നിരാഹാരം അവസാനിപ്പിച്ച് പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റ് നവജ്യോത് സിംഗ് സിദ്ദു. ആശിഷ് മിശ്ര അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായ സാഹചര്യത്തിലാണ് തീരുമാനം. കേസിൽ ആരോപണവിധേയനായ മന്ത്രി പുത്രൻ ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരായി. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ക്രൈംബ്രാഞ്ച് ഓഫിസിന് പിൻ വാതിലിലൂടെയാണ് ആശിഷ് മിശ്ര എത്തിയത്. സുരക്ഷ ഒരുക്കി പൊലീസും കൂടെയുണ്ടായിരുന്നു.
അതേസമയം,ലഖിംപൂരിൽ കർഷകർക്ക് മേൽ വാഹനം ഇടിച്ചു കയറ്റിയ മറ്റൊരു വാഹനത്തിലെ ഡ്രൈവറെ കൂടി അറസ്റ്റ് ചെയ്തു. അപകട സമയം കാർ ഓടിച്ചിരുന്ന അങ്കിത് ദാസിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും.
പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റ് നവജ്യോത് സിംഗ് സിദ്ദു ഇന്നലെയാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. ലഖിംപൂർ ഖേരി കേസിലെ പ്രധാന പ്രതി ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യും വരെ ഉപവാസം തുടരുമെന്ന് അദ്ദേഹം അറിയിച്ചു. അന്തരിച്ച പ്രാദേശിക മാധ്യമപ്രവർത്തകൻ രാമൻ കശ്യപിന്റെ വസതിയിലാണ് സിദ്ദുവിന്റെ നിരാഹാര സമരം. അന്തരിച്ച പ്രാദേശിക മാധ്യമപ്രവർത്തകൻ രാമൻ കശ്യപിന്റെ വസതിയിലാണ് സിദ്ദുവിന്റെ നിരാഹാര സമരം. കശ്യപിന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് വീടിന് പുറത്ത് ഉപവാസം ആരംഭിച്ചത്.