BREAKING NEWSLATESTTOP STORY

ഇങ്ങനെയും ആളുകളുണ്ടോ? മനസ്സും ശരീരവും ശുദ്ധീകരിക്കുമത്രേ… ചാണകം തിന്ന് ഹരിയാനയില്‍ നിന്നുള്ള ‘ഡോക്ടര്‍’

ചാണകത്തിന് ഔഷധഗുണമുണ്ടോ? നിരവധി പേരാണ് ചാണകത്തിന് നിരവധി ഔഷധഗുണമുണ്ട് എന്ന വാദവുമായി അടുത്ത കാലത്ത് മുന്നോട്ട് വന്നത്. ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയ കണ്ണിയാണ് ഡോ മനോജ് മിത്തല്‍ സ്വയം പരിചയപ്പെടുത്തുന്ന വ്യക്തി. സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഇദ്ദേഹത്തിന്റെ വീഡിയോ ചെയ്തതെന്തെന്നോ? ചാണകം തിന്നുന്നു.
മിത്തല്‍ ഒരു ഗോശാല പോലെ തോന്നിക്കുന്ന ഇടത്ത് നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. നിലത്തു നിന്ന് ചാണകം എടുത്ത് അതില്‍ നിന്നും ഒരു ചെറിയ ഭാഗം ഇദ്ദേഹം ഭക്ഷിക്കുന്നത് വിഡിയോയില്‍ കാണാം. ഇത് ചെയ്യുമ്പോള്‍ ചാണകം കഴിക്കുന്നതിന്റെയും, ഗോമൂത്രം കുടിക്കുന്നതിന്റെയും ഗുണങ്ങള്‍ എന്തൊക്കെ എന്നും മിത്തല്‍ വിശദീകരിക്കുന്നുണ്ട്. ചാണകം ഭക്ഷിക്കുന്നതും ഗോമൂത്രം കുടിക്കുന്നതും ഗുരുതരമായ നിരവധി രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുമെന്നാണ് മിത്തലിന്റെ വാദം. സാധാരണ പ്രസവത്തിന് സ്ത്രീകള്‍ ചാണകം കഴിച്ചാല്‍ മതിയെന്നും എങ്കില്‍ പിന്നെ ഒരിക്കലും സിസേറിയന്‍ പ്രസവം വേണ്ടി വരില്ല എന്നും മിത്തല്‍ വിഡിയോയില്‍ പറയുന്നുണ്ട്.
പശുവില്‍ നിന്ന് ലഭിക്കുന്ന പഞ്ചഗവ്യയുടെ ഓരോ ഭാഗവും മനുഷ്യരാശിക്ക് വളരെ വിലപ്പെട്ടതാണ് എന്നും മിത്തല്‍ വിഡിയോയില്‍ പറയുന്നുണ്ട്. ‘ നോക്കൂ, ചാണകം കഴിച്ചാല്‍ നമ്മുടെ ശരീരവും മനസ്സും ശുദ്ധമാകും. നമ്മുടെ ആത്മാവ് ശുദ്ധമാകും. അത് നമ്മുടെ ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍, അത് നമ്മുടെ ശരീരത്തെ ശുദ്ധീകരിക്കുന്നു’ മിത്തലിന്റെ വിശദീകരണം.
യാതൊരു ശാസ്ത്രീയ തെളിവുകളൊന്നുമില്ലാതെയാണ് ചാണകം ഭക്ഷിക്കുന്നതും ഗോമൂത്രം കുടിക്കുന്നതും ഗുണകരമാണ് എന്ന് മിത്തല്‍ വാദിക്കുന്നത്. ആരോഗ്യമേഖലയിലെ വിദഗ്ധര്‍ നിഷേധിച്ചിട്ടുണ്ടെങ്കിലും കൊറോണ വൈറസിനുള്ള ‘മരുന്ന്’ എന്ന നിലയില്‍ ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും ജനപ്രീതി അടുത്തിടെ വര്‍ദ്ധിച്ചിരുന്നു.
അതെ സമയം ചാണകം ഭക്ഷിക്കുന്നത് മൂലം മ്യൂക്കോര്‍മൈക്കോസിസ് അല്ലെങ്കില്‍ ബ്ലാക്ക് ഫംഗസ് എന്ന് വിളിക്കുന്ന ഫംഗസ് അണുബാധയുടെ സാധ്യതയെക്കുറിച്ച് വിദഗ്ധര്‍ പിന്നീട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ചാണകത്തിലും ഗോമൂത്രത്തിലും കുളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അഹമ്മദാബാദ് മെഡിക്കല്‍ അസോസിയേഷന്‍ അംഗവും ഡോക്ടറുമായ ഡോ.വസന്ത് പട്ടേല്‍ പറയുന്നു. ‘ഫേസ് മാസ്‌കുകള്‍, ഹാന്‍ഡ് സാനിറ്റൈസറുകള്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ മാത്രമാണ് കോവിഡ് 19 തടയാനുള്ള ഏക മാര്‍ഗം,’ പട്ടേല്‍ വിശദീകരിക്കുന്നു. ഇത്തരം അപകടകരമായ തട്ടിപ്പുകളില്‍ വീഴരുതെന്ന് ജനങ്ങളോട് പട്ടേല്‍ മുന്നറിയിപ്പും നല്‍കുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker