കൊട്ടാരക്കര : വനിതാ സെല്ലില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാര്‍ ഏറ്റുമുട്ടി. കൈയ്ക്കു പരിക്കേറ്റ എസ്.ഐ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സീനിയോറിറ്റിയെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഏറ്റുമുട്ടലിനു കാരണമായത്. വനിതാ സെല്‍ ചുമതലയുണ്ടായിരുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിരമിച്ചപ്പോള്‍ സെല്ലിന്റെ ചുമതല ലഭിച്ച എസ്.ഐ.യും പിന്നീടെത്തിയ മറ്റൊരു എസ്.ഐ.യുമാണ് ഏറ്റുമുട്ടിയത്.ഇരുവരും സീനിയോറിറ്റിയെച്ചൊല്ലി തര്‍ക്കം പതിവായിരുന്നു. പലപ്പോഴും ഇതേച്ചൊല്ലി വാക്കുതര്‍ക്കം നടന്നിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. കൂടാതെ ഒരാള്‍ക്കെതിരേ മറ്റൊരാള്‍ ഡി.ജി.പി.ക്ക് പരാതിയും നല്‍കിയിരുന്നു. പരാതിക്കാരോട് മോശമായി പെരുമാറുന്നു, ക്രമക്കേടുകള്‍ കാട്ടുന്നു തുടങ്ങിയവ ആയിരുന്നു പരാതിയിലെ ആരോപണങ്ങള്‍.കഴിഞ്ഞ ദിവസം വാക്കുതര്‍ക്കം കൈയാങ്കളിയിലേക്കു കടക്കുകയായിരുന്നു. പരാതിക്കാരുള്‍പ്പെടെ ഓഫീസിലുള്ളപ്പോഴായിരുന്നു അസഭ്യം വിളികളോടെ ഏറ്റുമുട്ടിയത്. മല്‍പ്പിടിത്തത്തിനിടെ സെല്‍ ചുമതലയുള്ള എസ്.ഐ.യുടെ കൈയ്ക്കു പരിക്കേല്‍ക്കുകയായിരുന്നു. കൈയ്ക്ക് പൊട്ടല്‍ സംഭവിച്ചതായി പരിശോധനയില്‍ കണ്ടെത്തി. സംഭവത്തില്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് തേടി.