ഇടുക്കി ഡാമിന്റെ ഷട്ടറില്‍ ദ്രാവകം ഒഴിച്ച സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി ഡാമില്‍ സുരക്ഷാ പരിശോധന നടത്തുന്നു. ഷട്ടറുകള്‍ തുറന്നാണ് അധികൃതര്‍ പരിശോധന നടത്തുന്നത്. നിലവില്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. ഡാം സേഫ്റ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന.ജൂലൈ 22 നാണ് ഡാമിന്റെ അതീവസുരക്ഷാമേഖലയില്‍ സുരക്ഷാ വീഴ്ച സംഭവിച്ചത്. പാലക്കാട് ഒറ്റപ്പാലം സ്വദേശി ഡാമില്‍ പ്രവേശിച്ച് ഹൈമസ്റ്റ് ലൈറ്റിന് ചുവട്ടില്‍ താഴിട്ടു പൂട്ടുകയും ഷട്ടര്‍ റോപില്‍ ദ്രാവകം ഒഴിച്ചതായും കണ്ടെത്തിയിരുന്നു. വിദേശത്തുള്ള ഒറ്റപ്പാലം സ്വദേശിക്കായി പൊലീസ് ഉടന്‍ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും.
പ്രതി വിദേശത്തേക്ക് കടന്നതിനെ തുടര്‍ന്നാണ് ലുക്ക് ഔട്ട് നോട്ടീസ് അടക്കം പുറത്തിറക്കിക്കൊണ്ടുള്ള പൊലീസ് നടപടി. നടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത ദിവസം തന്നെ ഇടുക്കി എസ് പി ലുക്ക് ഔട്ട് നോട്ടീസിറക്കും. ഒറ്റപ്പാലത്തു നിന്നും ഇയാളുടെ കുടുംബ പശ്ചാത്തലമുള്‍പ്പെടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്.