തൃശ്ശൂര്‍: കൊച്ചിയില്‍ യുവതിയെ ഫ്ളാറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിനെ ചിലര്‍ ചേര്‍ന്ന് കേസില്‍ കുടുക്കിയതാണെന്ന് പിതാവ് ജോസഫ്. മകന് ആര്‍ഭാട ജീവിതം നയിച്ചിരുന്നില്ലെന്നും ചിലര്‍ അവനെ കുടുക്കിയതാണെന്നും ജോസഫ് പറയുന്നു.
മുണ്ടൂര്‍ സ്വദേശിയായ അച്ചു എന്നയാളാണ് ഇതില്‍ പ്രധാനി. അച്ചുവാണ് മാര്‍ട്ടിനെ കുടുക്കിയത്. വിവിധ ട്രേഡിങ്ങിനായി 20 ലക്ഷത്തിലേറെ രൂപയാണ് മാര്ട്ടിന് ഇയാള്‍ക്ക് നല്‍കിയിട്ടുള്ളത്. ലക്ഷങ്ങളുടെ കടമാണ് മാര്‍ട്ടിനുള്ളത്. രതീഷ് എന്നയാളുമായും പണമിടപാട് ഉണ്ടായിരുന്നു. എന്നാല്‍ ഇയാള്‍ക്ക് എത്ര രൂപ നല്‍കിയിട്ടുണ്ടെന്ന് അറിയില്ല. മാര്ട്ടിന് തെറ്റ് ചെയ്തിട്ടുണ്ടെന്ന് ഇതുവരെ വിശ്വസിക്കുന്നില്ലെന്നും ജോസഫ് പറഞ്ഞു.
കൊച്ചിയില്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാര്ട്ടിന് ജോസഫ് പുലിക്കോട്ടിലിനെ കഴിഞ്ഞ ദിവസമാണ് പോലീസ് സംഘം സാഹസികമായി പിടികൂടിയത്. തൃശ്ശൂര്‍ മുണ്ടൂരിലെ ചതുപ്പില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. ഇതിനിടെ, മാര്‍ട്ടിനെതിരേ കൂടുതല്‍ യുവതികള്‍ പരാതിയുമായി രംഗത്തു വന്നിട്ടുണ്ട്.