NEWSBREAKINGKERALA

ആലപ്പുഴയിലെ നവജാതശിശുവിന്റെ മൃതദേഹത്തിന് 5 ദിവസം പഴക്കം; പോസ്റ്റ്മോർട്ടം പൂർത്തിയായി; ദുരൂഹതകൾ ബാക്കി

ആലപ്പുഴ: ആലപ്പുഴയിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ നവജാതശിശുവിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം അമ്മയുടെ ബന്ധുക്കൾ ഏറ്റുവാങ്ങി. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ട്. ശിശുവിന്റെ മരണ കാരണത്തെക്കുറിച്ച് കൃത്യമായ നി​ഗമനങ്ങളിലെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ശാസ്ത്രീയ പരിശോധനാഫലം പുറത്തുവന്നതിന് ശേഷം മാത്രമേ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ എന്നും പൊലീസ് വിശദമാക്കി. തെളിവുകൾ എല്ലാം ശേഖരിച്ചെന്നും ഒന്നും പറയാറായിട്ടില്ലെന്നും പൂച്ചാക്കൽ സിഐ എൻആർ ജോസ് മാധ്യമങ്ങളോട് പറഞ്ഞു. സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്‌ക്കുമെന്നും പൊലിസ് അറിയിച്ചു. മൃതദേഹം ആലപ്പുഴയിൽ പൊതുശ്മശാനത്തിൽ സംസ്കരിക്കും. അമ്മയുടെ ബന്ധുക്കൾക്ക് പോലും ഇവർ ​ഗർഭിണിയാണെന്ന വിവരം അറിയാമായിരുന്നില്ല. ഇന്നലെയാണ് നവജാതശിശുവിന്റെ മൃതദേഹം തകഴിയിലെ കുന്നുമ്മ പാടശേഖരത്തിൽ നിന്ന് കണ്ടെത്തിയത്. കുഞ്ഞിനെ പ്രസവിച്ച യുവതി കൊച്ചിയിലെ സ്വകാര്യ ആശുപ്തരിയിൽ പൊലീസ് നിരീക്ഷണത്തിലാണ്. കേസിൽ പ്രതിയായ ഇവരുടെ ആൺസുഹൃത്തിനെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. നിലവിൽ കുഞ്ഞിനെ സംരക്ഷിക്കുന്നതിന് വീഴ്ച വരുത്തിയതിന് ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരവും മൃതദേഹം രഹസ്യമായി മറവു ചെയ്തതിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇത് കൊലപാതകകമാണോ എന്നതിൽ ശാസ്ത്രീയ പരിശോധനാ ഫലം പുറത്തുവരണമെന്നാണ് പൊലീസിന്‍റെ നിലപാട്.

Related Articles

Back to top button