ന്യൂഡല്‍ഹി: തന്നെ ഒരാള്‍ പുണര്‍ന്നതിനെ സുരക്ഷ വീഴ്ചയായി കരുതേണ്ടെന്ന് രാഹുല്‍ ഗാന്ധി. അദ്ദേഹത്തിന് ആവേശം കൂടിപ്പോയതാണ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ പരിശോധിച്ചിരുന്നെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കിടെ ഒരാള്‍ രാഹുല്‍ ഗാന്ധിയെ ഓടി വന്ന് കെട്ടിപ്പിടിച്ചിരുന്നു. ഇതോടെ സുരക്ഷാ വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ പ്രവേശിക്കാനിരിക്കെ മുന്നറിയിപ്പുമായി കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍. കശ്മീരിലെ ചില ഭാഗങ്ങളില്‍ കാല്‍നടയാത്ര ഉചിതമല്ലെന്നും കാറില്‍ സഞ്ചരിക്കണമെന്നും കേന്ദ്ര ഏജന്‍സികള്‍ നിര്‍ദേശിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശ്രീനഗറില്‍ എത്തുമ്പോള്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ആള്‍ക്കൂട്ടം ഉണ്ടാകരുതെന്നും സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. ഭാരത് ജോഡോ യാത്ര കടന്നു പോകുന്ന പ്രദേശങ്ങളില്‍ ഏജന്‍സികളുടെ സുരക്ഷാ പരിശോധന തുടരുകയാണ്.
നിലവില്‍ പഞ്ചാബിലൂടെയാണ് ഭാരത് ജോഡോ യാത്ര കടന്നുപോകുന്നത്. വ്യാഴാഴ്ച യാത്ര ജമ്മു കശ്മീരില്‍ പ്രവേശിക്കുമെന്ന് കരുതുന്നു. ബുധനാഴ്ച ഹിമാചല്‍ പ്രദേശില്‍ പ്രവേശിക്കും. വ്യാഴാഴ്ച കശ്മീരിലെ കാഠ്‌വയില്‍ പ്രവേശിക്കും. ജനുവരി 25ന് ബനിഹാലില്‍ ദേശീയപതാക ഉയര്‍ത്തും. 27ന് അനന്ത്‌നാഗ് വഴി ശ്രീനഗറില്‍ പ്രവേശിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജനുവരി 30ന് വിപുലമായ പരിപാടികളോടെ ശ്രീനഗറില്‍ സമാപിക്കും.