BREAKINGKERALA

ആശുപത്രിയില്‍ വെച്ച് അര്‍ദ്ധരാത്രി ഗര്‍ഭിണിയെ അസഭ്യം പറഞ്ഞു, ചോദ്യം ചെയ്ത ഭര്‍ത്താവ് കുത്തേറ്റ് ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം: ഗര്‍ഭിണിയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന്റെ പേരില്‍ ഭര്‍ത്താവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ നടന്ന സംഭവത്തില്‍ പത്തനംതിട്ട സ്വദേശി ലിജു ആണ് വര്‍ക്കല പൊലീസിന്റെ പിടിയിലായത്. നഗരൂര്‍ സ്വദേശി അക്ബര്‍ ഷായാണ് ആയാളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്നത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഗര്‍ഭിണിയായ ഭാര്യയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭാര്യയെയും കൊണ്ടാണ് അക്ബര്‍ ഷാ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിയത്. യുവതിയെ അവിടെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രാത്രി പന്ത്രണ്ടരയോടെ കയ്യില്‍ മുറിവേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിയ ലിജു ആശുപത്രി ജീവനക്കാരുമായി വഴക്കിട്ടു. ഇതിനിടെ അക്ബര്‍ ഷായുടെ ഭാര്യയേയും ചീത്ത വിളിച്ചു. അക്ബര്‍ ഷാ ഇത് ചോദ്യം ചെയ്യുകയായിരുന്നു.
അപ്പോള്‍ പുറത്തേക്ക് പോയ ലിജു പിന്നീട് കയ്യില്‍ കത്രിക പോലെയുള്ള ആയുധവുമായി തിരികെയെത്തി അക്ബര്‍ഷായുടെ നെഞ്ചിലും കയ്യിലും കുത്തുകയായിരുന്നു. ആക്രമണത്തില്‍ അക്ബര്‍ ഷായുടെ ശ്വാസകോശത്തിന് മുറിവേറ്റു. ഗുരുതരാവസ്ഥയിലായ അക്ബര്‍ഷാ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തിനുശേഷം കടന്നുകളയാന്‍ ശ്രമിച്ച പ്രതിയെ ആശുപത്രി ജീവനക്കാരും നാട്ടുകാരും കൂടി തടഞ്ഞു നിര്‍ത്തി പൊലീസിന് കൈമാറുകയായിരുന്നു. വര്‍ക്കലക്ഷേത്രം റോഡിലെ ഒരു ഹോട്ടലിലെ ജീവനക്കാരനാണ് പ്രതി. ചങ്ങനാശ്ശേരി പോലീസിലും ഇയാള്‍ക്കെതിരെ കേസുണ്ട്.

Related Articles

Back to top button