ന്യൂഡല്‍ഹി: ഇടുക്കിയിലെ ഏലമലക്കാടുകളില്‍ പട്ടയം അനുവദിക്കുന്നത് സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ വിലക്കി. ഏലമലക്കാടുകള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി മാറ്റരുതെന്നും സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. എന്നാല്‍, നിലവില്‍ ഏലമലക്കാടുകളില്‍ പട്ടയമുള്ളവരെ കുടിയൊഴിപ്പിക്കാതെ തല്‍സ്ഥിതി തുടരണമെന്നും ഇടക്കാല ഉത്തരവിലൂടെ ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ വനം- പരിസ്ഥിതി ബെഞ്ച് നിര്‍ദേശിച്ചു.
ഇടുക്കി ജില്ലയിലെ ഏലമലക്കാടുകളെ വനഭൂമിയായി കണക്കാക്കാനാകില്ലെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. ഇടുക്കിയിലെ മൂന്ന് താലൂക്കുകളിലായുള്ള ഏലമലക്കാടിന്റെ ആകെ വിസ്തീര്‍ണ്ണം 2,64,855 ഏക്കര്‍ ഭൂമിയാണെന്നും ചീഫ് സെക്രട്ടറി സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍, ഏലമലക്കാടുകളെ വനഭൂമിയായി കണക്കാക്കാനാകില്ലെന്ന സര്‍ക്കാര്‍ നിലപാടിനെ അമിക്കസ് ക്യുറി കെ പരമേശ്വര്‍ എതിര്‍ത്തു.
ഏലമലക്കാടുകള്‍ ഉള്‍പ്പെടുന്ന പ്രദേശം വനഭൂമിയായി വിജ്ഞാപനം ചെയ്തിട്ടുളള സര്‍ക്കാര്‍ ഉത്തരവുകള്‍ അമിക്കസ് ക്യുറി സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. മൂന്നാറിലെ മതികെട്ടാന്‍ ഷോല ദേശീയ ഉദ്യാനം ഉള്‍പ്പടെയാണ് ചീഫ് സെക്രട്ടറി ഇപ്പോള്‍ റവന്യു ഭൂമിയാണെന്ന് അവകാശപ്പെടുന്നതെന്നും അമിക്കസ് ക്യുറി വ്യക്തമാക്കി. പാവപ്പെട്ട ചെറുകിട കര്‍ഷകര്‍ക്ക് എതിരല്ലെന്നും എം.പിമാരും എം.എല്‍.എമാരുമായി അടുപ്പമുള്ളവര്‍ പട്ടയത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുകയാണെന്നും അമിക്കസ് ക്യുറി വ്യക്തമാക്കി. തുടര്‍ന്നാണ് പട്ടയ വിതരണം വിലക്കി സുപ്രീം കോടതി ഇടക്കാല ഉത്തരവ് ഇറക്കിയത്.
ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ പട്ടയമുള്ളവരെ ഏലമലക്കാടുകളില്‍നിന്ന് ഇറക്കാന്‍ ശ്രമമുണ്ടാകുമെന്ന് സീനിയര്‍ അഭിഭാഷകന്‍ വി ഗിരി സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍,, പട്ടയമുള്ളവരെ സര്‍ക്കാര്‍ സഹായിക്കുന്നുണ്ടെന്നും ആശങ്ക വേണ്ടെന്നും ജസ്റ്റിസ് ഗവായ് ചൂണ്ടിക്കാട്ടി.
ഏലമലക്കാടുകളെ വനഭൂമിയായി കണക്കാക്കാനാകില്ല- ചീഫ് സെക്രട്ടറി
ഇടുക്കി ജില്ലയിലെ ഏലമലക്കാടുകളെ വനഭൂമിയായി കണക്കാക്കാനാകില്ലെന്ന നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. ഇടുക്കിയിലെ മൂന്ന് താലൂക്കുകളിലായുള്ള ഏലമലക്കാടിന്റെ ആകെ വിസ്തീര്‍ണ്ണം 264855 ഏക്കര്‍ ഭൂമിയാണെന്നും ചീഫ് സെക്രട്ടറി സുപ്രീം കോടതിയെ അറിയിച്ചു.
ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് താലൂക്കുകളിലായി വ്യാപിച്ച് കിടക്കുന്ന ഏലമലക്കാടുകള്‍ ഉള്‍പ്പെടുന്ന ഭൂമിയുടെ നിയന്ത്രണം റവന്യു വകുപ്പിനാണെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. അതേസമയം, ഈ ഭൂമിയിലുള്ള മരങ്ങളുടെ സംരക്ഷണച്ചുമതല വനം വകുപ്പിനാണെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ഉടുമ്പന്‍ചോലയിലെ സംരക്ഷിത വനഭൂമിയെ ഏലമലക്കാടുകളില്‍നിന്ന് വേര്‍തിരിച്ചിട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഇടുക്കിയിലെ ഏലമലക്കാടുകള്‍ റവന്യു ഭൂമിയാണോ വനഭൂമിയാണോ എന്ന കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കെയാണ് ചീഫ് സെക്രട്ടറി സുപ്രീം കോടതിയില്‍ സുപ്രധാനമായ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന സംഘടന നല്‍കിയ ഹര്‍ജിലാണ് ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്. മൂന്ന് പതിറ്റാണ്ടായി നടക്കുന്ന കേസിലാണ് ചീഫ് സെക്രട്ടറി നിലപാട് സുപ്രീം കോടതിയെ അറിയിച്ചത്.
