തിരുവനന്തപുരം: ബജറ്റില്‍ ഈടാക്കുമെന്നറിയിച്ച ഇന്ധനസെസ് രണ്ടുരൂപയില്‍ നിന്ന് കുറയ്ക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അത് ഇടത് എംഎല്‍എമാര്‍ പറഞ്ഞിട്ടാണെന്ന് ധനമന്ത്രി പുറത്തുപറയണമെന്ന് കെ.ബി.ഗണേഷ് കുമാര്‍. അല്ലെങ്കില്‍ നിയമസഭയ്ക്കുള്ളില്‍ സത്യഗ്രഹമിരിക്കുന്ന യുഡിഎഫ് എംഎല്‍എമാര്‍ അതിന്റെ ക്രെഡിറ്റ് തട്ടിയെടുക്കുമെന്നും ഗണേഷ് ചൂണ്ടിക്കാട്ടി. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നികുതി ഏര്‍പ്പെടുത്തുന്നത് ജനങ്ങള്‍ക്കുള്ള ക്ഷേമത്തിന് വേണ്ടി തന്നെയാണ്. അതാരും വീട്ടില്‍ കൊണ്ടുപോകില്ല. എന്നാല്‍ എനിക്ക് ചില നിര്‍ദേശങ്ങള്‍ വെയ്ക്കാനുണ്ട്. വര്‍ധിപ്പിച്ച ഇന്ധന സെസ് രണ്ടുരൂപയില്‍ നിന്ന് ഒരു രൂപയായി കുറയ്ക്കുമെന്ന് കഴിഞ്ഞ രണ്ടു ദിവസമായി മാധ്യമങ്ങള്‍ പറയുന്നുണ്ട്. അങ്ങനെ വല്ലതും കുറയ്ക്കുകയാണെങ്കില്‍ ഞങ്ങള്‍ പറഞ്ഞിട്ടാണ് സര്‍ക്കാര്‍ കുറച്ചതെന്ന് പറയാന്‍ വേണ്ടിയാണ് യുഡിഎഫ് എംഎല്‍എമാര്‍ സത്യഗ്രഹം ഇരിക്കുന്നത്. അതിനേക്കാള്‍ ഒരു മുഴും മുമ്പേ എറിയുന്നവരാണ് ഇടത് എംഎല്‍എമാര്‍. അതുകൊണ്ട് മന്ത്രി ഈ നിര്‍ദേശം കേള്‍ക്കണം. സെസില്‍ എന്തെങ്കിലും കുറയ്ക്കുന്നുണ്ടെങ്കില്‍ ആ സമരം കൊണ്ടല്ല, ഇടത് എംഎല്‍എമാര്‍ പറഞ്ഞിട്ടാണ് കുറച്ചതെന്ന് പറയണം’, ഗണേഷ് കുമാര്‍ പറഞ്ഞു.
അടച്ചിട്ട വീടുകള്‍ക്ക് നികുതി പിരിക്കാനുള്ള തീരുമാനത്തില്‍ പ്രവാസികളെ ഒഴിവാക്കണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. വിദേശത്തുള്ള പ്രവാസികള്‍ വീട് അടച്ചിട്ടിരിക്കുന്നത് അവര്‍ക്ക് വേണ്ടാഞ്ഞിട്ടല്ലെന്നും നാട്ടില്‍ വരുമ്പോള്‍ താമസിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ഇന്ധന സെസ് കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അനൗദ്യോഗികമായി സഭയില്‍ പറഞ്ഞു. ഇപ്പോള്‍ പറയേണ്ടെന്നും ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടിയായി പറഞ്ഞാല്‍ മതിയെന്നും ഗണേഷ് മറുപടി നല്‍കി. ഇന്ധന സെസ് കുറയ്ക്കാതിരിക്കാനുള്ള ചതിയാണോ പ്രതിപക്ഷ സമരമെന്ന കാര്യം സൂക്ഷിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.