ആലപ്പുഴ: ബ്രാഞ്ച് സമ്മേളനങ്ങള്‍ക്കിടെ നേതൃത്വത്തെ വലച്ച് സിപിഎമ്മില്‍ കൂട്ടരാജി. പ്രാദേശിക വിഷയങ്ങളിലെ പ്രശ്ങ്ങള്‍ മുതല്‍ ലോക് സഭാ തെരഞ്ഞെടുപ്പ് പരാജയത്തിലെ കാരണങ്ങള്‍ വരെ രാജിക്ക് കാരണമായുണ്ട്. കായംകുളം, അരൂക്കുറ്റി, ഹരിപ്പാട് എന്നിവിടങ്ങളിലായി രാജിക്കത്ത് നല്‍കിയവരുടെ എണ്ണം 105 ആയി.
ആലപ്പുഴ, കായംകുളം ഏരിയ കമ്മിറ്റിക്ക് കീഴില്‍ പുള്ളിക്കണക്ക് ലോക്കല്‍ കമ്മിറ്റി പരിധിയില്‍ ആലുംമ്മുട്, സൊസൈറ്റി ബ്രാഞ്ചുകളില്‍ നിന്നായി പത്ത് പേരാണ് ഇന്നലെ രാജിക്കത്ത് നല്‍കിയത്. പുള്ളിക്കണക്ക് ലോക്കല്‍ കമ്മിറ്റിയിലെ മാവേലി സ്റ്റോര്‍ ബ്രാഞ്ചിലെ നാലുപേരെ ബ്രാഞ്ച് സമ്മേളനത്തിന് തൊട്ട് മുന്‍പ് പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിച്ചാണ് കൂട്ട രാജി. ഗ്രാമ സഭ നടത്തിപ്പുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതയെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളായിരുന്നു തുടക്കം. തുടര്‍ന്നാണ് ലോക്കല്‍ കമ്മിറ്റി അംഗം വിപിന്‍ ദാസ്, ബ്രാഞ്ച് സെക്രട്ടറിമാരായ ഷാം, രാജേന്ദ്രന്‍, പാര്‍ട്ടി അംഗം മോഹനന്‍ പിള്ള എന്നിവര്‍ക്കെതിരെ നേരത്തെ നടപടി എടുത്തത്.
പ്രാദേശിക വിഭാഗീയതയെ തുടര്‍ന്ന് സ്വീകരിച്ച നടപടി തെരഞ്ഞെടുപ്പ് സമയത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സജി ചെറിയാന്‍ ഇടപെട്ട് ഒഴിവാക്കിയിരുന്നു. എന്നാല്‍ സമ്മേളനം പ്രഖ്യാപിച്ചതോടെ വീണ്ടും ഇവരെ പുറത്താക്കിയതാണ് പ്രതിഷേധ രാജികള്‍ക്ക് ഇടയാക്കിയത്. ഇതോടെ പുള്ളിക്കണക്ക് ലോക്കല്‍ കമ്മിറ്റിയ്ക്ക് കീഴില്‍ രാജി വെച്ച പാര്‍ട്ടി അംഗങ്ങളുടെ എണ്ണം 22ആയി. ഹരിപ്പാട് കുമാരപുരത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെയാണ് കഴിഞ്ഞ ദിവസം രാജിക്കത്ത് നല്‍കിയത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു വിഭാഗം ബിജെപിയ്ക്ക് വളരാന്‍ വഴിയൊരുക്കിയെന്ന് രാജിക്കത്ത് നല്‍കിയവര്‍ ആരോപിക്കുന്നു. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് അനുനയ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. അമ്പലപ്പുഴയില്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെയാണ് രാജി നല്‍കിയത്.
വിഭാഗീയതയുടെ ഭാഗമായി പഞ്ചായത്ത് ഭരണം തന്നെ നഷ്ടമായ കുട്ടനാട്ടില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങി. കരുതലോടെയാണ് ഔദ്യോഗിക പക്ഷം നീങ്ങുന്നന്ത്. ജില്ലയിലാകെ വിഭാഗീയത രൂക്ഷമായതിനാല്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ സമവായത്തിലൂടെ പൂര്‍ത്തിയാക്കുക പാര്‍ട്ടി ജില്ലാ നേതാക്കള്‍ക്ക് വെല്ലുവിളിയാണ്.
68 1 minute read