1970-ല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഇടുക്കിയില്‍ സര്‍വ്വേ നടത്തിയിരുന്നു. ഈ പരിശോധനയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഭൂപടപ്രകാരം 413 ചതുരശ്ര മൈല്‍ അഥവാ 2,64,885 ഏക്കര്‍ ഭൂമിയില്‍ ഏലം കൃഷി ഉണ്ടായിരുന്നു. അതിനാല്‍ ഏലമലക്കാടിന്റെ വിസ്തീര്‍ണ്ണം 2,64,885 ഏക്കറാണ്. അതേസമയം, എത്ര സ്ഥലത്ത് ഏലാം കൃഷി നടന്നു എന്നതിനെ സംബന്ധിച്ച രേഖകള്‍ സര്‍ക്കാരിന്റെ പക്കലില്ലെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍വ്വേ ഡിപ്പാര്‍ട്‌മെന്റ് ഇക്കാര്യം പരിശോധിക്കുന്നതിന് സര്‍വ്വേ നടത്തിയിട്ടില്ലെന്നാണ് ചീഫ് സെക്രട്ടറി സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്.
ഏലമലക്കാടുകളുടെ വിസ്തീര്‍ണ്ണം സംബന്ധിച്ച് വ്യത്യസ്തമായ കണക്കുകളാണ് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നത്. 15,720 ഏക്കര്‍ മാത്രമാണ് ഏലമലക്കാട് എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സമീപകാലത്ത് സുപ്രീം കോടതിയില്‍ സ്വീകരിച്ചിരുന്നത്. ഇതിന് ചീഫ് സെക്രട്ടറി നല്‍കുന്ന വിശദീകരണം ഇങ്ങനെ: 1897 ഓഗസ്റ്റ് 24-ലെ സര്‍ക്കാര്‍ വിജ്ഞാപനപ്രകാരം ഇടുക്കി ജില്ലയിലെ ഏലമലക്കാടുകളുടെ വിസ്തീര്‍ണ്ണം 15,720 ഏക്കറാണ്. തിരുവനന്തപുരത്തെ സെന്‍ട്രല്‍ ആര്‍ക്കൈവസില്‍ നിന്ന് ലഭിച്ച സര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ പകര്‍പ്പില്‍ 15,720 ഏക്കര്‍ ഭൂമിയാണ് ഏലമലക്കാടെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാലാണ് ആ കണക്ക് നേരത്തേ സുപ്രീം കോടതിയെ അറിയിച്ചതെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
സര്‍വ്വേ ജനറല്‍ ഓഫ് ഇന്ത്യയുടെ ഭൂപടത്തിന്റെ അടിസ്ഥാനത്തില്‍ 2007-ല്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന ഏലമലക്കാടിന്റെ വിസ്തീര്‍ണം 413 ചതുരശ്ര മൈല്‍ ആണ്. എന്നാല്‍. മറ്റ് ചില രേഖകളില്‍ വിസ്തീര്‍ണം 334 ഏക്കറാണെന്നും 336 ഏക്കറാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 1822-ലെയും 1897-ലെയും വിജ്ഞാപനങ്ങളില്‍ ഏലം കൃഷിയുള്ള സ്ഥലത്തിന്റെ വിസ്തീര്‍ണ്ണം രേഖപ്പെടുത്തിയിട്ടില്ല. ഭൂമിയുടെ അതിര്‍വരമ്പുകളുടെ വിശദാംശങ്ങള്‍ മാത്രമേ ഉള്ളു. തിരുവിതാംകൂര്‍ മാന്വലിലാണ് ആദ്യമായി ഏലമല കാടുകളുടെ വിസ്തീര്‍ണം 15,720 ഏക്കറെന്നു രേഖപ്പെടുത്തിയതെന്നും ചീഫ് സെക്രട്ടറി സുപ്രീം കോടതിയെ അറിയിച്ചു.
കേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവര്‍ ഹാജരായി. സീനിയര്‍ അഭിഭാഷകന്‍ രാകേന്ദ് ബസന്ത്, അഭിഭാഷകന്‍ എ. കാര്‍ത്തിക് എന്നിവരാണ് ഹര്‍ജിക്കാരായ വണ്‍ എര്‍ത്ത് വണ്‍ ലൈഫ് ന് വേണ്ടി ഹാജരായത്. ഏലം കര്‍ഷകരുടെ വിവിധ സംഘടനകള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ വി. ഗിരി, സീനിയര്‍ അഭിഭാഷക അനിത ഷേണായ്, അഭിഭാഷകരായ റോയ് എബ്രഹാം, സാജു ജേക്കബ് എന്നിവര്‍ ഹാജരായി.