കൊവിഡ് വ്യാപനത്തിൽ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊവിഡ് അതിവേഗം പടരുമ്പോൾ സംസ്ഥാന സർക്കാർ നിസംഗത പുലർത്തുന്നു. മൂന്നാം തരംഗത്തെ നേരിടാൻ സർക്കാർ ഒന്നും ചെയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ പക്കൽ ആക്ഷൻ പ്ലാനൊന്നുമില്ല. ആശുപത്രികളിൽ പോലും അടിസ്ഥാന സൗകര്യങ്ങളില്ല. മൂന്നാം തരംഗത്തിൽ സ്വകാര്യ ആശുപത്രികളാണ് ജനത്തിന് ആശ്രയമാകുന്നത്. പാവപ്പെട്ടവർക്ക് ഒരു സൗകര്യവുമില്ലെന്നും അദ്ദേഹം വിമർശിച്ചു.
മൂന്നാം തരംഗം നേരിടുന്നതിൽ സംസ്ഥാനത്തെ ആരോഗ്യവകുപ്പ് പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ജാഗ്രതയല്ലെതെ എന്ത് സംവിധാനമാണ് സംസ്ഥാനത്ത് ഉള്ളതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കണം. ആരോഗ്യവകുപ്പ് നിശ്ചലമാണ്. രണ്ടു മാസം മുൻപ് കിട്ടിയ മുന്നറിയിപ്പ് പോലും സംസ്ഥാന സർക്കാർ കണക്കിലെടുത്തില്ലെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
സംസ്ഥാന സർക്കാർ എന്ത് സൗകര്യമാണ് ഏർപ്പെടുത്തിയതെന്നും അദ്ദേഹം ചോദിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് ജാഗ്രതയെന്ന് മാത്രം ആവർത്തിച്ച് പറയുകയാണ്. ആരോഗ്യവകുപ്പിന് ഒരു റോളുമില്ലാത്ത സ്ഥിതിയാണ്. സംസ്ഥാന സർക്കാരിന്റെ പക്കൽ ഒരു വിവരവുമില്ല. വകുപ്പ് നിശ്ചലമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.