക്ക് മാലിന്യമെത്തുന്നില്ലെന്ന് റെയില്‍വേയും മാലിന്യം തോട്ടിലേക്ക് വിടുന്നില്ലെന്ന് കോര്‍പറേഷനും ഉറപ്പാക്കണെമെന്ന് ഹൈക്കോടതി പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കനാലിലൂടെ ഒഴുക്കിവിടാന്‍ പാടില്ലായിരുന്നുവെന്ന് കോടതി ഓര്‍മിപ്പിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തോട്ടിലൂടെ ഒഴുകുന്നില്ലെന്ന് കോര്‍പ്പറേഷനും സര്‍ക്കാരും ഉറപ്പിക്കണമായിരുന്നു.റെയില്‍വേ ടണലിലൂടെ മാലിന്യം ഒഴുകുന്നത് കോര്‍പ്പറേഷന്‍ തടയണമായിരുന്നു. ടണലിലെ വെള്ളം കറുത്ത് കലങ്ങിയ നിലയിലായിരുന്നു. അതിനര്‍ത്ഥം കോര്‍പ്പറേഷന്‍ സമയബന്ധിതമായി മാലിന്യനീക്കം ചെയ്തില്ലെന്നാണ്. മാലിന്യ സംസ്‌കരണം എങ്ങനെയെന്നതില്‍ കോടതി റെയില്‍വേയോട് വിശദീകരണം തേടിയിട്ടുമുണ്ട്.
അമിക്കസ് ക്യൂറിയ്ക്ക് തിരുവനന്തപുരം വരെയുള്ള യാത്രാ സൗകര്യം റെയില്‍വേ ഒരുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. തിരുവനന്തപുരത്തെത്തുന്ന അമിക്കസ്‌ക്യൂറിയ്ക്ക് സര്‍ക്കാരും ,കോര്‍പ്പറേഷനും അനുബന്ധ സൗകര്യവും ഒരുക്കണം. ഓപ്പറേഷന്‍ അനന്തയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ആശയ വിനിമയം നടത്താനും അമിക്കസ് ക്യൂറിയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കോടതി പറഞ്ഞു. .5 ലക്ഷം രൂപ പ്രതിഫലമായി അമിക്കസ് ക്യൂറിയ്ക്ക് നല്‍കണം. സര്‍ക്കാര്‍ ,കോര്‍പ്പറേഷന്‍ ,റെയില്‍വേ എന്നിവരാണ് അമിക്കസ് ക്യൂറിയ്ക്ക് പ്രതിഫലം നല്‍കേണ്ടതെന്നും കോടതി അറിയിച്ചു.
68 1 minute read