BREAKINGENTERTAINMENTKERALA

ആര്‍ക്കെതിരെയാണ് വിവേചനമെന്നും പരാതിപ്പെട്ടതെന്നും വിശദമായി പഠിക്കണം, കൂടിയാലോചിക്കണം-സിദ്ദിഖ്

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി താരസംഘടന ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖ്. ആര്‍ക്കെതിരെയാണ് വിവേചനം ഉണ്ടായതെന്നും ആരൊക്കെയാണ് പരാതിപ്പെട്ടതെന്നും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വിശദമായ പഠിക്കേണ്ടതുണ്ടെന്ന് സിദ്ദിഖ് പറഞ്ഞു. മറ്റ് സംഘടനകളുമായി കാര്യങ്ങള്‍ കൂടിയാലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഏത് കാര്യത്തിലാണ് മറുപടി പറയേണ്ടതെന്നതിന് കൃത്യമായ ധാരണയില്ല. രണ്ട് ദിവസമായി ”അമ്മ”യുടെ ഒരു ഷോയുടെ റിഹേഴ്‌സലുമായി ബന്ധപ്പെട്ട് എല്ലാവരും എറണാകുളത്ത് കൂടിയിരിക്കുകയാണ്. റിപ്പോര്‍ട്ട് വിശദമായിട്ട് പഠിച്ചിട്ട് എന്ത് മറുപടിയാണ് പറയേണ്ടത് എന്നതിനെപ്പറ്റി തീരുമാനമെടുക്കാം. മറ്റ് സംഘടനകളുമായി കൂടിയാലോചിക്കേണ്ടതുണ്ട്. വളരെ സെന്‍സിറ്റീവ് ആയ വിഷയമാണ്. അറിയാതെ ഒരു വാക്ക് പറഞ്ഞാല്‍ പോലും ഭാവിയില്‍ വലിയ പ്രശ്‌നങ്ങളുണ്ടാകും.
ആര്‍ക്കെതിരെയാണ് വിവേചനം, ഏത് രീതിയിലാണ് വിവേചനം, ആരാണ് പരാതിപ്പെട്ടത്, ആര്‍ക്കെതിരെയാണ് പരാതി എന്നൊക്കെ വിശദമായി പഠിക്കണം’, സിദ്ദിഖ് പറഞ്ഞു.
ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. 233 പേജുള്ള റിപ്പോര്‍ട്ടിലെ ചില ഭാ?ഗങ്ങള്‍ ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് എത്തിയത്. ഇതില്‍ ആളുകളുടെ സ്വകാര്യതയെ ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. 49ാം പേജിലെ 96ാം പാരഗ്രാഫും 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 165 മുതല്‍ 196 വരെയുള്ള പേജുകളില്‍ ചില പാരഗ്രാഫുകള്‍ വെളിപ്പെടുത്തിയിട്ടില്ല. മൊഴികള്‍ അടക്കമുള്ള അനുബന്ധ റിപ്പോര്‍ട്ടും പുറത്തുവിട്ടിട്ടില്ല.
മലയാള സിനിമയിലെ പ്രശ്‌നങ്ങളെക്കുറിച്ചു പഠിക്കാനാണ് റിട്ടയേര്‍ഡ് ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സര്‍ക്കാര്‍ നിയമിച്ചത്. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് 2019 ഡിസംബര്‍ 31നാണ് സര്‍ക്കാരിനു കൈമാറിയത്.
റിപ്പോര്‍ട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍ സമര്‍പ്പിച്ച ഹര്‍ജിയും തള്ളിയതോടെ റിപ്പോര്‍ട്ട് പുറത്തുവരുന്നതിലുള്ള തടസങ്ങളെല്ലാം നീങ്ങുകയായിരുന്നു. റിപ്പോര്‍ട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച തടസ ഹര്‍ജി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. ചൊവ്വാഴ്ച അവധിയായതിനാല്‍കൂടിയാണ് റിപ്പോര്‍ട്ട് തിങ്കളാഴ്ചതന്നെ പുറത്തുവിട്ടത്.

Related Articles

Back to top button