BREAKING NEWSKERALA

‘ഇങ്ങനെയാണ് സംസാരിക്കുന്നതെങ്കില്‍ അവര്‍ രാജ്യദ്രോഹികളാണ്’; കെ.ടി. ജലീലിനെതിരെ പ്രഹ്ലാദ് ജോഷി

ന്യൂഡല്‍ഹി: കെ.ടി. ജലീല്‍ എം.എല്‍.എയുടെ വിവാദ കശ്മീര്‍ പരാമര്‍ശത്തിനെതിരെ കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി. രാജ്യതാത്പര്യത്തിനെതിരായാണ് കെ.ടി. ജലീല്‍ സംസാരിക്കുന്നതെന്നും ഇങ്ങനെയാണ് സംസാരിക്കുന്നതെങ്കില്‍ അവര്‍ രാജ്യദ്രോഹികളാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. കേരള സര്‍ക്കാര്‍ ഇതില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘കോണ്‍ഗ്രസിലോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലോ ആണ് ഇത്തരക്കാര്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യതാത്പര്യങ്ങള്‍ക്കെതിരായാണ് അവര്‍ സംസാരിക്കുന്നത്. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ്. പാകിസ്താന്റെ കൈവശമുള്ള കശ്മീരിനെ പാക് അധീന കശ്മീര്‍ എന്നാണ് നാം വിശേഷിപ്പിക്കാറ്. അതിന് പകരം ഇങ്ങനെയൊക്കെയാണ് വിശേഷിപ്പിക്കുന്നതെങ്കില്‍ അവര്‍ രാജ്യദ്രോഹികളാണ്. ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണം.’ കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു.
പാക് അധീന കശ്മീരിനെ ‘ആസാദ് കശ്മീര്‍’ എന്ന് വിശേഷിപ്പിക്കുന്ന കെ.ടി. ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. ജമ്മുവും കശ്മീര്‍ താഴ്‌വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന ജമ്മുകശ്മീര്‍ എന്നും പരാമര്‍ശമുണ്ട്. പരാമര്‍ശങ്ങള്‍ രാജ്യദ്രോഹമാണെന്നും എം. എല്‍.എ.സ്ഥാനം രാജിവെക്കണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു. ജലീല്‍ എഴുതിയത് കണ്ടിട്ടില്ലെന്നും വായിച്ചുനോക്കി നിലപാട് പറയാമെന്നുമായിരുന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.
പഞ്ചാബിലെ മലയാളി സംഘടനകളുടെ യോഗത്തില്‍ പങ്കെടുക്കാനായി അമൃത്‌സറില്‍ പോയപ്പോള്‍ നടത്തിയ കശ്മീര്‍ യാത്രയെപ്പറ്റിയുള്ള വിവരണമാണ് വിവാദമായത്. കശ്മീരിന്റെ പ്രകൃതിഭംഗിയും ചരിത്രവും രാഷ്ട്രീയവുമൊക്കെയാണ് കുറിപ്പില്‍ പറയുന്നത്. സൈന്യത്തിന്റെ ഇടപെടലിനെപ്പറ്റിയും കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിനെപ്പറ്റിയുമൊക്കെ പരാമര്‍ശിച്ചിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker