മനുഷ്യരോട്, പ്രത്യേകിച്ചും തന്റെ ഉടമകളോട് നായ്ക്കള്‍ക്കുള്ള സ്‌നേഹം വിശ്വപ്രസിദ്ധമാണ്. അടുത്തിടെ അത്തരമൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ അത് കാഴ്ചക്കാരുടെ ഹൃദയം കവര്‍ന്നു. തന്റെ ഉടമയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നത് കണ്ട നായയും ആംബുലന്‍സിന് പിന്നാലെ ഓടി. നായ ആംബുലന്‍സിന് പിന്നാലെ ഓടുന്നത് ശ്രദ്ധയില്‍പ്പെട്ട ആംബുലന്‍സ് ഡ്രൈവര്‍ വാഹനം ഒരു നിമിഷത്തേക്ക് നിര്‍ത്തുകയും പിന്നാലെ ഓടിവന്ന് ആംബുലന്‍സിന്റെ പുറകിലെ വാതില്‍ തുറന്ന് നായയെ വാഹനത്തില്‍ ഉടമയ്‌ക്കൊപ്പം കയറാന്‍ അനുവദിക്കുകയും ചെയ്തു.
വീഡിയോ പങ്കുവച്ച് കൊണ്ട് താരാ ബൂള്‍ ഇങ്ങനെ എഴുതി, ‘ഉടമസ്ഥനുണ്ടായിരുന്ന ആംബുലന്‍സിന് പിന്നാലെ ഒരു നായ ഓടുകയായിരുന്നു. എമര്‍ജന്‍സി സര്‍വീസിന് ഇത് മനസ്സിലാക്കിയപ്പോള്‍ നായയെ അകത്തേക്ക് കടത്തിവിട്ടു.’ മണിക്കൂറുകള്‍ക്കുള്ളില്‍ വീഡിയോ കണ്ടത് 87 ലക്ഷം പേര്‍. നിരവധി പേര്‍ യജമാന സ്‌നേഹം കാണിച്ച നായയെയും നായുടെ സ്‌നേഹം മനസിലാക്കി അതിനെയും വാഹനത്തില്‍ കയറ്റിയ ഡ്രൈവറെയും അഭിനന്ദിക്കാനെത്തി.
കൊളംബിയയിലെ തുഞ്ചയിലാണ് സംഭവം നടന്നതെന്ന് ഡാഗന്‍സ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ടോണോ എന്ന് പേരുള്ള നായയുടെ ഉടമ അലജാന്‍ഡ്രോ രോഗബാധിതനായപ്പോള്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ എത്തിയതായിരുന്നു ആംബുലന്‍സ്. പക്ഷേ. ഉടമയെ തനിച്ച് ആശുപത്രിയിലേക്ക് വിടാന്‍ നായയ്ക്ക് മനസു വന്നില്ല. അവനും പിന്നാലെ ഓടി. വില്ല ഡി ലെയ്വയില്‍ നിന്ന് ഏകദേശം 40 കിലോമീറ്റര്‍ ദൂരമുള്ള തുഞ്ചയിലുള്ള ആശുപത്രിയിലേക്കാണ് അലജാന്‍ഡ്രോയെ കൊണ്ട് പോയത്. ഈ സമയം നായയും വാഹനത്തെ പിന്തുടരുകയായിരുന്നു.
പിന്നാലെ എത്തിയ ഒരു മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരനാണ് ഈ ദൃശ്യം കണ്ടതും മൊബൈലില്‍ പകര്‍ത്തിയതും. അദ്ദേഹം തന്നെയാണ് ആംബുലന്‍സ് ഡ്രൈവറെ നായ പിന്തുടരുന്നുണ്ടെന്ന് അറിയിച്ചത്. തുടര്‍ന്നാണ് ആംബുലന്‍സ് ഡ്രൈവര്‍ വാഹനം നിര്‍ത്തി നായയെ വാഹനത്തില്‍ കയറാന്‍ അനുവദിച്ചത്. ‘ഞങ്ങളെ നായ്ക്കള്‍ അര്‍ഹിക്കുന്നില്ല’. എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. ”ഡ്രൈവര്‍ക്കാണ് സല്യൂട്ട്,” മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. ”ഞാന്‍ ആരെയാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്ന് ഉറപ്പില്ല- നായയെയോ ഡ്രൈവറെയോ! രണ്ടും ഗംഭീരമാണ്! ‘ മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.
99 1 minute read