LATESTNATIONAL

ആര്യന്‍ ഖാനെതിരായ ലഹരി കേസ്; അശ്രദ്ധമായി അന്വേഷണം നടത്തിയതിന് വാംഖഡേയ്‌ക്കെതിരേ നടപടി

മുംബൈ: ലഹരിമരുന്നു കേസില്‍ നടന്‍ ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ് ലഭിച്ചതിനു പിന്നാലെ, ആര്യനെ അറസ്റ്റ് ചെയ്ത നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) മുംബൈ സോണല്‍ മേധാവിയായിരുന്ന സമീര്‍ വാങ്കഡെയ്‌ക്കെതിരെ നടപടിക്കു ശുപാര്‍ശ. ജോലിക്കായി വ്യാജ ജാതിരേഖ ചമച്ചെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നേരിടുന്ന സമീര്‍ വാങ്കഡെയ്‌ക്കെതിരെ, ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിമരുന്നു കേസിലെ അശ്രദ്ധമായ അന്വേഷണം കൂടി മുന്‍നിര്‍ത്തിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടിക്കു ശുപാര്‍ശ ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച സമര്‍പ്പിച്ച 6,000 പേജുള്ള കുറ്റപത്രത്തില്‍നിന്ന് ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ആറുപേരെ എന്‍സിബി ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ആര്യനെ അറസ്റ്റ് ചെയ്ത സമീര്‍ വാങ്കഡെയ്‌ക്കെതിരെ അശ്രദ്ധമായ അന്വേഷണത്തിന്റെ പേരില്‍ നടപടിക്കു ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതിനൊപ്പം ജോലിക്കായി വ്യാജ ജാതിരേഖ ചമച്ചെന്ന ആരോപണവും അന്വേഷിക്കുമെന്നാണ് സൂചന.
ആര്യന്റെ അറസ്റ്റിനു പിന്നാലെ വിവാദങ്ങള്‍ ഉടലെടുത്തതോടെ, സമീര്‍ വാങ്കഡെയെ ആര്യന്‍ ഖാന്‍ കേസ് ഉള്‍പ്പെടെ 6 ലഹരിക്കേസുകളുടെ അന്വേഷണച്ചുമതലയില്‍ നിന്നു നീക്കിയിരുന്നു. വാങ്കഡെയ്‌ക്കെതിരെ വ്യാജ ജാതിരേഖ ചമച്ചെന്ന ആരോപണം ആദ്യം ഉന്നയിച്ച മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്റെ മരുമകന്‍ കുറ്റാരോപിതനായ ലഹരിക്കേസും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ശേഷിക്കുന്നവയെല്ലാം ബോളിവുഡ് ബന്ധമുള്ള കേസുകളായിരുന്നു.
പിതാവും നടനുമായ ഷാറുഖ് ഖാനോട് ആര്യനെ കേസില്‍ നിന്നൊഴിവാക്കാന്‍ കോടികള്‍ ചോദിച്ചെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ക്കു പിന്നാലെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ച എന്‍സിബി, വാങ്കഡെയെ ഡല്‍ഹിയിലേക്കു വിളിപ്പിച്ചിരുന്നു. തുടര്‍ന്ന്, ഉന്നതഉദ്യോഗസ്ഥര്‍ മുംബൈയിലെത്തി വിശദാംശങ്ങള്‍ തേടി. ഒരേയാളെ പല കേസുകളില്‍ സാക്ഷിയാക്കി, ലഹരി റെയ്ഡുകളില്‍ തട്ടിപ്പുകാരെ ഒപ്പം കൂട്ടി, എന്തിനെന്നു പറയാതെ വെള്ളക്കടലാസില്‍ ഒപ്പിടുവിച്ചശേഷം ലഹരിക്കേസ് സാക്ഷിയാക്കി തുടങ്ങി വിവിധ ആരോപണങ്ങളാണ് വാങ്കഡെയ്‌ക്കെതിരെ ഉയര്‍ന്നത്.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 2ന് ആഡംബരക്കപ്പലിലെ റെയ്ഡിലാണ് ആര്യനെയുള്‍പ്പെടെ എന്‍സിബി അറസ്റ്റ് ചെയ്തത്. സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ലഹരിമരുന്ന് ഉപയോഗം, ഗൂഢാലോചന, രാജ്യാന്തര ഇടപാടുകള്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ച് ആര്യനെ അറസ്റ്റ് ചെയ്തത്. 26 ദിവസത്തോളം കസ്റ്റഡിയില്‍ കഴിഞ്ഞ ആര്യന് ഒക്ടോബര്‍ 28ന് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പിന്നാലെ ഒക്ടോബര്‍ 30ന് ആര്യന്‍ ഖാന്‍ മോചിതനായി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker