BREAKINGINTERNATIONALNATIONAL

‘ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പുറത്തുനിന്ന് പിന്തുണ’; സമ്മര്‍ദം തുടര്‍ന്ന് ഷിന്ദേ, തള്ളാനാവാതെ ബിജെപി

മുംബൈ: മഹാരാഷ്ട്രയില്‍ അജിത് പവാറിന്റെ എന്‍.സി.പി.യെ കൂട്ടി സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയുമെങ്കിലും ഏക്നാഥ് ഷിന്ദേയെ ഒഴിവാക്കാനാവാതെ ബി.ജെ.പി. മന്ത്രിസഭയില്‍ അധികാരസംതുലനത്തിന് ഷിന്ദേതന്നെ വേണമെന്ന് പാര്‍ട്ടി കരുതുന്നു. ഈ രാഷ്ട്രീയ സാഹചര്യത്തിലാണ് ഷിന്ദേ സമ്മര്‍ദം തുടരുന്നതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പുറത്തുനിന്ന് പിന്തുണയ്ക്കാമെന്ന് ഷിന്ദേ ബി.ജെ.പി.യോട് വ്യക്തമാക്കിയതായാണ് അറിയുന്നത്. രണ്ടരവര്‍ഷം മുഖ്യമന്ത്രിസ്ഥാനം എന്ന ആവശ്യം ബി.ജെ.പി. കേന്ദ്രനേതൃത്വം തള്ളിയതോടെ ഷിന്ദേ നിരാശനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അഭിപ്രായസര്‍വേകളില്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് കൂടുതല്‍പേര്‍ പിന്തുണച്ചത് ഷിന്ദേയെയായിരുന്നുവെന്ന് ശിവസേനാനേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഡല്‍ഹിയില്‍ വിളിച്ച യോഗത്തില്‍ ഷിന്ദേക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കാമെന്ന് പറഞ്ഞുവെങ്കിലും അദ്ദേഹം സ്വീകരിക്കാന്‍ തയ്യാറായില്ല. ഇപ്പോള്‍ അദ്ദേഹത്തിന്റെ ചെറുത്തുനില്‍പ്പ് ബി.ജെ.പി.ക്ക് രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഷിന്ദേയുടെ പ്രാധാന്യം മനസ്സിലാക്കിയ ബി.ജെ.പി. അദ്ദേഹത്തെ മാറ്റിനിര്‍ത്താന്‍ തയ്യാറല്ല.
പ്രധാനവകുപ്പുകള്‍ക്കായിട്ടാണ് ഇപ്പോള്‍ ഷിന്ദേയുടെ വിലപേശല്‍. ഷിന്ദേയെ അനുനയിപ്പിക്കുക ബി.ജെ.പി.യെ സംബന്ധിച്ചിടത്തോളം പ്രധാന കടമ്പയാണ്. കഴിഞ്ഞ രണ്ടരവര്‍ഷംകൊണ്ട് ഷിന്ദേ ശക്തനായ മറാഠാനേതാവായി ഉയര്‍ന്നുവരുകയായിരുന്നു. മറാഠാ സംവരണനേതാവ് ജരാങ്കെപാട്ടീലുമായി ഷിന്ദേയുടെ ബന്ധം ശക്തമാണ്. ദേവേന്ദ്ര ഫഡ്നവിസ് മുഖ്യമന്ത്രിയാകുന്നതോടെ ജരാങ്കെപാട്ടീല്‍ വീണ്ടും സംവരണ പ്രശ്‌നവുമായി മുന്നോട്ടുവന്നേക്കാമെന്നും ബി.ജെ.പി. നേതൃത്വം വിലയിരുത്തുന്നു.
അത്തരമൊരു സാഹചര്യത്തില്‍ ഷിന്ദേ മന്ത്രിസഭയിലുണ്ടായിരിക്കണമെന്നാണ് ബി.ജെ.പി. നേതൃത്വത്തിന്റെ ആഗ്രഹം. ഷിന്ദേ ഇല്ലങ്കില്‍ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയെന്നനിലയില്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്ന സാഹചര്യവും ബി.ജെ.പി. മുന്നില്‍ക്കാണുന്നു. ഷിന്ദേക്ക് പകരം മകന്‍ ശ്രീകാന്ത് ഷിന്ദേ ഉപമുഖ്യമന്ത്രിയാകുന്നതിനോട് പാര്‍ട്ടിക്ക് താത്പര്യമില്ലെന്നും ബി.ജെ.പി. നേതാക്കള്‍ വ്യക്തമാക്കുന്നു.
288 അംഗ സഭയില്‍ 145 സീറ്റാണ് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ വേണ്ടത്. മഹായുതിയില്‍ 132 സീറ്റ് ബി.ജെ.പി.യും 57 സീറ്റ് ശിവസേനയും 41 സീറ്റ് എന്‍.സി.പി.യും നേടിയിട്ടുണ്ട്.

Related Articles

Back to top button