BREAKINGKERALA

ആരോപണത്തിന്റെ പേരില്‍ രാഷ്ട്രീയജീവിതം പകരമെടുക്കാന്‍ അനുവദിക്കില്ല; ദിവ്യക്ക് പിന്തുണയുമായി ജെയ്ക്ക്

കോഴിക്കോട്: കണ്ണൂര്‍ എഡിഎം കെ നവീന്‍ ബാബു മരണപ്പെട്ട സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് പിന്തുണയുമായി സിപിഎം നേതാവ് ജെയ്ക്ക് സി തോമസ്. ആരോപണം ഉന്നയിച്ചു എന്നതിന്റെ പേരില്‍ ഒരാളുടെ രാഷ്ട്രീയ ജീവിതം പകരം എടുക്കാന്‍ അനുവദിക്കില്ല. സംരംഭകന്‍ കൈക്കൂലി കൊടുത്തു എന്ന വിവരം കൂടി പുറത്തുവരുന്നുണ്ട്. വസ്തുതകള്‍ പുറത്തുവരട്ടെയെന്നും ജെയ്ക്ക് കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍, പിപി ദിവ്യയെ തള്ളുന്നതാണ് സിപിഎമ്മിന്റെ ഔദ്യോഗിക നിലപാട്. യാത്രയയപ്പ് ചടങ്ങില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമര്‍ശനം മാത്രമാണ്. തെറ്റായ പ്രവണതകള്‍ അനുഭവത്തില്‍ ഉണ്ടായാല്‍ പലരും ജനപ്രതിനിധികളോട് അവരുടെ സങ്കടങ്ങള്‍ വിവരിക്കാറുണ്ട്. അത്തരം ജനങ്ങളുടെ സങ്കടങ്ങള്‍ കേട്ടുകൊണ്ടുള്ള പ്രതികരണമാണെങ്കിലും യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഒഴിവാക്കേണ്ടതായിരുന്നു. ഉയര്‍ന്നു വന്ന പരാതികളെക്കുറിച്ചെല്ലാം സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് അഭ്യര്‍ഥിക്കുന്നു- പ്രസ്താവനയില്‍ പറഞ്ഞു.

Related Articles

Back to top button