BREAKINGINTERNATIONAL

ആളുകളേക്കാള്‍ കൂടുതല്‍ പാവകള്‍, അതിവിചിത്രമെന്ന് തോന്നും ഒരു പാവഗ്രാമം

ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള വിചിത്രമെന്ന് തോന്നുന്നതും രസകരമായതുമായ അനേകം കാര്യങ്ങള്‍ നാം കേട്ടിട്ടുണ്ടാകും. അതിലൊന്നാണ് ഇതും. ജപ്പാനിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള കഥയാണിത്. അവിടെ നിറയെ മനുഷ്യനെപ്പോലെ തോന്നിക്കുന്ന പാവകളുണ്ട്. അതിനേക്കാളൊക്കെ കൗതുകം ഈ പാവകളെല്ലാം തന്നെ ഒരാളാണ് ഉണ്ടാക്കിയത് എന്നതാണ്.
അതേ, ജപ്പാനിലെ ഷിക്കോകു ദ്വീപിന്റെ കിഴക്കേ അറ്റത്താണ് നഗോറോ എന്നറിയപ്പെടുന്ന ഗ്രാമം. ലോകമെമ്പാടുമുള്ള മറ്റനേകം ചെറുപട്ടണങ്ങളെപ്പോലെ തന്നെ ഓരോ വര്‍ഷവും നഗോറോയില്‍ ജനസംഖ്യ കുറഞ്ഞു വന്നു. പ്രധാനമായും രണ്ട് കാരണങ്ങളാണ് അതിലുണ്ടായിരുന്നത്. ഒന്ന് പ്രായമായി ആളുകള്‍ മരിച്ചുപോകുന്നു എന്നത് തന്നെ. മറ്റൊന്ന് ആ നാടുവിട്ട് ആളുകള്‍ കൂടുതല്‍ മെച്ചപ്പെട്ട ഇടങ്ങള്‍ തേടിപ്പോകുന്നു എന്നതും. അങ്ങനെ, ആളുകള്‍ കുറഞ്ഞതോടെ നാട് ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലായി. ഈ അവസ്ഥയെ മറികടക്കാനാണ് സുകിമി അയാനോ എന്ന പ്രായമായ ഒരു സ്ത്രീ നൂറുകണക്കിന് പാവകളെ സൃഷ്ടിച്ചതത്രെ. അങ്ങനെയാണ് ഈ ഗ്രാമത്തിന് പാവകളുടെ ഗ്രാമം എന്ന് പേര് വരുന്നതും.
സുകിമി ആദ്യമായി ഉണ്ടാക്കിയത് വയലിനെ സംരക്ഷിക്കാന്‍ വേണ്ടി ഒരു ഭീമന്‍ പാവയെയാണ്. തന്റെ അച്ഛന്റെ രൂപത്തോട് സാദൃശ്യമുളളതായിരുന്നു ആ പാവ. ആ പാവ അയല്‍ക്കാരുടെ ശ്രദ്ധയാകര്‍ഷിച്ചു. അങ്ങനെ അവരുടെ ആവശ്യപ്രകാരം കൂടി അവള്‍ പാവകളെ ഉണ്ടാക്കി. വെറും പാവകളല്ല, അവിടെ നിന്നും നാട് വിട്ട് പോയവരും മരിച്ചുപോയതുമായ ആളുകളുടെ പേരും രൂപവുമുള്ള പാവകള്‍ അതിലുണ്ട്.
വൈക്കോല്‍, പത്രം, പഴയ വസ്ത്രങ്ങള്‍ എന്നിവയെല്ലാം ഉപയോഗിച്ചു കൊണ്ടാണ് ഈ പാവകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. എല്ലായിടത്തും നിങ്ങള്‍ക്ക് ഈ പാവകളെ കാണാം എന്നതാണ് ഈ ഗ്രാമത്തിന്റെ പ്രത്യേകത. സ്‌കൂളില്‍, ബസില്‍, ജോലി സ്ഥലങ്ങളില്‍, ബസ് സ്റ്റോപ്പുകളില്‍ ഒക്കെയും ഇത്തരത്തിലുള്ള പാവകളെ കാണാനാവും. പെട്ടെന്ന് കാണുമ്പോള്‍ ശരിക്കും മനുഷ്യനാണ് എന്ന് തെറ്റിദ്ധരിക്കാനും സാധ്യത ഏറെയുണ്ട്.
നഗോറോയില്‍ രണ്ട് ഡസനോളം നിവാസികളേ താമസിക്കുന്നുള്ളൂവെങ്കിലും 300 -ലധികം പാവകള്‍ ഇവിടെയുണ്ട്. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെയും ഈ പാവ ഗ്രാമം ആകര്‍ഷിക്കുന്നു.

Related Articles

Back to top button