BREAKINGKERALA

ആര്‍എസ്എസ് കൂടിക്കാഴ്ച; അജിത് കുമാറിന്റെ മൊഴിയെടുത്ത് ഡിജിപി, അന്‍വറിന്റെ ആരോപണങ്ങളിലും മൊഴിയെടുക്കും

തിരുവനന്തപുരം: ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലെ അന്വേഷണത്തിന്റെ ഭാഗമായി എഡിജിപി എംആര്‍ അജിത് കുമാറിന്റെ മൊഴി വീണ്ടും രേഖപ്പെടുക്കുന്നു. ഡിജിപി ഷെയ്ക്ക് ദര്‍ബേഷ് സാഹിബാണ് അജിത് കുമാറിന്റെ മൊഴിയെടുക്കുന്നത്. പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തിയാണ് മൊഴിയെടുപ്പ്. അന്‍വര്‍ ഉന്നയിച്ച ആരോപനങ്ങളിലും അജിത് കുമാറിന്റെ മൊഴി രേഖപ്പെടുത്തും. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് എംആര്‍ അജിത്തിന്റെ മൊഴിയെടുക്കുന്നത്.
എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെയുള്ള ആരോപണങ്ങള്‍ സര്‍ക്കാരിനെപ്പെടുത്തിയിരിക്കുന്നത് ഗുരുതര പ്രതിസന്ധിയിലായിരുന്നു. പി വി അന്‍വറിന്റെ അജിത് കുമാറിനെതിരെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ഇദ്ദേഹത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി പദവിയില്‍ നിന്ന് മാറ്റണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. കേസ് അട്ടിമറിക്കല്‍, കള്ളക്കടത്ത് സംഘവുമായുള്ള ബന്ധം, ആര്‍ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിങ്ങനെ അജിത് കുമാറിനെതിരെ ഉയര്‍ന്നത് 14 ആരോപണങ്ങളാണ്. തൊട്ടുപിന്നാലെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച പരാതിയും ഡിജിപി മുമ്പാകെ എത്തി. കവടിയാറില്‍ ഭൂമി വാങ്ങി,ആഢംബര്‍ വീട് നിര്‍മിക്കുന്നു, ബന്ധുക്കള്‍ക്ക് വേണ്ടി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നു എന്നൊക്കെയായിരുന്നു ആരോപണങ്ങള്‍.
ആര്‍ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ കുറച്ച് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ച് 20 ദിവസം കഴിഞ്ഞാണ് എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. ആര്‍എസ്എസ് നേതാക്കളെ കണ്ടെന്ന് എഡിജിപി മുഖ്യമന്ത്രിയോട് സമ്മതിച്ചിട്ടും ഒരന്വേഷണവും ഇതുവരെ ഉണ്ടായില്ല. എഡിജിപിയെ മാറ്റണമെന്ന് പ്രതിപക്ഷം മാത്രമല്ല എല്‍ഡിഎഫ് യോഗത്തില്‍ സിപിഐ അടക്കമുള്ള ഘടകകക്ഷികളും ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്വേഷണം നടക്കട്ടെ എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. തൃശൂരിലെ ആര്‍എസ്എസ് ക്യാമ്പില്‍ വെച്ചാണ് ആര്‍എസ്എസിന്റെ നമ്പര്‍ ടു നേതാവായ ദത്താത്രേയ ഹൊസബാളെ എഡിജിപി കണ്ടത്. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സുഹൃത്തായ ആര്‍എസ്എസ് നേതാവിനൊപ്പമായിരുന്നു കൂടിക്കാഴ്ച.
തൃശൂരിലെ കൂടിക്കാഴ്ച കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളിലായിരുന്നു കോവളത്ത് മറ്റൊരു ആര്‍എസ്എസ് നേതാവായ റാം മാധവുമായുള്ള കൂടിക്കാഴ്ച. അതില്‍ ചില ബിസിനസ് പ്രമുഖരുമുണ്ടായിരുന്നു. എന്ത് സ്വകാര്യകാര്യത്തിനാണ് എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടത്. ആരൊക്കെ ഒപ്പമുണ്ടായിരുന്നു. എന്ത് കൊണ്ട് അന്വേഷണം ഇത്ര വൈകി. ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതിരിക്കെയാണ് ഡിജിപിയുടെ അന്വേഷണം.

Related Articles

Back to top button