BREAKING NEWSLATESTNATIONAL

ആര്യന് ബിസ്‌ക്കറ്റ് വാങ്ങാന്‍ 4,500 രൂപ ജയിലിലേക്ക് മണിഓര്‍ഡര്‍ അയച്ച് കുടുംബം

മുംബൈ: ലഹരിമരുന്ന് കേസില്‍പ്പെട്ട് ജയിലില്‍ കഴിയുന്ന ആര്യന്‍ ഖാന് 4,500 രൂപ മണി ഓര്‍ഡര്‍ അയച്ചുകൊടുത്ത് കുടുംബം. ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന ആര്യന്‍ ഖാന് ജയില്‍ കന്റീനില്‍നിന്ന് ഭക്ഷണം വാങ്ങാനാണ് പണം അയച്ചുനല്‍കിയത്. ജയിലിലേയ്ക്ക് അയയ്ക്കാന്‍ സാധിക്കുന്ന ഏറ്റവും കൂടിയ തുകയാണിത്. കഴിഞ്ഞ ദിവസങ്ങളില്‍ ബിസ്‌ക്കറ്റ് മാത്രമാണ് ആര്യന്‍ കഴിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കുടുംബവുമായി വിഡിയോ കോളില്‍ അല്‍പ്പനേരം സംസാരിക്കാനും അവസരമൊരുക്കി. ജയില്‍പുള്ളികളെ ആഴ്ചയില്‍ രണ്ട് ദിവസം കുടുംബവുമായി സംസാരിക്കാന്‍ അനുവദിക്കണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവുണ്ട്. എന്നാല്‍, എന്നാണ് പണം അയച്ചതെന്നോ കുടുംബവുമായി സംസാരിച്ചതെന്നോ വെളിപ്പെടുത്താന്‍ ജയില്‍ അധികൃതര്‍ തയാറായില്ല. ആര്യന്‍ ഖാന് ജയിലിലെ ഭക്ഷണം മാത്രമേ അനുവദിക്കൂവെന്നും വീട്ടില്‍നിന്നോ പുറത്തുനിന്നോ ഉള്ള ഭക്ഷണം അനുവദിക്കില്ലെന്നും ജയില്‍ സൂപ്രണ്ട് പറഞ്ഞു.
വ്യാഴാഴ്ച നാലാം തവണയും ജാമ്യം നിഷേധിച്ചതോടെ ആര്യന്‍ ഖാനെ വീണ്ടും ജയിലിലേയ്ക്ക് അയയ്ക്കുകയായിരുന്നു. കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയതിനാല്‍ സാധാരണ തടവുകാരെ പാര്‍പ്പിക്കുന്ന സെല്ലിലേക്ക് മാറ്റി. ആര്യന്‍ ഖാന്‍ രാജ്യാന്തര ലഹരിമരുന്നു മാഫിയയുടെ കണ്ണിയാണെന്ന് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) പ്രത്യേക കോടതിയില്‍ ആരോപിച്ചിരുന്നു. ഈ മാസം മൂന്നിനാണ് ആഡംബരക്കപ്പലിലെ ലഹരി വിരുന്നു കേസില്‍ നടന്‍ ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker