ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിസ്ത പദ്ധതിയില്‍ പ്രതിപക്ഷത്തിനെതിരേ ആഞ്ഞടിച്ച് ഭവനനഗരകാര്യ സഹമന്ത്രി ഹര്‍ദീപ് സിംഗ് പുരി. സെന്‍ട്രല്‍ വിസ്ത പദ്ധതിയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് പറഞ്ഞ ഹര്‍ദീപ് സിങ് പുരി അഭിപ്രായപ്രകടന സമയത്ത് മാന്യത പാലിക്കണെമെന്നും ഉപദേശിച്ചു. ആരോഗ്യമേഖലയ്ക്കുള്ള ചെലവും സെന്‍ട്രല്‍ വിസ്ത പദ്ധതിക്കായി ചെലവഴിക്കുന്ന പണവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും ടൈംസ് നൗവിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
‘ സെന്‍ട്രല്‍ വിസ്ത പദ്ധതിയെ വിമര്‍ശിക്കുന്ന ചിലര്‍ മാന്യതയുടെ പരിധി പരിഗണിക്കണം. പദ്ധതിയെക്കുറിച്ച് തികച്ചും നിയമാനുസൃതമായ ഒരു പുസ്തകമുണ്ട്. 2022 ല്‍ ഒരു സ്വതന്ത്ര രാജ്യമെന്ന നിലയില്‍ രാജ്യം 75ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഒരു പുതിയ പാര്‍ലമെന്റ് ആവശ്യമാണ്, കാരണം നിലവിലുള്ളത് ഭൂകമ്പ മേഖല 4 ലാണ്. ‘ ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
നേരത്തെ, സെന്‍ട്രല്‍ വിസ്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്യണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഹര്‍ജിക്കാര്‍ക്ക് ഒരുലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേലിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി തള്ളിയത്. പരാതിക്കാര്‍ പ്രത്യേക ഉദ്ദേശ ലക്ഷ്യത്തോടെയാണ് ഹര്‍ജി ഫയല്‍ ചെയ്തതെന്നും ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.
സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നവര്‍ താമസിക്കുന്നത് നിര്‍മാണം നടക്കുന്ന ഇടത്തുതന്നെയാണ്. അതിനാല്‍ കോവിഡ് വ്യാപനം ഉണ്ടാകില്ല. ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് പ്രകാരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു തടസവുമില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. പദ്ധതി ദേശീയ പ്രധാന്യമുള്ള നിര്‍മാണ പ്രവര്‍ത്തനമാണെന്നും 2021 നവംബര്‍ 21ന് മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.